പാലങ്ങള്‍ കഥ പറയുമ്പോള്‍
ആദിമകാലം തൊട്ടേ മനുഷ്യന്‍ വൈവിധ്യമായ പാലങ്ങള്‍ നിര്‍മിച്ചിരുന്നു. കടപുഴകി തോടുകള്‍ക്കും ചെറു നദികള്‍ക്കും കുറുകേ വീണിരുന്ന മരങ്ങള്‍ തന്നെയായിരുന്നു പ്രകൃതിയിലെ ആദ്യത്തെ പാലങ്ങള്‍.
പാറക്കല്ലുകളും മരങ്ങളും ഉപയോഗപ്പെടുത്തിയായിരുന്നു പൗരാണിക മനുഷ്യന്‍ പാലം പണിതത്. ഒഴുക്കുള്ള നദികള്‍ക്കു കുറുകേ കയറുകള്‍ വലിച്ചുകെട്ടി തൂക്കു പാലങ്ങളും ഒഴുക്ക് കുറഞ്ഞവയില്‍ കമാനാകൃതിയില്‍ കല്ലുകള്‍ പാകി കല്‍പ്പാലങ്ങളും പിന്നീടു വന്നു. കോണ്‍ക്രീറ്റിന്റെ വരവോടെ പാലങ്ങളെ സംബന്ധിച്ച് അതുവരെയുണ്ടായ സങ്കല്‍പം മാറ്റി മറിക്കപ്പട്ടു.
കടല്‍പാലം
രണ്ടു തീരങ്ങളെ തമ്മില്‍ യോജിപ്പിക്കുന്ന രൂപത്തിലോ കടലിലേക്കു തള്ളി നില്‍ക്കുന്ന രൂപത്തിലോ നിര്‍മിക്കുന്ന പാലമാണിത്. ചരക്കുകപ്പലുകളില്‍നിന്നു സാധനങ്ങള്‍ കയറ്റിയിറക്കാന്‍ ഇതുവഴി സാധിക്കും.
തൂക്കുപാലം
താല്‍ക്കാലിക ആവശ്യങ്ങള്‍ക്കു വേണ്ടി നിര്‍മിച്ചെടുക്കുന്നവയാണ് തൂക്കുപാലങ്ങള്‍. ബി.സി 206 മുതല്‍ ചൈനയുടെ വിവിധ ഭാഗങ്ങളില്‍ തൂക്കു പാലങ്ങളുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലാണ് യൂറോപ്പില്‍ തൂക്കു പാലങ്ങള്‍ നിര്‍മിക്കുന്നത്. 1825 ല്‍ ജനീവയില്‍ നിര്‍മിച്ച സ്ഥിര തൂക്കുപാലം, പാലങ്ങളുടെ ചരിത്രത്തില്‍ ഇന്നും വിസ്മയമാണ്.
സ്റ്റീല്‍ പാലങ്ങള്‍
ലോകത്തിലെ ആദ്യത്തെ സ്റ്റീല്‍ പാലം ആസ്ട്രിയയിലെ വിയന്നയില്‍ ദണൂബി കനാലിന് കുറുകേ നിര്‍മിക്കപ്പെട്ട പാലമാണ്. സങ്കരയിനം സ്റ്റീലില്‍ നിര്‍മിച്ച ഈ പാലത്തിന് നൂറു മീറ്ററിലേറെ നീളമുണ്ടായിരുന്നു. പൂര്‍ണമായും സ്റ്റീലില്‍ നിര്‍മിക്കപ്പെട്ട പാലം 1874 ല്‍ അമേരിക്കയിലെ മിസ്സിസ്സിപ്പി നദിയുടെ കുറുകേ നിര്‍മിക്കപ്പെട്ട ഈഡ്‌സ് ആണ്.
ഫ്‌ളോട്ടിങ്് പാലം
വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലമാണ് ഫ്‌ളോട്ടിംഗ് പാലം. യുദ്ധങ്ങളുടെ ഭാഗമായി പട്ടാളക്കാര്‍ ഇത്തരം പാലങ്ങള്‍ നിര്‍മിക്കാറുണ്ട്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലും ഇത്തരങ്ങള്‍ പാലങ്ങള്‍ക്കു പ്രസക്തിയുണ്ട്. ഉള്ളുപൊള്ളയായ വസ്തുക്കളോ അനേകം വള്ളങ്ങളോ ഇതിനു വേണ്ടി ഉപയോഗിക്കുന്നു. ചൈനയില്‍ പ്രാചീന കാലത്തേ ഇത്തരം പാലങ്ങളുണ്ടായിരുന്നു. ലണ്ടന്‍ പാലം ഒരു കാലത്ത് ഫ്‌ളോട്ടിംഗ് പാലം ആയിരുന്നു. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ ദാരിയസ് ഒന്നാമന്‍ ബോസ് ഫൊറസ് നദി കടക്കാനായി കെട്ടിയുണ്ടാക്കിയ ഫ്‌ളോട്ടിംഗ് പാലത്തിന് ഒരു കിലോമീറ്ററിലേറെ നീളമുണ്ടായിരുന്നുവത്രെ.
പാലങ്ങളിലെ റോമന്‍ പെരുമ
പാല നിര്‍മാണ നൈപുണ്യത്തില്‍ പ്രസിദ്ധി നേടിയ ലോകത്തിലെ ആദ്യത്തെ ജനവിഭാഗമാണ് റോമന്‍ ജനത. സിമന്റിന്റെ കണ്ടുപിടിത്തത്തോടെ റോമക്കാര്‍ വ്യത്യസ്തമായ അനേകം പാലങ്ങള്‍ക്കു രൂപം നല്‍കി. അഗ്നിപര്‍വ സ്‌ഫോടനത്തെ തുടര്‍ന്ന് പുറത്തേക്കൊഴുകുന്ന ലാവയില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന ഘടകങ്ങളും പാറക്കല്ലും ചുണ്ണാമ്പും ചേര്‍ത്തായിരുന്നു അവര്‍ സിമന്റ് നിര്‍മാണം നടത്തിയിരുന്നത്. കോണ്‍ക്രീറ്റിന്റെ ഉപയോഗം പാലം നിര്‍മാണത്തില്‍ ആദ്യമായി പരീക്ഷിച്ചതും റോമക്കാരായിരുന്നു.
ഹൗറ പാലം
ലോക പ്രസിദ്ധി നേടിയ പാലമാണ് കൊല്‍ക്കത്തയിലെ ഹൗറാ പാലം. ഹൗറയേയും കൊല്‍ക്കത്തയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം ഹൂഗ്ലി നദിക്കു കുറുകേയാണ് പണിതിട്ടുള്ളത്. 1965 ല്‍ രവീന്ദ്രനാഥ ടാഗോറിനോടുള്ള ആദര സൂചകമായി രബീന്ദ്ര സേതു എന്ന് പുനര്‍ നാമകരണം ചെയ്യുകയുണ്ടായി. ദിനം പ്രതി ലക്ഷക്കണക്കിന് ജനങ്ങള്‍ ഹൗറാപാലത്തിലൂടെ കടന്നു പോകുന്നുണ്ട്. പാലത്തിലൂടെയുള്ള ഹൂഗ്ലി നദിയുടെ കാഴ്ച വേറിട്ടൊരു അനുഭവമാണെന്ന് ടൂറിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
പാമ്പന്‍ പാലം
പാക്ക് കടലിടുക്കിനു കുറുകേയുള്ള പാമ്പന്‍ പാലം തമിഴ്‌നാട് തീരത്തേയും രാമേശ്വരത്തെ പാമ്പന്‍ ദ്വീപിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നവയാണ്. രാമേശ്വരത്തിന്റെ ഏറ്റവും കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ധനുഷ്‌ക്കോടിയില്‍നിന്നു വളരെ ചെറിയ ദൂരം മാത്രമേ ശ്രീലങ്കയിലേക്കുള്ളൂ എന്നതായിരുന്നു ഇവിടെ പാലം നിര്‍മിക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്. 1964 ഡിസംബര്‍ 22 നുണ്ടായ ചുഴലിക്കാറ്റ് പാമ്പന്‍ പാലത്തിനു സാരമായ കേടുപാടുകളുണ്ടാക്കി. ഒരു തീവണ്ടിയിലെ യാത്രക്കാര്‍ മുഴുവന്‍ അപകടത്തില്‍ മരണപ്പെട്ടു. മലയാളിയായ ഇ .ശീധരന്റെ നേതൃത്വത്തില്‍ പാലം പുനര്‍ നിര്‍മാണം നടത്തിയപ്പോള്‍ മീറ്റര്‍ ഗേജുണ്ടായിരുന്നത് ബ്രോഡ് ഗേജാക്കി മാറ്റി. പാലത്തിന്റെ അടി ഭാഗത്തുകൂടി കപ്പലുകള്‍ കടന്നു പോകുമ്പോള്‍ റെയില്‍ പാളം മടക്കി വയ്ക്കാനുള്ള സൗകര്യവും ഉണ്ട്. ഇന്ത്യയിലെ ആദ്യത്തെ കടല്‍പാലം കൂടിയാണിത്. ഇന്ന് പാമ്പന്‍ പാലം സ്ഥിതി ചെയ്യുന്ന ഭാഗത്തിലൂടെ ഹനുമാന്റെ നേതൃത്വത്തിലുള്ള വാനരന്മാര്‍ ശ്രീലങ്കയിലേക്ക് പാലം നിര്‍മിച്ചു എന്നാണ് ഹിന്ദു പുരാണ ഗ്രന്ഥമായ രാമായണത്തില്‍ പറയുന്നത്. രാമസേതു എന്നാണ് ഈ പാലത്തിന്റെ പേര്. രാവണന്‍ തട്ടിക്കൊണ്ടു പോയ സീതയെ മോചിപ്പിക്കാനാണ് രാമസേതു നിര്‍മിച്ചത്.
ആത്മഹത്യക്കൊരു പാലം
ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യക്കു വേദിയായ പാലമാണ് സൗത്ത് കൊറിയയിലെ മാപോ ബ്രിഡ്ജ്. ഹാന്‍ നദിക്കു കുറുകേ നിര്‍മിച്ച ഈ പാലം 1984 വരെ സിയോള്‍ ബ്രിഡ്ജ് എന്നാണ് അറിയപ്പെട്ടത്. പക്ഷെ പെരുകുന്ന ആത്മഹത്യ പാലത്തിന്റെ പേരുതന്നെ മാറ്റി. സൂയിസൈഡ് ബ്രിഡ്ജ് (ആത്മഹത്യാ പാലം) എന്നായിരുന്നു അത്. അമേരിക്കയിലെ ഗോള്‍ഡന്‍ ഗേറ്റ് കടലിടുക്കില്‍ 1937 ല്‍ നിര്‍മിച്ച അമേരിക്കയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലം, മറൈന്‍ കൗണ്ടിനേയും കാലിഫോര്‍ണിയയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യക്ക് വേദിയായ രണ്ടാമത്തെ പാലമാണിത്.
കലകളിലെ പാലം
നിരവധി കലാസൃഷ്ടികള്‍ക്ക് പാലം ഇതിവൃത്തമായിട്ടുണ്ട്. എച്ച്.ഡബ്ല്യൂ.ലോങ് ഫെലോയുടെ ദി ബ്രിഡ്ജ് എന്ന കവിതയില്‍ പാലങ്ങളെ മനുഷ്യബന്ധങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന കണ്ണിയായാണ് വിശേഷിപ്പിക്കുന്നത്. മലയാളത്തില്‍ ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം എന്ന കവിത കാലത്തിനു മുന്‍പേ കവി പറഞ്ഞതാണ്-
അമ്പ പേരാറെ നീ മാറിപ്പോമോ
ആകുലായാമൊരഴുക്കുചാലായ്..!
മൂക്കിനും പാലം
എന്റെ മൂക്കിന്റെ പാലം പോയെന്ന് പലരും പറയാറുണ്ടല്ലോ. തരുണാസ്ഥികളാല്‍ നിര്‍മിക്കപ്പെട്ട ഈ കൊച്ചു പാലത്തിന് (സെപ്റ്റം) വിവിധ തരത്തിലുള്ള പരുക്കുകള്‍ വളരെ പെട്ടെന്നുതന്നെ ബാധിക്കാറുണ്ട്.
സിറാത്ത് പാലം
ഇസ്‌ലാം മതത്തില്‍ പറയപ്പെടുന്ന പാലമാണ് സിറാത്ത് പാലം. ഭൂമിയില്‍ ചെയ്തു കൂട്ടിയ നന്മതിന്മകള്‍ക്കനുസൃതമായിട്ടായിരിക്കും മരണാനന്തരം ഈ പാലത്തിലൂടെയുള്ള സഞ്ചാരം.
പാലം ചൊല്ലുകള്‍
=പാലം കടക്കുവോളം നാരായണ
പാലം കടന്നാല്‍ കോരായണ.
=പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല.
=ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."