പോയിന്റ് പട്ടികയില്‍ ഒന്നാമത്; ഹൈദരബാദിനെതിരേ കൊല്‍ക്കത്തയ്ക്ക് 17 റണ്‍സിന്റെ വിജയം
കൊല്‍ക്കത്ത: ഐ.പി.എല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ 17 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തി.
ടോസ് നേടിയ ഹൈദരബാദ് കൊല്‍ക്കത്തയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. പഞ്ചാബുമായുള്ള കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയ ബൗളര്‍ നരേയ്‌നെ ഓപണറാക്കിയാണ് കൊല്‍ക്കത്ത ബാറ്റിങ് തുടങ്ങിയത്. എന്നാല്‍, കഴിഞ്ഞ മത്സരത്തിലെ മികവ് ആവര്‍ത്തിക്കാന്‍ നരേയ്‌ന് കഴിഞ്ഞില്ല. വ്യക്തിഗത സ്‌കോര്‍ ആറിലെത്തിയപ്പോള്‍ നരേയ്‌നെ ഭുവനേശ് കുമാര്‍ പുറത്താക്കി. ക്യാപ്റ്റന്‍ ഗംഭീറും (15) വേഗത്തില്‍ തന്നെ കൂടാരം കയറി.
പിന്നീടെത്തിയ ഉത്തപ്പയും പാണ്ഡെയും ചേര്‍ന്ന് മൂന്നാം വിക്കറ്റിലുള്ള 77 റണ്‍സിന്റെ കൂട്ടുകെട്ടാണ് കൊല്‍ക്കത്തയ്ക്ക് മികച്ചൊരു സ്‌കോര്‍ സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഫോമിലെത്തിയ ഉത്തപ്പ മത്സരത്തില്‍ 39 പന്തില്‍ 68 റണ്‍സ് നേടി. 46 റണ്‍സുമായി പാണ്ഡെ മികച്ച പിന്തുണയാണ് നല്‍കിയത്. പിന്നീടെത്തിയ യൂസുഫ് പത്താന്‍ 21 റണ്‍സ് നേടി. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി കൊല്‍ക്കത്ത.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരബാദിന് മികച്ച തുടക്കം നല്‍കാനും ഓപണര്‍മാരായ ധവാനും വാര്‍ണര്‍ക്കുമായി. ടീം ടോട്ടല്‍ 46ല്‍ എത്തി നില്‍ക്കെ യൂസുഫ് പത്താന്‍ ധവാനെ (23) ഡി ഗ്രാന്‍ഡ്‌ഹോമിന്റെ കൈകളിലെത്തിച്ചു. പിന്നീട് വാര്‍ണറും അധികനേരം ക്രീസില്‍ നിന്നില്ല. കുല്‍ദീപ് യാദവ് വാര്‍ണറെ (26) വോക്‌സിന്റെ കൈകളിലെത്തിച്ചു.
മത്സരത്തിലുടനീളം മികച്ച കളി പുറത്തെടുക്കാന്‍ കൊല്‍ക്കത്തന്‍ ബൗളേഴ്‌സ് ഹൈദരബാദ് ബാറ്റ്‌സ്മാന്‍മാരെ സമ്മതിച്ചില്ല. വാര്‍ണറും യുവരാജ് സിങ്ങുമാണ് ഹൈദരബാദിലെ ടോപ് സ്‌കോറര്‍മാര്‍. ഇരുവരെ നേടിയത് 26 റണ്‍സ്. മത്സരത്തില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുക്കാനെ ഹൈദരബാദിനായുള്ളു.
വിജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. നാലു മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ഒരു തോല്‍വിയുമായി ആറു പോയിന്റാണ് കൊല്‍ക്കത്ത നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."