പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം: എസ്.വൈ.എസ്
കോഴിക്കോട്: നമ്മുടെ സഹോദരങ്ങളായ പ്രവാസികള്‍ പ്രത്യേക സാഹചര്യത്തില്‍ ജന്മനാട്ടിലേക്ക് വരുമ്പോള്‍ അവരെ ക്വോറന്റൈന്‍ ചെയ്യാനുള്ള ചെലവ് അവര്‍ തന്നെ വഹിക്കണം എന്ന കേരള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം വേദനാജനകമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, വര്‍കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു. ഇന്ത്യയെക്കാള്‍ ദരിദ്ര രാഷ്ട്രങ്ങളായ ഫിലിപ്പൈന്‍സ്, പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ ചിലവില്‍ വിമാനം അയച്ച പൗരന്മാരെ നാട്ടിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തിലും ഇന്ത്യ ഗവണ്‍മെന്റ് ഇരട്ടി ചാര്‍ജ് വാങ്ങിയാണ് നമ്മുടെ പൗരന്മാരെ നാട്ടില്‍ എത്തിക്കുന്നത്. ഇക്കാര്യത്തിലും ഫലപ്രദമായി ഇടപെടാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടില്ല. വലിയ ശമ്പളവും സൗകര്യവും പറ്റി കേരള ഗവണ്‍മെന്റിന്റെ ഒരു ജീവനക്കാരന്‍ ഡല്‍ഹിയില്‍ നിയമിക്കപ്പെട്ടു എങ്കിലും യാതൊരു നടപടിയും സ്വീകരിച്ചു കണ്ടില്ല. അദ്ദേഹം ഇപ്പോഴും ജന്മ ദേശത്ത് തന്നെ തുടരുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ സംരക്ഷിക്കുകയും വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്‌കാരിക, തൊഴില്‍ മേഖലകള്‍ക്ക് കരുത്തു പകരുകയും ചെയ്ത പ്രവാസികളോട് കരുണ കാണിക്കുന്നതിനു പകരം ഈ പ്രതിസന്ധിയിലും അവരെ പിഴിയാന്‍ തന്നെയാണ് സര്‍ക്കാര്‍ നീക്കം എന്നത് പ്രതിഷേധാര്‍ഹമാണെന്നും അത് തിരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."