പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: 31 പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തക്കേസിലെ 31 പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികള്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും നല്‍കണമെന്നതാണു പ്രധാന വ്യവസ്ഥ. കൂടാതെ സംസ്ഥാനത്തിനു പുറത്തുപോകരുത്, ജാമ്യത്തിലിറങ്ങി ഏഴു ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം എന്നീ വ്യവസ്ഥകളും ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രഭാരവാഹികളും വെടിക്കെട്ട് കരാറുകാരും ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്കിയ ജാമ്യാപേക്ഷ ജസ്റ്റിസ് പി.ഉബൈദാണ് പരിഗണിച്ചത്.
പ്രതികള്‍ക്കെതിരേ മന:പൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയതെങ്കിലും പിന്നീട് കൊലക്കുറ്റമാക്കി മാറ്റി. 5,000 കിലോഗ്രാം വെടിമരുന്ന് വെടിക്കെട്ടിനായി ഉപയോഗിക്കുമ്പോള്‍ അപകടസാധ്യത പ്രതികള്‍ക്ക് അറിയാമായിരുന്നെന്നും പ്രത്യാഘാതം അറിഞ്ഞിട്ടും വെടിക്കെട്ടു നടത്തി ദുരന്തമുണ്ടാക്കിയെന്നും വിലയിരുത്തിയാണു കൊലക്കുറ്റം ചുമത്തിയത്. കേസന്വേഷണം ഏറെക്കുറേ പൂര്‍ത്തിയായെന്നും ജൂലൈ 30ന് അന്തിമ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ നല്‍കുമെന്നും ക്രൈംബ്രാഞ്ച് സംഘം വിശദീകരിച്ചു. അന്വേഷണം ഏറെക്കുറേ പൂര്‍ത്തിയായതും പ്രതികള്‍ മൂന്നുമാസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞതും കണക്കിലെടുത്താണ് ജാമ്യമനുവദിച്ചത്. അതേസമയം പൊലിസ് , റവന്യു ഉദ്യോഗസ്ഥര്‍ക്ക് ദുരന്തത്തിലുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന മുന്‍ ഉത്തരവില്‍ സര്‍ക്കാര്‍ എന്തുനടപടി സ്വീകരിച്ചുവെന്ന് വ്യക്തമല്ലെന്നും സിംഗിള്‍ബെഞ്ച് കുറ്റപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."