സംഝോത: പ്രധാന തെളിവുകള്‍ എന്‍.ഐ.എ അവഗണിച്ചു
ന്യൂഡല്‍ഹി: സംഝോതയുള്‍പ്പെടെയുള്ള സ്‌ഫോടനക്കേസുകളില്‍ പ്രതികള്‍ക്കുള്ള ബന്ധം സംബന്ധിച്ച് മഹാരാഷ്ട്ര എ.ടി.എസ് തലവന്‍ വ്യക്തമായ തെളിവുകള്‍ സമ്പാദിച്ചിട്ടും പ്രതികള്‍ക്കെതിരേ കുറ്റം തെളിയിക്കുന്നതില്‍ എന്‍.ഐ.എ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ അമാന്തം കാട്ടി. കേസിലെ പ്രതികളിലൊരാളായ ദയാനന്ദ് പാണ്ഡെയുടെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെടുത്ത സ്‌ഫോടനത്തിനായുള്ള ഗൂഢാലോചനയുടെ വീഡിയോ ടേപ്പുകള്‍ ശക്തമായ തെളിവായിരുന്നു. എന്നാല്‍, അത് പ്രോസിക്യൂഷന്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ല. നേരത്തെ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘവും സി.ബി.ഐയും ഇതിലും മികച്ച രീതിയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോയിരുന്നു.
സ്‌ഫോടനത്തിനായി അഹമ്മദാബാദ്, ഉജ്ജയ്ന്‍, ഭോപ്പാല്‍, കൊല്‍ക്കത്ത, ജബല്‍പൂര്‍, ഇന്‍ഡോര്‍, ഫരീദാബാദ്, പൂനെ എന്നിവിടങ്ങളില്‍ രഹസ്യയോഗങ്ങള്‍ ചേര്‍ന്നതായി അന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പാണ്ഡെയുടെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെടുത്ത റിക്കോര്‍ഡുകളില്‍ നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നതിന്റെ സൂചനകളുണ്ട്. സ്‌ഫോടനങ്ങള്‍ നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം മുസ്‌ലിംകളിലേക്ക് താനേ വന്നു ചേര്‍ന്നുകൊള്ളുമെന്ന പ്രതികള്‍ വിശ്വസിച്ചിരുന്നതായി ആദ്യം തയ്യാറാക്കിയ കുറ്റപത്രം ചൂണ്ടിക്കാട്ടിയിരുന്നു. വിദേശത്തെയും രാജ്യത്തെ വിവിധ സായുധ സംഘടനകളുമായി മലേഗാവ് കേസിലെ പ്രതി കേണല്‍ ശ്രീകാന്ത് പുരോഹിതും സംഘവും ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ വിവരങ്ങളും ദയാനന്ത് പാണ്ഡെയുടെ ടേപ്പിലുണ്ട്. ഇതേ സംഘം തന്നെയാണ് സംഝോത സ്‌ഫോടനവും നടത്തിയത്.
ആയുധങ്ങള്‍ ലഭിക്കാന്‍ നാഗാലാന്റിലെ നിരോധിത സംഘടനയായ നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് നേതാവ് കെതോമി സേമയുമായി പുരോഹിത് കൂടിക്കാഴ്ച നടത്തി. പുരോഹിതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് സേമ തന്റെ സംഘടനയുടെ ജനറലിന് കത്തെഴുതിയതായും ജനറല്‍ പിന്തുണ വാഗ്ദാനം ചെയ്തതായും പുരോഹിത് പറയുന്നു. (തുയിംഗാലെങ് മുഈവയാണ് ഇതിന്റെ ജനറല്‍ സെക്രട്ടറി) നാഗാലാന്റില്‍ പ്രത്യേക ക്രിസ്ത്യന്‍ രാഷ്്ട്രത്തിന് വേണ്ടി സായുധപോരാട്ടം നടത്തുന്ന നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ എന്തുകൊണ്ട് പുരോഹിതിന് സഹായവാഗ്ദാനം ചെയ്തതെന്ന കാര്യം അവ്യക്തമാണ്. സൈന്യത്തിന്റെ സൗകര്യങ്ങള്‍ ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കായി ഉപയോഗിക്കുന്നത് സംബന്ധിച്ചും രണ്ടു മാവോവാദികളെ ഡല്‍ഹിയില്‍ പിടികൂടി കൊലപ്പെടുത്തിയത് സംബന്ധിച്ചും പുരോഹിത് ടേപ്പില്‍ പറയുന്നുണ്ട്.
ടേപ്പില്‍ പുരോഹിത്: അസാമില്‍ നിന്ന് നാലുലക്ഷം രൂപയ്ക്ക് ഞാന്‍ ആയുധങ്ങള്‍ വാങ്ങി. ഒരു പൊലിസ് ഉദ്യോഗസ്ഥനാണ് എനിക്ക് വാങ്ങിത്തന്നത്. ഭയങ്കരവിലയാണ്. എന്റെ കൈയ്യില്‍ അപ്പോള്‍ മൂന്നുലക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ലക്ഷം ഞാന്‍ കടംവാങ്ങി. ഒരു പിസ്റ്റള്‍ എന്റെ കൈവശം വച്ചു. ബാക്കി ആയുധങ്ങള്‍ നേപ്പാളിലെ നമ്മുടെ ആളുകള്‍ക്ക് പരിശീലനത്തിന് അയച്ചുകൊടുത്തു. വൈകാതെ നാം ആക്ഷന്‍ തുടങ്ങും. മാവോവാദികള്‍ക്ക് പണം നല്‍കുന്ന ആറോ എഴോ പേരുടെ ലിസ്റ്റ് ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യം അവരെ കൊല്ലണം. നിങ്ങള്‍ക്കറിയാമോ.. ഡല്‍ഹിയിലേക്ക് പുറപ്പെട്ട രണ്ടു മാവോവാദികളെക്കുറിച്ച് അസം ഡി.ഐ.ജി എനിക്ക് വിവരം തന്നു. ഡല്‍ഹി വസന്തു കുഞ്ച് സിവിക് സെന്ററില്‍ വച്ച് ഞങ്ങള്‍ അവരെ പിടികൂടി. മുനിര്‍ഖയിലൊരിടത്ത് അവരെ രാത്രി തടവില്‍ പാര്‍പ്പിച്ചു. ഈ വീട്ടിനുള്ളില്‍ നിന്ന് അഴുക്കുചാലിലേക്ക് ഒരു രഹസ്യ ചാനല്‍ നിര്‍മിച്ചിട്ടുണ്ട്. അവരില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് അവരെ കൊലപ്പെടുത്തി കനാലിലൂടെ അഴുക്കു ചാലിലേക്കു തള്ളി.
മറ്റൊരു ടേപ്പില്‍ പുരോഹിത് പാണ്ഡെയോട് പറയുന്നു: ഡല്‍ഹിയില്‍ ഒരു ക്യാപ്റ്റനും മേജര്‍ക്കും പോസ്റ്റിങ് കിട്ടിയിട്ടുണ്ട്. അവരോട് ഞാന്‍ കാര്യങ്ങള്‍ ഫോണില്‍ സംസാരിച്ചു. മൂന്നു മാസം കൊണ്ട് ചെയ്യേണ്ട പണിയാണ് അതു കൊണ്ട് പെട്ടെന്ന് ചെയ്യാന്‍ പറ്റിയത്. ഞാനും അവരും സംഘപ്രവര്‍ത്തകരായതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. എനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയമില്ലായിരുന്നു. അദ്ദേഹം ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആളാണ്. സംഘപ്രവര്‍ത്തകരായാല്‍ കാര്യങ്ങള്‍ എളുപ്പം നടക്കും. അദ്ദേഹം ഒരു ദിവസം കൊണ്ട് കാര്യങ്ങള്‍ ചെയ്തു തന്നു.
ദയാനന്ദ് പാണ്ഡെ: എനിക്ക് ഫെബ്രുവരി 17ന് ഒറീസയില്‍ ഓര്‍ഗനൈസര്‍ (ആര്‍.എസ്.എസിന്റെ മുഖപത്രം) എഡിറ്റര്‍ ദിപക് റാത്ത് സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനുണ്ട്. അതൊരു വ്യക്തിപരമായ പരിപാടിയാണ്.
പുരോഹിത്: ഭൂവനേശ്വര്‍ നഗരത്തിലാണോ. എങ്കില്‍ നമ്മുടെ ഒറീസാ കമാണ്ടറോട് നിങ്ങളെ സ്വീകരിക്കാന്‍ പറയാം.
പാണ്ഡെ: നിങ്ങള്‍ക്ക് നരേന്ദ്രമോദിയെ പരിചയമുണ്ടോ.
പുരോഹിത്: ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ട്. അത്ര അടുപ്പമില്ല.
പാണ്ഡെ: നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാം.
പുരോഹിത്: പിന്നെന്താ.
പാണ്ഡെ: സ്വാമി അസീമാനന്ദയ്ക്ക് നരേന്ദ്രമോഡിയുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹം വഴി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."