ഫിലാഡല്‍ഫിയ തെരുവിലൂടെ ഒരു യാത്ര
അമേരിക്കന്‍ ചരിത്രത്തില്‍ ഇത്രയധികം സ്ഥാനമുള്ള മറ്റൊരു സ്ഥലമുണ്ടോയെന്നു സംശയമാണ്. അമേരിക്കന്‍ സ്ഥാപക നേതാക്കളിലൊരാളായ തോമസ് ജെഫെഴ്‌സന്‍ 1776ല്‍ സ്വതന്ത്രപ്രഖ്യാപനം എഴുതിത്തയ്യാറാക്കിയത് ഇവിടെ വച്ചാണ്. ഏതാണ്ട് രണ്ടു മണിക്കൂര്‍ ദൈര്‍ഖ്യം ഉള്ളതാണ് ന്യൂ യോര്‍ക്ക് ഫിലാഡല്‍ഫിയ യാത്ര. മെഗാബസ് ആണ് ഫിലാഡെല്‍ഫിയയിലേക്കും തിരിച്ചു ന്യു യോര്‍ക്കിലേക്കും പോകാനായി തിരഞ്ഞെടുത്തത്. ഗ്രെഹൗണ്ടിനെ അപേക്ഷിച്ച് ചിലവു കുറവാണിതിന്. മാത്രമല്ല, രണ്ടുനില ബസ്സുകളാണ് മിക്കതും. നല്ല കാഴച കാണാന്‍ പറ്റുന്ന സീറ്റ് വേണമെങ്കില്‍ പണം കുടുതല്‍ കൊടുത്തു സംവരണം ചെയ്യാം. ഭക്ഷണമൊഴിച്ചു വിമാനത്തില്‍ കിട്ടുന്ന മറ്റെല്ലാ സൗകര്യങ്ങളും ഈ ബസുകളിലും പ്രതീക്ഷിക്കാം.
താമസ സ്ഥലം കണ്ടു പിടിക്കാന്‍ വിഷമമൊന്നും ഉണ്ടായില്ല. ഫിലാഡെല്‍ഫിയയിലെ കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെല്ലാംതന്നെ പഴയ ടൗണിലാണ്. അതിനടുത്തുള്ള Apple Hostel ഉറപ്പിച്ചു. വാടക $27. സ്ത്രീകള്‍ക്കായുള്ള പൊതുശയനമുറിയാണിത്. ക്രിസ്ത്മസ് ദിനമായതിനാല്‍ പ്രത്യേക രാത്രി ഭക്ഷണവും അവര്‍ ഒരുക്കുന്നുണ്ട്. ഫിലാഡെല്‍ഫിയയിലെ ക്രിസ്ത്മസ് രാവ് ആസ്വദിക്കുകയുമാവാം. ഡിസംബര്‍ 25നു ഫിലാഡെല്‍ഫിയയില്‍ എത്താമെന്ന് തീരുമാനിച്ചു.
അങ്ങനെ പരീക്ഷ കഴിഞ്ഞു, അവധിക്കാലമെത്തി. തീരുമാനിച്ചതുപോലെ ഡിസംബര്‍25നു യാത്ര തുടങ്ങി. മാന്‍ഹാട്ടനിലെ 32 സ്ട്രീറ്റിലെ പെന്‍ സ്റ്റേഷനില്‍ നിന്നാണ് ഗ്രേ ഹൗണ്ട് ബസ്സും Atmrak തീവണ്ടികളും പുറപ്പെടുന്നത്. എന്നാല്‍ മെഗാ ബസ് പുറപ്പെടുന്നത് 34 സ്ട്രീറ്റില്‍ നിന്നാണ്. ബസ് കയറാനായി റോഡിലാണ് വരി നില്‍ക്കേണ്ടത്. ടിക്കറ്റ് പരിശോധിച്ച ശേഷം മാത്രമേ യാത്രക്കാരെ ബസ്സില്‍ കയറ്റുകയുള്ളൂ. നേരത്തെ എത്തിയാല്‍ നല്ല സീറ്റ് സംഘടിപ്പിക്കാം. അല്ലെങ്കില്‍ മുന്‍കൂട്ടി സീറ്റ് സംവരണം ചെയ്തിരിക്കണം. ആദ്യ യാത്രയായതിനാല്‍ ഞാന്‍ മുകളിലെ നിലയിലെ മുന്‍ സീറ്റ് തന്നെ സംഘടിപ്പിച്ചിരുന്നു. $5 ആണ് അതിനായി ഞാന്‍ ചിലവിട്ടത്. അധികം കാത്തിരിഞ്ഞ് മുഷിഞ്ഞില്ല. നിശ്ചയിച്ച സമയത്ത് തന്നെ ബസ് പുറപ്പെട്ടു.
ന്യു യോര്‍ക്കില്‍ നിന്നും ഹഡ്‌സന്‍ നദി കുറുകെ കടന്നു ന്യു ജെഴ്‌സിയിലെത്തുന്നു. ലിങ്കണ്‍ ഭൂഗര്‍ഭപ്പാത ന്യു യോര്‍ക്കിനെയും ന്യു ജേര്‍സിയെയും ഘടിപ്പിക്കുന്ന പല പാതകളില്‍ ഒന്നാണ്. മിക്ക ബസുകളും ഇതുവഴിയാണ് പോകാറ്. ഹഡ്‌സ്ന്‍ നദിക്ക് ഉള്ളിലൂടെയാണീ രണ്ടര കിലോമീറ്റര്‍ വരുന്ന തുരങ്കം നിര്‍മിച്ചിരിക്കുന്നത്. പ്രസിദ്ധമായ പ്രിന്‍സ്റ്റന്‍ സര്‍വകലാശാല ദൂരെയായി കാണാം. ചെറിയ ചാറ്റല്‍ മഴയും ഡിസംബറിലെ മഞ്ഞും. ബസ്സില്‍ ഏതോ ഹിന്ദിപാട്ടിനെ ഓര്‍മിപ്പിക്കുന്ന സ്പാനിഷ് സംഗീതം. ആരു ആരെ അനുകരിചെന്നു പറയാന്‍ വിഷമം.
'Are you from India?' എന്ന ചോദ്യംകേട്ടപ്പോഴാണ് ബോധം വന്നത്. അടുത്തിരിക്കുന്ന അമേരിക്കക്കാരിക്ക് ഇന്ത്യയെക്കുറിച്ചറിയണം. അറിയുന്നതൊക്കെ ഞാന്‍ പറഞ്ഞു കൊടുത്തു. ഫിലാഡെല്‍ഫിയയെക്കുറിച്ച് ഞാനും കുറെ ചോദ്യമുന്നയിച്ചു. അവര്‍ സ്വയം പരിചയപ്പെടുത്തി. പേര് എറിന്‍. സ്വന്തം സ്വപ്നങ്ങള്‍ക്ക് ചിരകുവയ്ക്കാനുള്ള യാത്രയിലാണ് ഇവര്‍. തന്റെ ഹോട്ടല്‍ വ്യവസായം വികസിപ്പിക്കാനുള്ള പരിപാടിയിലാണത്രെ. ജീവിതത്തില്‍ എന്നപോലെ ബിസിനസ്സിലും തന്റെ ആണ്‍ സുഹൃത്താണ് പങ്കാളി. ഇന്‍ഡ്യയിലെ ജാതി വ്യവസ്ഥയെ കുറിച്ച് മടിച്ചു മടിച്ചു ചോദിച്ചു. എനിക്കു വിഷമം ഉണ്ടാകുമോയെന്നായിരുന്നു അവരുടെ ഭയം. എന്റെ നാട്ടില്‍(കേരളം) അങ്ങനെയൊന്നില്ല എന്നു പറഞ്ഞു തടിയൂരി. സ്ത്രീകള്‍ക്ക് സമുദായത്തിലുള്ള സ്ഥാനത്തെ പറ്റിയായി പിന്നെത്തെ ചര്‍ച്ച. ഒന്നര മണിക്കൂര്‍ പെട്ടെന്നങ്ങു തീര്‍ന്നു.
വെറുതെ പുറത്തേക്കു നോക്കിയപ്പോള്‍ ചുവന്ന മാപ്പില്‍, ഓക്, വെളുത്ത പൈന്‍ വൃക്ഷാദികളുടെ നിര. അതാ ഫിലാഡെല്‍ഫിയ എന്ന ബോര്‍ഡ്. പെന്‍സില്‍വാനിയയിലെ ഏറ്റവും വലിയ നഗരമാണിത്. ലാറ്റിന്‍ ഭാഷയില്‍ പെന്‍സില്‍വാനിയ എന്ന വാക്കിന്റെ അര്‍ത്ഥം പെന്നിന്റെ മരങ്ങള്‍ (Penn's woods) എന്നാണ്. രാഷ്ട്രത്തിന്റെ ജന്മസ്ഥലം എന്നാണ് പെന്‍സില്‍വാനിയ അറിയപ്പെടുന്നത്. കോളനിവാഴ്ചക്കാലത്ത് രാഷ്ട്രീയമായും സാമുഹികമായും വ്യവസായികമായും വളരെ തന്ന്ദ്ര പ്രധാനമായ സ്ഥാനം വഹിച്ച കൊളനിയാതിനാല്‍ രാഷ്ട്രത്തിന്റെ ആണിക്കല്ല് (keystone) എന്നും ഈ പ്രവിശ്യ അറിയപ്പെടുന്നു.
ദെലാവയര്‍ നദി കുറുകെ കടന്നപ്പോള്‍ പ്രസിദ്ധമായ 'Penn's Landing' നെ കുറിച്ചോര്‍ത്തു. വൈകുന്നേരം ഇവിടെ നടക്കാന്‍ ഇറങ്ങണമെന്നുറപ്പിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് വ്യവസായിയും പെന്‍സില്‍വാനിയ പ്രോവിന്‍സിന്റെ സ്ഥാപകനുമായ വില്ല്യം പെന്‍ ഇറങ്ങിയ സ്ഥലമാണിത്. ഇഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്‍ രാജാവാണ് ഇദ്ദേഹത്തിനു പെന്‍സില്‍വാനിയ എഴുതിക്കൊടുത്തതു. അമേരിക്കന്‍ ചരിത്രത്തില്‍ വളരെ പ്രധാനപെട്ട ഇടം നേടിയ സ്ഥലമാണിത്. അമേരിക്കയുടെ സ്ഥാപക നേതാക്കള്‍ സ്ഥിരം യോഗം ചേര്‍ന്നതും,1776ല്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതും ഇവിടെ വച്ചാണ്.അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം, ഭരണഘടന എന്നിവ എഴുതപ്പെട്ട ഇന്‍ഡിപെന്‍ഡന്‍സ് ഹാള്‍, സ്വാതന്ത്ര്യ ത്തിന്റെ പ്രതീകമായ ലിബെര്‍റ്റി ബെല്‍ എന്നിവ കാണാന്‍ ലോകത്തിന്റെ പല ഭാഗത്തില്‍ നിന്നും ആളുകള്‍ എന്നും വന്നുകൊണ്ടിരിക്കുന്നു. മാത്രമല്ല, മനോഹരമായ ദെലാവെയര്‍ നദിയുടെ തീരത്താണ് ഈ സുപ്രസിദ്ധ നഗരം. ചുരുക്കി പറഞ്ഞാല്‍ സഞ്ചാരികളുടെ പറുദീസ തന്നെയാണ്, ഫിലാഡെല്‍ഫിയ.
ലിബര്‍ടി സെന്ററിന് മുന്നില്‍തന്നെയാണ് മെഗാ ബസ് നിറുത്തിയത്. ക്രിസ്മസ് ആയതിനാല്‍ എല്ലാ കെട്ടിടങ്ങളും പുട്ടിയിരിക്കുന്നു. ഉലാത്താന്‍ പറ്റുന്ന കൊച്ചു നഗരമാണ് ഫിലാഡെല്‍ഫിയ. കല്ല്പാകിയ റോഡുകള്‍. ചെങ്കല്ലില്‍ പണിതുയര്‍ത്തിയ കെട്ടിടങ്ങള്‍. നഗരം മുഴുവന്‍ ചുറ്റിയടിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
നമ്മുടെ ദേശത്തെ ഏറ്റവും പുരാതനമായ തെരുവ് എന്നാണ് എല്ഫ്രാത്ത് അലെ (Elfreth's Alley) എന്ന വാക്കിന്റെ അര്‍ത്ഥം. പേരിനെ അന്വര്‍ത്ഥമാക്കുന്ന ഈ തേരുവീഥിയാണ് അമേരിക്കയിലെ ജനവാസ യോഗ്യമായ ഏറ്റവും പഴയ തെരുവ്. ഉരുളന്‍ കല്ലുകള്‍ പാകിയ തെരുവോരത്തിന് ഇരുപുറവും ചെങ്കല്ലുകൊണ്ട് നിര്‍മിച്ച വീടുകള്‍. യൂറോപ്യന്‍ വീഥിയിലെത്തിയ പ്രതീതി. അതിലൊരു വീട്ടില്‍ നല്ല കുക്കീസ് ഉണ്ടാക്കി വില്‍ക്കുന്നു. രണ്ടു ഡോളര്‍ കൊടുത്തു ഞാനും വാങ്ങി കുറച്ചു കുക്കീസ്. ഉച്ചവരെ ഓടാന്‍ അതു ധാരാളം. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച വീടിന്റെ ഉള്‍ഭാഗം കാണുകയുമായി.
പിന്നിട്ട് ഞാന്‍ നടന്നത് ബെന്‍ജിമിന്‍ ഫ്രാങ്ക്‌ലിന്‍ പാലത്തിനു താഴെയുള്ള റെയ്‌സ് സ്ട്രീറ്റ് പിയര്‍ കാണാനാണ്. ഡെലാവെയര്‍ നദിയുടെ കരയിലാണ് ഈ വീഥി. രാത്രിയിലെ വെളിച്ചത്തില്‍ തിളങ്ങുന്ന പാലം കാണാനാണ് ആളുകള്‍ എത്താറ്. ഭീമാകാരമായ പാലത്തിന്റെ തൊട്ടുതാഴെയുള്ള പടികളിലിരുന്നു വാങ്ങിച്ച കുക്കീസ് കഴിച്ചു തീര്‍ത്തു. തൊട്ടടുത്തിരുന്ന് ധ്യാനിക്കുന്ന മദ്ധ്യവയസ്സുകടന്ന അമേരിക്കന്‍ സ്ത്രീ കണ്ണ് തുറന്നു. ഉടന്‍ പരസ്പരം പരിചയപ്പെടുത്തി. പ്രോഫസ്സര്‍ ആണെന്ന് കേട്ടപ്പോള്‍ എനിക്കൊരു ചെറിയ ഞെട്ടല്‍. ഇവിടുത്തെ സര്‍വകലാശാലയില്‍ സിനിമാരചന പഠിപ്പിക്കുന്ന ഇവര്‍ക്ക് മീര നയ്യാരും ദീപ്തി നവ്വലും നന്നേ പരിചയം. എനിക്ക് കുറെ ഫോട്ടോ എടുത്തു തന്നു. ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള ക്ഷണം അവര്‍ നിരസിച്ചു. ഫേസ്ബുക്ക് ആണ് വില്ലന്‍. ഇവിടുത്തുകാര്‍ മിക്കവരും സോഷ്യല്‍ മീഡിയയെ വെറുക്കുന്നു. ഞാന്‍ ഫേസ്ബുക്കില്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ നന്നേ അത്ഭുതപെട്ടു. മുഖത്ത് ബഹുമാനം. ഇന്ത്യയിലെ ഇന്നത്തെ മികച്ച സംവിധായകരെകുറിച്ചു ചോദിച്ചു. ഞാന്‍ എനിക്കിഷ്ടപ്പെട്ട ആളുടെ പേര് പറഞ്ഞു : ഇംതിയാസ് അലി ! റോക്ക് സ്‌റാര്‍ എന്ന ചിത്രത്തെക്കുറിച്ച് ഖോര ഖോരം പറയാനും ഞാന്‍ മറന്നില്ല. വീട്ടില്‍ എത്തിയാല്‍ ഉടന്‍ ഇംതിയാസ് അലിയെക്കുറിച്ച് വായിക്കുമെന്ന് പറഞ്ഞു നടന്നകന്നു.
അമേരിക്കന്‍ പതാക തുന്നിയ ബെറ്റ്‌സി റോസിന്റെ വീട് ഇവിടുത്തെ മറ്റൊരു ചരിത്രപ്രധാനമായ സ്ഥലമാണ്. അഞ്ചു ഡോളര്‍ ആണ് പ്രവേശന ടിക്കറ്റിന്. ക്രിസ്മസ് പ്രമാണിച്ച് അതും പൂട്ടിയിരിക്കുന്നു. അമേരിക്കന്‍ സ്ഥാപക നേതാക്കളിലൊരാളായ തോമസ് ജെഫെഴ്‌സന്‍ 1776ല്‍ സ്വതന്ത്രപ്രഖ്യാപനം എഴുതിത്തയ്യാറാക്കിയ മുറി (Declaration House) ഇതിനടുത്ത് തന്നെയാണ്. പിന്നീട് കാര്‍പെന്റെര്‍ ഹാള്‍ ചുറ്റി കണ്ടു. അമേരിക്കന്‍ വിപ്ലവത്തിന് നാന്നികുറിച്ച ആദ്യത്തെ കോണ്‍ഗ്രെസ് നടന്നത് ഇവിടെയാണ്. അവധിദിനമായതിനാല്‍ എല്ലാം പുറത്തുനിന്നു വീക്ഷിക്കാനെ എനിക്ക് ഭാഗ്യമുണ്ടായുള്ളു. പിന്നെ പോയത് ടൗണ്‍ ഹാള്‍ കാണാനാണ്. ഗ്രാനൈട്ടും, മാര്‍ബിളും കൊണ്ട് കെട്ടിപൊക്കിയ ഈ സൗധം ഒരുകാലത്ത് ജനവാസമുള്ള ഏറ്റവും ഉയരംകൂടിയ കെട്ടിടമായിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ വില്ല്യം പെന്നിന്റെ വലിയ ഒരു പ്രതിമ. താഴെ ക്രിസ്ത്മസ് ചന്തയില്‍ രാജസ്ഥാന്‍ വസ്ത്രങ്ങള്‍ നിരത്തിയ പന്തിയും കണ്ടു. തൊട്ടടുത്ത് എല്ലാം മറന്നു വയലിന്‍ വായിക്കുന്ന ഒരു അപ്പൂപ്പന്‍. ക്രിസ്മസ് മരത്തിനുചുറ്റും ഫോട്ടോയെടുക്കാന്‍ നിരനില്‍ക്കുന്ന സഞ്ചാരികള്‍.
അഞ്ചുമണി ആയപ്പോഴേക്കും പുറത്ത് നല്ല ഇരുട്ട്. പതുക്കെ താമസസ്ഥലത്തേക്ക് നടന്നു. ഒഴിവു ദിവസമാണെങ്കിലും ഹോസ്റ്റല്‍ മുഴുവല്‍ ആളുകള്‍. കലപില കൂട്ടുന്ന ന്യു യോര്‍ക്കില്‍ നിന്നുള്ള ഒരു പറ്റം വിദ്യാര്‍ഥികള്‍. ചിലര്‍ അതിനിടയിലും സുഖനിദ്രയിലാണ്ടിരിക്കുന്നു. യാത്രചെയ്തു തളര്‍ന്നുറങ്ങുകയാവാം. ശരിക്കും ഒരു ഹോസ്‌റല്‍ തന്നെ. പക്ഷെ എല്ലാം വളരെ വൃത്തിയും വെടിപ്പുമായി സൂക്ഷിച്ചിരിക്കുന്നു. കുളിച്ച് ഒരു മയക്കവും കഴിഞ്ഞ് ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി. സമയം രാത്രി എഴുമണി. പെന്‍സ് ലാണ്ടിംഗ് ആണ് ലക്ഷ്യം. തൊട്ടടുത്തുതന്നെ Blue Cross RiverRink Winterfest നടക്കുന്നുണ്ട്.
സ്‌കെറ്റിംഗ് പോലുള്ള മഞ്ഞുകാല കായികവിനോദങ്ങളും, സംഗീതവും, വൈനും ആകെ ആഘോഷമയം. ഫയര്‍പ്ലേസിനു ചുറ്റും കുടുംബത്തോടെയിരുന്നു കൊച്ചു വര്‍ത്തമാനം പറയുന്നു.വലിയൊരു സ്‌കെടിംഗ് റിങ്ങില്‍ നിറച്ചും ആളുകള്‍. കുറെ ഇന്ത്യക്കാരെ ഞാനവിടെക്കണ്ടു. ഒറ്റക്ക് ചുറ്റിയടിക്കുന്ന എന്നെ ചില അമ്മുമ്മമാര്‍ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു. ദൂരെ ബെന്‍ജിമിന്‍ ഫ്രാങ്ക്‌ലിന്‍ പാലം വെളിച്ചത്തില്‍ സുന്ദരിയായിരിക്കുന്നു. നക്ഷത്രങ്ങളെ നോക്കി ഞാന്‍ കുറെ നേരം ഇരുന്നു. നേരം പുലരുന്നതുവരെ അവിടെയിരിക്കാന്‍ മനസ്സ് പറഞ്ഞെങ്കിലും തണുപ്പിന്റെ കട്ടി കൂടിയപ്പോള്‍ തിരിച്ചു മുറിയിലേക്ക് നടന്നു.
രാവിലെ ലിബെര്‍റ്റി ബെല്‍, ഇന്‍ഡിപെന്‍ഡന്‍സ് ഹാള്‍ എന്നിവ സന്ദര്‍ശിച്ചു. നല്ല തിരക്കുണ്ട്. അധികം ചുറ്റിയടിക്കാന്‍ നില്‍ക്കാതെ തിരിച്ചു ഹോസ്‌റലിലെക്ക് നടന്നു. പതിനൊന്നു മണിക്കാണ് ലാങ്കാസ്റ്ററിലെക്കുള്ള തീവണ്ടി. കീ സ്റ്റോണ്‍ (പെനിസില്‍വാലിയയുടെ ചെല്ലപ്പേര് ) എന്നറിയപ്പെടുന്ന ഈ Atmrak സെര്‍വീസ് ന്യു യോര്‍ക്കില്‍ നിന്ന് പുറപ്പെട്ട് ഹാരിസ്ബര്‍ഗില്‍ അവസാനിക്കുന്നു. ഫിലാഡെല്‍ഫിയയിലെ മുപ്പതാം സ്റ്റേഷനിലാണ് തീവണ്ടി നിറുത്തുക. താമസസ്ഥലതിനടുത്ത് തന്നെയാണ് SEPTA (Southeastern Pensnylvania Transportation Authortiy ) ഫ്രാങ്ക്ഫര്‍റ്റ് മാര്‍ക്കറ്റ് ലൈന്‍ എന്നു പേരുള്ള നീല തീവണ്ടി പാത. രണ്ടാം സ്റ്റേഷനില്‍ നിന്നും തീവണ്ടി കേറാം.
അമേരിക്കന്‍ നഗരങ്ങളില്‍ തീവണ്ടിപ്പാതകള്‍ തരം തിരിച്ചിരിക്കുന്നതു നിറങ്ങളുടെ അടിസ്ഥാനത്തിലാണ്. നീല, പച്ച, ചുവപ്പ് എന്നിങ്ങനെ. ചിലപ്പോള്‍ ഈ പ്രാദേശിക തീവണ്ടിപ്പാതകള്‍ക്കു പേരുകളും ഉണ്ടാകും. ഓരോന്നും നിശ്ചിത പാതകളിലൂടെ സഞ്ചരിച്ച് നഗരത്തിന്റെ വത്യസ്ത ഭാഗങ്ങളെ യോജിപ്പിക്കുന്നു.
ആപ്പിള്‍ ഹോസ്റ്റലില്‍ എല്ലാവരോടും യാത്ര പറഞ്ഞു ഞാന്‍ ഇറങ്ങി. ജപ്പാനില്‍ നിന്നെത്തിയ (ഞാന്‍ പേര് ചോദിക്കാന്‍ വിട്ടുപോയ) യാത്രിക എന്നെ രണ്ടാം സ്റ്റേഷന്‍ വരെ കൊണ്ട് ചെന്നാക്കി. സാന്‍ ഫ്രാന്‍കിസ്‌കൊയില്‍ വച്ച് കാണാമെന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു. പ്ലാറ്റ് ഫോം ശരിയാണെന്ന് ഉറപ്പു വരുത്തണം. കൌണ്ടറില്‍ തന്നെ ചോദിക്കാം. 'you are at the right place, enjoy yourt rip'എന്നു ടിക്കെറ്റ് കൌണ്ടറിലെ ഓഫീസര്‍. $2.25 വാങ്ങി ഒരു ടിക്കെറ്റ് തന്നു. അധികം കാത്തിരിക്കാതെ തന്നെ തീവണ്ടിയുടെ നീളത്തിലുള്ള ചൂളംവിളി കേട്ടു. ക്രിസ്ത്മസ് ആയതിനാലാവാം വലിയ തിരക്കില്ല. ഞാന്‍ കയറിയ കാറില്‍ (ബോഗിക്കു കാര്‍ എന്നാണിവിടെ പറയാറു) ഏതാണ്ട് നാലോ അഞ്ചോ പേര്‍ മാത്രം. ഓരോ സ്റ്റോപ്പിന്റെ പേരും ഡിസ്‌പ്ലേയില്‍ എഴുതി കാണിക്കുന്നതിനാല്‍ സ്റ്റോപ്പ് മാറുമെന്ന് ഭയക്കണ്ട. ഏതാണ്ട് പത്ത് മിനുട്ട് കൊണ്ട് മുപ്പതാം സ്റ്റേഷനില്‍ എത്തി. കൃത്യമായി വഴികാട്ടികള്‍ സ്ഥാപിച്ചതിനാല്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടിയില്ല.
അമേരിക്കയിലെ ഏറ്റവും തിരക്കേറിയ തീവണ്ടി സ്റ്റഷനുകളില്‍ ഒന്നാണിത്. വളരെ മോനോഹരമയ കെട്ടിട സമുച്ചയമാണിത്. ആര്‍ച്ച് ഏഞ്ചന്‍ മൈക്കലിന്റെ പ്രസിദ്ധമായ പ്രതിമ ഇവിടെയാണ്. രണ്ടാം ലോക മഹായുദ്ധതിന്റെ സ്മാരകങ്ങളില്‍ ഒന്നാണ് ഈ 28 അടി വരുന്ന പ്രതിമ. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മാലാഖ എന്നാണിതറിയപ്പെടുന്നതു. ഗതാഗതത്തിന്റെ ആത്മാവ് എന്നറിയപ്പെടുന്ന മറ്റൊരു പ്രതിമയും ഇവിടുണ്ട്. പ്രസിദ്ധ ശില്‍പ്പി കാള്‍ ബിറ്റേര്‍ ആണിത് മെനഞ്ഞുണ്ടാ ക്കിയത്. ഇദ്ദേഹത്തിന്റെ ശില്‍പങ്ങള്‍ ന്യു യോര്‍ക്ക് നഗരത്തിലുടനീളം കാണാം. കൊളംബിയ സര്‍വകലാശാലക്കടുത്തുള്ള കുതിരപ്പുറത്തെരിയ ഫ്രാന്‍സ് സെഗലിന്റെ പ്രതിമ അതിലൊന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."