ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു
കൂറ്റനാട്: തിരുമിറ്റക്കോട് ചാത്തന്നൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയെ ബസില്‍ നിന്ന് വലിച്ചിട്ട് പരുക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പട്ടാമ്പി ചാത്തന്നൂര്‍റോഡിലൂടെ ഓടുന്ന പാലയൂര്‍ ബസിലെ കണ്ടക്ടര്‍ എരുമപ്പെട്ടി കടങ്ങോട് വാഞ്ചേരി വീട്ടില്‍ മണിയന്‍ മകന്‍ അഭിലാഷ് ( 35 )നെയാണ് ചാലിശ്ശേരി പൊലിസ് അറസ്റ്റു ചെയ്തത്.
ചാത്തന്നൂര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അര്‍ഷാദിനെയാണ് കുന്ദംകുളം പട്ടാമ്പി റോഡിലൂടെ ഓടുന്ന പാലയൂര്‍ ബസിലെ ജീവനക്കാരന്‍ ബലമായി വലിച്ച് ഇറക്കിയത്. വാതില്‍ക്കല്‍ വെച്ചു നടന്ന മല്‍പ്പിടുത്തത്തിനിടയില്‍ കുട്ടിയുടെ മുഖത്ത് മാരകമായ മുറിവ് സംഭവിച്ചിരുന്നു. സ്‌കൂള്‍കുട്ടികളെ, ബസ് ജീവനക്കാര്‍ നിഷ്‌കരുണം വലിച്ചിടുന്ന വീഡിയോയും, പരുക്കുപറ്റിയ വിദ്യാര്‍ഥിയുടെ ചിത്രവും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു .
ഇതു കണ്ട രോഷാകുലരായ നാട്ടുകാര്‍ ബസ് തടയുന്നതിനുവണ്ടി രാവിലെ മുതല്‍ സംഘടിച്ചിരുന്നു. വിവരം അറിഞ്ഞ പാലയൂര്‍ ബസ് ഓട്ടം നിര്‍ത്തുകയും പാതിവഴിയില്‍ ട്രിപ്പ് ഉപേക്ഷിച്ചു. തുടര്‍ന്ന് അതേ ഉടമയുടെ മറ്റ് ബസുകള്‍ ജനങ്ങള്‍ തടഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് ചാലിശ്ശേരി പൊലിസ് സ്ഥലത്തെത്തുകയും പ്രതിക്ഷേധക്കാരുമായി സംസാരിച്ചു. കണ്ടക്ടറെ അറസ്റ്റു ചെയ്‌തെന്ന് അറിയിച്ചതിനു ശേഷമാണ് നാട്ടുകാര്‍ ശാന്തരായത്. എരുമപ്പെട്ടി പട്ടാമ്പി റോഡില്‍ അപകടങ്ങള്‍ക്കായി വാതില്‍ തുറന്നിട്ട് യാത്രക്കാരുടെ ജീവന്‍ പണയം വെച്ചാണ് ബസുകള്‍ ഓടുന്നത്. നിരവധി തവണ വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
കുന്ദംകുളം സ്റ്റാന്‍ഡില്‍ നിന്നും ബസ് പുറപ്പെട്ടാല്‍ ബസ് ജീവനക്കാര്‍ തന്നെ വാതില്‍ തുറന്ന്കയറുകൊണ്ട് കെട്ടിയിടുകയാണ് പതിവ്. പല ബസുകളിലും രാവിലെയും വൈകീട്ടും അപകടകരമായ രീതിയില്‍ പടിയില്‍ തൂങ്ങിപ്പിടിച്ചാണ് യാത്ര. നിയമം ലംഘിച്ചുള്ള ഇത്തരം ട്രിപ്പുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെങ്കിലും അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ പരിശോധന നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് യാത്രക്കാര്‍ക്ക് പരാതിയുണ്ട്. ചാലിശ്ശേരി പൊലിസ് സ്റ്റേഷനില്‍ വേണ്ടത്ര ഹോം ഗാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ ട്രാഫിക്ക് നിയന്ത്രണത്തിന് പ്രധാനപ്പെട്ട സ്‌കൂളുകളുടെ പരിസരങ്ങളില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന സംവിധാനം ഇപ്പോള്‍ നിലവിലില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അനുദിനം ചോരച്ചാലുകള്‍ ഒഴുകുന്ന നമ്മുടെ റോഡുകളില്‍ ശുഭയാത്രയും, സുരക്ഷയും ഉറപ്പുവരുത്താന്‍ നിലവിലെ നിയമ സുരക്ഷ പരിശോധനാ സംവിധാനങ്ങളില്‍ ഗൗരവകരമായ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."