നികുതിവെട്ടിച്ചു കടത്തിയ എട്ടുകിലോ സ്വര്‍ണവും നാലര ലക്ഷം രൂപയും പിടികൂടി
കൊച്ചി: എറണാകുളത്തെയും കോട്ടയത്തെയും പ്രമുഖ ജ്വല്ലറികളില്‍ വില്‍ക്കുന്നതിനായി മുബൈയില്‍നിന്നു നികുതിവെട്ടിച്ചു കടത്തിക്കൊണ്ടുവന്ന എട്ടു കിലോയോളം സ്വര്‍ണവും നാലരലക്ഷം രൂപയും എറണാകുളം നോര്‍ത്തിലെ ഫ്‌ളാറ്റില്‍നിന്നു പൊലിസ് പിടികൂടി. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. കുന്ദന്‍സിങ്, പ്രഹ്‌ളാദ് എന്നിവരാണ് പിടിയിലായത്.
പ്രതികളെയും സ്വര്‍ണവും പണവും വാണിജ്യനികുതി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിനു കൈമാറി. എറണാകുളം പ്രൊവിഡന്‍സ് റോഡിലെ എസ്.ഐ ഫ്‌ളാറ്റില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് ഷാഡോ എസ്.ഐ നിത്യാനന്ദപൈ, സെന്‍ട്രല്‍ എസ്.ഐ വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പരിശോധന നടത്തിയത്. ഫ്‌ളാറ്റിലെ സുരക്ഷാ ലോക്കറില്‍നിന്നാണ് 7.729 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്. ഇവ കടത്തുന്നതിന് ഉപയോഗിച്ചിരുന്ന ജാക്കറ്റുകളും കണ്ടെടുത്തു. ജാക്കറ്റിലെ രഹസ്യ അറകളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണാഭരണങ്ങള്‍ കടത്തിയിരുന്നത്. മൂന്നു താക്കോലുകളുപയോഗിച്ചാല്‍ മാത്രം തുറക്കാവുന്ന ലോക്കറാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. ജോര്‍ജ് എന്നയാളില്‍നിന്ന് എട്ട് മാസം മുന്‍പാണ് രാജസ്ഥാന്‍ സ്വദേശികള്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. എട്ടു മാസമായി ഇവര്‍ നികുതിവെട്ടിച്ചു സ്വര്‍ണാഭരണങ്ങള്‍ എറണാകുളത്തെത്തിച്ചു ജ്വല്ലറികള്‍ക്ക് വിതരണം ചെയ്തുവരികയായിരുന്നു.
സ്വര്‍ണവുമായി ഞായറാഴ്ച ട്രെയിന്‍ മാര്‍ഗം ഇവര്‍ നോര്‍ത്തിലെ ഫ്‌ളാറ്റില്‍ എത്തിയതായി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അരുള്‍ ആര്‍.ബി കൃഷ്ണയ്ക്കു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു ഞായറാഴ്ച വൈകിട്ടു മുതല്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. 1.21 ലക്ഷം രൂപ പിഴയടക്കാന്‍ വാണിജ്യനികുതി വകുപ്പധികൃതര്‍ പ്രതികള്‍ക്കു നോട്ടീസ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."