ശബരിമലയിലെ സ്ത്രീ പ്രവേശനം: നിലപാട് മയപ്പെടുത്തി ഇടതുസര്‍ക്കാര്‍
ന്യൂഡല്‍ഹി: ശബരിമലയില്‍ നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്കുള്ള വിലക്കേര്‍പ്പെടുത്തിയതു സംബന്ധിച്ചു മുന്‍നിലപാട് മയപ്പെടുത്തി എല്‍.ഡി.എഫ് സര്‍ക്കാര്‍. സ്ത്രീപ്രവേശനത്തെ എതിര്‍ത്തുകൊണ്ട് മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിലനില്‍ക്കുമെന്ന് ഇന്നലെ സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിന് പുറമെ വിഷയത്തിലെ ഭരണഘടനാ വിഷയങ്ങളും ചട്ടങ്ങളും കൂടി പരിഗണിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് കേസ് ആവശ്യമെങ്കില്‍ ഭരണഘടനാ ബെഞ്ചിന് വിടാമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ സി.നാഗപ്പന്‍, ആര്‍, ഭാനുമതി എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. നവംബര്‍ ഏഴിനാണ് കേസ് ഇനി പരിഗണിക്കുക.
ശബരിമല സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്നായിരുന്നു 2008ല്‍ വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ എടുത്ത നിലപാട്. ആ നിലപാട് തിരുത്തി ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരാന്‍ വിശ്വാസികളെ അനുവദിക്കണമെന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ പഴയനിലപാട് തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തി പുതിയത് സമര്‍പ്പിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടെ ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്തെന്ന് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചപ്പോഴാണ് ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തില്‍ മുന്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം നിലനില്‍ക്കുമെന്നും ഭരണഘടനാപരമായ വിഷയങ്ങള്‍ കൂടി പരിഗണിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ. കെ.കെ.വേണുഗോപാല്‍ വ്യക്തമാക്കിയത്.
ഭരണഘടനയുടെ 14, 25, 26 വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് ശബരിമലയില്‍ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെടുന്നത്. ഒരാളുടെ മൗലികാവകാശം മറ്റൊരാളുടെ മൗലികാവകാശത്തെക്കാള്‍ വലുതല്ലെന്നിരിക്കെ ഭരണഘടനാപരമായ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ക്ഷേത്രങ്ങളില്‍ വിലക്കുകള്‍ നടപ്പാക്കാനാകുമോ എന്നും ബെഞ്ച് ചോദിച്ചു. ഒരു ക്ഷേത്രം പൊതുആരാധനാകേന്ദ്രമാണ്. അതിനാല്‍ അവിടേക്കു പ്രാര്‍ഥനയ്ക്കായി വരുന്ന സ്ത്രീകളെ തടയാന്‍ നിങ്ങള്‍ക്കു കഴിയില്ല. അങ്ങനെ തടയല്‍ സ്ത്രീകളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. വിഷയത്തിന്റെ ഗൗരവം ഞങ്ങള്‍ മനസിലാക്കുന്നു. എല്ലാ അവകാശങ്ങളും സന്തുലിതമാക്കേണ്ടതുണ്ടെങ്കിലും അതിനൊരു പരിധിയുണ്ട്. അവകാശങ്ങള്‍ സന്തുലിതപ്പെടുത്തുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടിയ മൂന്നംഗ ബെഞ്ച്, ഭരണഘടനാ ബെഞ്ചിനു വിടുകയാണെങ്കില്‍ തങ്ങള്‍ വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി.
സ്ത്രീകളുടെ പ്രവേശനത്തെ ചൊല്ലിയുള്ള തര്‍ക്കം വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്ന് നേരത്തെ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. പത്തിനും 50 വയസിനും ഇടയിലുള്ള സ്ത്രീകളെ ശബരിമല ദര്‍ശനത്തില്‍ നിന്ന് വിലക്കിയ കേരളാ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."