സ്വച്ഛ് സര്‍വേക്ഷന്‍ സര്‍വേ: കോട്ടക്കലിന് സംസ്ഥാനത്ത് മൂന്നാം സ്ഥാനം
കോട്ടക്കല്‍: ഏറ്റവും വൃത്തിയുള്ള നഗരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സ്വച്ഛ് സര്‍വേക്ഷന്‍ സര്‍വേയില്‍ സംസ്ഥാനത്തു കോട്ടക്കല്‍ നഗരം മൂന്നാം സ്ഥാനം നേടി. സംസ്ഥാനത്തെ 85 നഗരങ്ങള്‍ക്കിടയില്‍നിന്നാണ് ഈ നേട്ടം.
സംസ്ഥാനതലത്തില്‍ മൂവാറ്റുപുഴ ഒന്നാം സ്ഥാനവും മാവേലിക്കര രണ്ടാം സ്ഥാനവും നേടി. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം തരംതിരിച്ചുള്ള സര്‍വേയില്‍ ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ കൂട്ടത്തിലാണ് കോട്ടക്കല്‍ ഉള്‍പ്പെട്ടത്. കാര്‍വി എന്ന സ്വകാര്യ ഏജന്‍സിയാണ് കേന്ദ്ര സര്‍ക്കാരിനായി സര്‍വേ നടത്തിയത്.
സേവന നിലവാരം, നേരിട്ടുള്ള നിരീക്ഷണം, പൊതുജനങ്ങളുടെ പ്രതികരണം എന്നീ മൂന്നു ഘട്ടങ്ങളായി ആകെ 4000 സ്‌കോര്‍ കണക്കാക്കിയാണ് സര്‍വേ നടത്തിയത്. ഇതില്‍ കോട്ടക്കല്‍ 1,570 സ്‌കോര്‍ നേടി.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങള്‍ അടങ്ങിയ സൗത്ത് സോണില്‍ കോട്ടക്കലിന് 365ാം സ്ഥാനമാണ്. 1,113 നഗരങ്ങളാണ് സൗത്ത് സോണില്‍നിന്നു സര്‍വേയില്‍ ഉള്‍പ്പെട്ടിരുന്നത്. സര്‍വേയുടെ ഭാഗമായി നഗരസഭ നടപ്പാക്കിയ മാലിന്യ സംസ്‌കരണ പദ്ധതികുളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്തു. തുടര്‍ന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നഗരസഭ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ സര്‍വേ സംഘം ശേഖരിച്ചു.
മാലിന്യ സംസ്‌കരണ സംവിധാനം, വീടുകള്‍, സ്ഥാപനങ്ങള്‍, റോഡ്, മാര്‍ക്കറ്റ്, ശുചിമുറി എന്നിവയുടെ വൃത്തി, ഉറവിട മാലിന്യ സംസ്‌കരണം, മലിന ജലം പുറത്തേക്ക് ഒഴുകാന്‍ അനുവദിക്കാതിരിക്കല്‍, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവയാണ് മാനദണ്ഡങ്ങളായി പരിഗണിച്ചത്. നഗരസഭയുടെ നേട്ടങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോസ്ഥരെയും ജീവനക്കാരെയും ജനപ്രതിനിധികളെയും നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍ അഭിനന്ദിച്ചു.
ജില്ലയില്‍നിന്നു പെരിന്തല്‍മണ്ണ, മലപ്പുറം, തിരൂര്‍, മഞ്ചേരി, നിലമ്പൂര്‍, കൊണ്ടേണ്ടാട്ടി, വളാഞ്ചേരി, താനൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, പൊന്നാനി എന്നീ നഗരങ്ങളിലും സര്‍വേ നടന്നു. ജില്ലയില്‍നിന്നു പെരിന്തല്‍മണ്ണ, മലപ്പുറം നഗരങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സംസ്ഥാനതലത്തില്‍ പെരിന്തല്‍മണ്ണ 17ാം സ്ഥാനത്തും മലപ്പുറം 29ാം സ്ഥാനത്തുമാണ്. സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തിന് 19ാം സ്ഥാനമാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."