'കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ കൊലയാളികളോ മുതലാളിമാരോ കോമാളികളോ ഇല്ല'
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ വരേണ്യവര്‍ഗ പ്രതിനിധികളോ കൊലയാളികളോ മുതലാളിമാരോ കോമാളികളോ ഇല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിവും കാര്യക്ഷമതയും പ്രതിബദ്ധതയും മാത്രം മാനദണ്ഡമാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. അതല്ലാതെ ഒരു പരിഗണനയുമുണ്ടായിട്ടില്ല. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയം നടന്നത്. 20ല്‍ 20 സീറ്റുകളും യു.ഡി.എഫ് നേടുമെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വടകരയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത് താന്‍ തന്നെയാവും. അവിടെ പാതി സ്ഥാനാര്‍ഥിയായി ഞാനുണ്ടാകും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ ഒന്നിനൊന്ന് മികച്ചതാണ്. നല്ല ഗൃഹപാഠം ചെയ്താണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. ആറു മാസം മുമ്പു തന്നെ ഇതിനായുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു.
പരിചയസമ്പത്തുള്ളവരും യുവാക്കളും ചേര്‍ന്നുവെന്നതാണ് തങ്ങളുടെ സ്ഥാനാര്‍ഥിപ്പട്ടികയുടെ പ്രത്യേകത. സാധാരണ കുടുംബത്തിലെ അംഗങ്ങള്‍ വരെ പട്ടികയിലുണ്ട്. വരേണ്യവര്‍ഗത്തിന്റെ പ്രതിനിധികളില്ല. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരാളും ഈ പട്ടികയിലില്ല. തികഞ്ഞ ജാഗ്രതയോടെയാണ് ലിസ്റ്റ് തയാറാക്കിയത്. വിനയത്തോടെ കേരളീയ സമൂഹത്തിനു മുന്നില്‍ ഈ പട്ടിക സമര്‍പ്പിക്കുകയാണ്. കെ. മുരളീധരനെ പോലെ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും എതിര്‍ക്കുന്ന എത്ര നേതാക്കളെ കേരളത്തില്‍ കാണാന്‍ കഴിയുമെന്ന് കോണ്‍ഗ്രസിന്റെ ബി.ജെ.പി ബന്ധം സംബന്ധിച്ച സി.പി.എം ആരോപണത്തിനു മറുപടിയായി മുല്ലപ്പള്ളി ചോദിച്ചു. ആടിനെ പട്ടിയാക്കുന്ന സമീപനം സി.പി.എം സ്വീകരിക്കാറുണ്ട്. ജനമനസില്‍ തെറ്റിദ്ധാരണയുണ്ടാക്കാനാണ് ശ്രമം.
പഴയ കോലീബി സഖ്യത്തിന്റെ പേരില്‍ എന്നും കോണ്‍ഗ്രസിനെ വേട്ടയാടാന്‍ ശ്രമിച്ചാല്‍ കേരളീയ സമൂഹം അത് അംഗീകരിക്കാന്‍ തയാറല്ലെന്നും മുല്ലപ്പള്ളി ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കി. അന്ന് മത്സരിച്ച രത്‌നസിങ് മുഴുസമയ രാഷ്ട്രീയക്കാരന്‍ പോലുമായിരുന്നില്ല. 1970കളില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂത്തുപറമ്പില്‍ അന്നത്തെ ജനസംഘവുമായി ചേര്‍ന്നാണ് മത്സരിച്ച് വിജയിച്ചത്. പ്രത്യുപകാരമായി അന്നത്തെ ജനസംഘം സ്ഥാനാര്‍ഥി കെ.ജി മാരാര്‍ക്കു വേണ്ടി ഇ.എം.എസ് അടക്കമുള്ളവര്‍ പ്രചാരണം നടത്തിയത് മറന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."