എല്ലാവര്‍ക്കും ആധാരമെഴുതാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: ആധാരമെഴുത്ത് തൊഴിലാക്കിയിട്ടില്ലാത്തവര്‍ക്കും ആധാരം എഴുതാം എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുവരുന്നതേയുള്ളൂ.
ഭൂമിയുടെ ന്യായവില സംബന്ധിച്ച് ഉയരുന്ന പരാതികള്‍ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം രജിസ്‌ട്രേഷന്‍ വകുപ്പില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. പരാതി ലഭിച്ചതിനെതുടര്‍ന്ന് ഒരു സബ് രജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരാളുടെ പേരില്‍ അന്വേഷണം പുരോഗമിക്കുന്നു.
ഭൂമിയുടെ ന്യായവില നിര്‍ണയം വലിയൊരു പരിധിവരെ അഴിമതി കുറയ്ക്കും. ന്യായവില നിലവില്‍വന്നിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞതിനാല്‍ നിയതമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പുതുക്കി നിശ്ചയിക്കണം. അതിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായ 11 അംഗ സംസ്ഥാനതല സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ന്യായവില നിശ്ചയിക്കാന്‍ വിട്ടുപോയ കേസുകളില്‍ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ജില്ലാ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.
ആക്ഷേപമുള്ളവര്‍ക്ക് അപേക്ഷ നല്‍കാനുള്ള കാലപരിധി 30 ദിവസത്തില്‍നിന്ന് ഒരു വര്‍ഷമാക്കി ഉയര്‍ത്തി. കലക്ടര്‍ അപ്പീലില്‍ സ്വീകരിക്കുന്ന തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ പുനഃപരിശോധനക്കായി വീണ്ടും സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."