നയനിലപാടുകളില്‍ തുറന്ന ചര്‍ച്ചയ്ക്ക് അവസരമൊരുക്കി ലീഗ് പ്രവര്‍ത്തകസമിതി
കോഴിക്കോട്: ഞായറാഴ്ച സമാപിച്ച മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി പാര്‍ട്ടിയുടെ ചരിത്രത്തില്‍ പുതിയ അധ്യായമായി. തൊണ്ടയാട് ബൈപാസിലെ ഗാര്‍ഡന്‍ ഹെറിറ്റേജില്‍ രണ്ടു ദിവസംനീണ്ട യോഗത്തില്‍ പാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കളും സംസ്ഥാന പ്രവര്‍ത്തകസമിതി അംഗങ്ങളും പങ്കെടുത്തു.
സമയനിഷ്ഠ പാലിച്ചു നടന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുകയും ഭാവി പദ്ധതികള്‍ ആവിഷ്‌കരിക്കുകയുമാണ് ചെയ്തത്. നേരത്തെ പേരു രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്കു മാത്രമേ സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നുള്ളൂ. പാര്‍ട്ടി വിഷയങ്ങളും സാമുദായിക പ്രശ്‌നങ്ങളും വിലയിരുത്തപ്പെട്ട യോഗത്തില്‍, പ്രതിനിധികള്‍ക്ക് അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അവസരവുമുണ്ടായി.
2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്നു കോട്ടയ്ക്കലില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തിനു ശേഷം വിപുലമായ യോഗം നടക്കുന്നത് ഇതാദ്യമായാണ്. 134 പേര്‍ പങ്കെടുത്ത യോഗത്തില്‍ 76 പേരാണ് സംസാരിച്ചത്.
തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലെ പരാജയത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച അഡ്വ. കെ.എന്‍.എ ഖാദര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ രണ്ടു മണ്ഡലങ്ങളിലേയും പാര്‍ട്ടി സംവിധാനങ്ങള്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചത് അച്ചടക്ക നടപടിയുടെ ഭാഗമായാണ്.
കാന്തപുരം വിഭാഗവുമായുള്ള നിലപാട്, സമസ്തയുടെ പള്ളികള്‍ക്കും മദ്‌റസകള്‍ക്കും നേരെയുള്ള കൈയേറ്റം, ഇടതുപക്ഷ സര്‍ക്കാറിന്റെ ന്യൂനപക്ഷ സമീപനം തുടങ്ങിയ വിഷയങ്ങളിലും ചൂടേറിയ ചര്‍ച്ച നടന്നു. ന്യൂനപക്ഷ സമുദായങ്ങളെ സ്വാധീനിക്കാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടി കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കൂടുതല്‍ പ്രതിനിധികളും അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസും യു.ഡി.എഫും ന്യൂനപക്ഷത്തെ വിശ്വാസത്തിലെടുക്കുന്നതില്‍ പരാജയപ്പെട്ടെന്നും അഭിപ്രായമുയര്‍ന്നു.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടിലുണ്ടായ കുറവ്, സിറ്റിങ് സീറ്റുകളിലെ പരാജയം, യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍, നിലവിളക്കു വിവാദം, അറബിക് സര്‍വകലാശാല, എം.എസ്.എഫ്, യൂത്ത്‌ലീഗ് മെമ്പര്‍ഷിപ്പും പുതിയ കമ്മിറ്റി രൂപീകരണവും, സി.എച്ച് സെന്റര്‍, കെ.എം.സി.സി തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ചയായി. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളെയാണ് ചുമതലപ്പെടുത്തിയത്. ഏക സിവില്‍കോഡിനെതിരേ ശക്തമായി പ്രതികരിക്കാനും സാക്കിര്‍ നായിക്കിനെതിരേയുള്ള കേന്ദ്ര നിലപാടില്‍ പ്രതിഷേധമറിയിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രണ്ടു ദിവസം പൂര്‍ണമായും യോഗത്തിലുണ്ടായിരുന്നു. അനാരോഗ്യം വകവയ്ക്കാതെ ഇ. അഹമ്മദ് എം.പിയും പങ്കെടുത്തു.
അഖിലേന്ത്യാ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടിയാണ് രാഷ്ട്രീയ ചര്‍ച്ച നിയന്ത്രിച്ചത്. ദേശീയ രാഷ്ട്രീയം എന്ന വിഷയം ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറാണ് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയ്ക്കു പി.കെ.കെ ബാവ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."