അന്ത്യോദയ: ഇത് ജനവികാരത്തിന്റെ വിജയം
കാസര്‍കോട്: കൊച്ചുവേളി-അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചതായുള്ള ഉത്തരവ് പ്രകടമാക്കുന്നത് കാസര്‍കോട് ജനതയുടെ ജനവികാരത്തിന്റെ വിജയം. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്ക് ട്രെയിന്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ കാസര്‍കോട് സ്‌റ്റോപ്പ് പ്രതീക്ഷിച്ചതാണ്. എന്നാല്‍ ട്രെയിന്‍ ഓടി തുടങ്ങിയപ്പോള്‍ ട്രെയിന്‍ കാസര്‍കോട് നിര്‍ത്താതെ കടന്ന് പോയതിനെ തുടര്‍ന്ന് നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായാണ് ഇപ്പോള്‍ സ്റ്റോപ്പനുവദിച്ച ഉത്തരവ് വന്നിരിക്കുന്നത്.
കാസര്‍കോട് ട്രെയിന്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ പ്രഖ്യാപിച്ച് സംഘടനകള്‍ രംഗത്ത് വരുന്നതിനിടെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അന്ത്യോദയ എക്‌സ്പ്രസ് അപായചങ്ങല വലിച്ച് ട്രെയിന്‍ കാസര്‍കോട് നിര്‍ത്തിക്കുകയും യൂത്ത് ലീഗ് ട്രെയിന്‍ തടയുകയും ചെയ്തതോടെയാണ് സമരത്തിന് ചൂടുപിടിച്ചത്. തൊട്ടടുത്ത ദിവസം പ്രവാസി കോണ്‍ഗ്രസ് നേതാവ് പത്മരാജ് ഐങ്ങോത്ത് അനിശ്ചിതകാല നിരാഹാരം ആരംഭിക്കുകയും ചെയ്തു. പി. കരുണാകരന്‍ എം.പി ജൂലൈ ഒന്നിന് അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ ജില്ലയിലെ മുഴുവന്‍ സ്റ്റേഷനിലും സമരം നടത്തുമെന്നും എം.പി പ്രഖ്യാപിച്ചിരുന്നു.
ഇതിനിടയില്‍ എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സമരം കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് ഇന്നലെ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പി. കരുണാകരന്‍ എം.പിയെയും വി. മുരളീധരന്‍ എം.പിയെും അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചതായി അറിയിച്ചത്. അന്ത്യോദയക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിരാഹാരസമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഇന്നലെ വൈകുന്നേരത്തോടെ സമരം അവസാനിപ്പിച്ചു.
കാലാകാലങ്ങളായി റെയില്‍വേ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണനയുടെ തുടര്‍ച്ചായിരുന്നു അന്ത്യോദയക്ക് സ്‌റ്റോപ്പ് അനുവദിക്കാത്ത സംഭവം. ഈയൊരു അവഗണന സഹിക്കാതെ കാസര്‍കോട്ടെ രാഷ്ട്രീയ നേതൃത്വവും യുവജന, സന്നദ്ധ സംഘടനകളും ജനകീയ വികാരം ഉയര്‍ത്തിപ്പിടിച്ച് പ്രക്ഷോഭരംഗത്ത് ഇറങ്ങിയത്. ഈ ജനവികാരത്തിന്റെ വിജയമാണ് അന്ത്യോദയക്ക് സ്‌റ്റോപ്പ് അനുവദിച്ചതിലൂടെ സാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."