കടബാധ്യത ഓഹരിയായി ഏറ്റെടുക്കാന്‍ ബാങ്കുകള്‍
#കെ എ സലിം
ന്യൂഡല്‍ഹി: കടം കയറി മുടിഞ്ഞ ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ കൂടുതല്‍ പണം കൊടുക്കാന്‍ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. സമാനമായ സാഹചര്യത്തില്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ്മല്യ കോടികള്‍ കടമെടുത്ത് വിദേശത്തേക്ക് കടന്ന അനുഭവം മുന്നില്‍ നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ കടം കൊടുക്കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിന് പിന്നാലെയാണിത്.
ജെറ്റ് എയര്‍വേയ്‌സിന് നിലവില്‍ 8,200 കോടി കടമുണ്ട്. കമ്പനിയുടെ 24 ശതമാനം ഓഹരി ഇത്തിഹാദ് എയര്‍വേയ്‌സിനാണ്. കൂടുതല്‍ പണം നല്‍കണമെന്ന ഇത്തിഹാദ് എയര്‍ലൈന്‍സിനോട് ജെറ്റ് ഉടമ നരേഷ് ഗോയല്‍ ആവശ്യപ്പെട്ടെങ്കിലും ഇത്തിഹാദ് എയര്‍ലൈന്‍സ് സമ്മതിച്ചില്ല. ഇതെത്തുടര്‍ന്ന് ഇത്തിഹാദിന്റെ 24 ശതമാനം ഓഹരി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടും ചേര്‍ന്ന് ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 2011ല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പയെടുത്ത തുക തിരിച്ചടയ്ക്കാതിരുന്നപ്പോള്‍ ആ തുകയുടെ മൂല്യമുള്ള 23 ശതമാനം ഓഹരി എസ.്ബി.ഐയുടെ നേതൃത്വത്തിലുള്ള കമ്പനികള്‍ വാങ്ങിയിരുന്നു. 7,600 കോടിയായിരുന്നു 13 ബാങ്കുകള്‍ക്കായി ആ സമയത്ത് കിങ്ഫിഷര്‍ നല്‍കാനുണ്ടായിരുന്നത്. വിജയ്മല്യ മുങ്ങിയപ്പോള്‍ ഇതും ചേര്‍ത്താണ് നല്‍കാനുള്ള തുക 9,000 കോടിയായി ഉയര്‍ന്നത്. കിങ ്ഫിഷറിന്റെ രാജ്യത്തുള്ള വിമാനങ്ങള്‍ ഉള്‍പ്പടെയുള്ള സ്വത്തുക്കള്‍ ലേലത്തില്‍ വച്ച് കുറച്ചെങ്കിലും തുക ഈടാക്കാന്‍ ശ്രമിച്ചെങ്കിലും ആരും വാങ്ങാന്‍ തയാറായില്ല.
സമാനമായ സാഹചര്യത്തിലാണ് ബാങ്കുകള്‍ ജെറ്റിന്റെ ഓഹരി കൂടി വാങ്ങാന്‍ പോകുന്നത്. തകര്‍ന്നു കിടക്കുന്ന ജെറ്റ് എയര്‍വേയ്‌സില്‍ തങ്ങളുടെ ഓഹരി നിലനിര്‍ത്താന്‍ ഇത്തിഹാദിന് താല്‍പര്യമില്ല. 400 കോടിയോളം കുറച്ചിട്ടായാലും തങ്ങളുടെ ഓഹരി നല്‍കാന്‍ ഇത്തിഹാദ് ഒരുക്കമാണ്. ഇത്തിഹാദും ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. തുടര്‍ച്ചയായി മൂന്നു വര്‍ഷമായി 1.8 ബില്യന്‍ ഡോളറാണ് നഷ്ടം. ഇതിനിടെ ജെറ്റ് എയര്‍വേയ്‌സിനെക്കൂടി താങ്ങി നടക്കാന്‍ വയ്യെന്നാണ് ഇത്തിഹാദിന്റെ നിലപാട്.
ജെറ്റിന്റെ വിമാനങ്ങളില്‍ ഭൂരിഭാഗവും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. സാങ്കേതിക വിഭാഗം എന്‍ജിനീയര്‍മാര്‍ക്ക് മൂന്നുമാസമായി ശമ്പളം നല്‍കാത്തതിനാല്‍ അവര്‍ പണിയെടുക്കുന്നില്ല. ഏപ്രില്‍ 1 മുതല്‍ സമരം നടത്തുമെന്ന് പൈലറ്റുമാരും അറിയിച്ചിട്ടുണ്ട്. വാടക കൊടുക്കാത്തതിനാല്‍ 40ലധികം വിമാനങ്ങള്‍ അതിന്റെ കമ്പനികള്‍ കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."