ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: ട്രംപിന്റെ മധ്യസ്ഥത തള്ളി ചൈന
ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്നറിയിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ചൈന. അതിര്‍ത്തി പ്രശ്നത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്നാണ് ചൈന അറിയിച്ചത്. മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും എങ്ങനെ പരിഹരിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഴാവോ ലിജിയാന്‍ വ്യക്തമാക്കി.'ചൈനയ്ക്കും ഇന്ത്യക്കുമിടയില്‍ ഞങ്ങള്‍ക്ക് അതിര്‍ത്തിയുമായി ബന്ധപ്പെട്ട സംവിധാനങ്ങളും ആശയവിനിമയ മാര്‍ഗങ്ങളും നിലവിലുണ്ട്. ആവശ്യമായ ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും ഈ പ്രശ്നം പരിഹരിക്കാനുള്ള സംവിധാനം ഞങ്ങള്‍ക്കുണ്ട്'- സാവോ പറഞ്ഞു. ട്രംപിന്റെ വാഗ്ദാനത്തെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ചൈനയും തമ്മില്‍ ഉയര്‍ന്നുവന്നിരിക്കുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് യു.എസ് ഇരു രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നാണ് ബുധനാഴ്ച ട്രംപ് ട്വീറ്റ് ചെയ്തത്. അതേസമയം ഇന്ത്യ- ചൈന തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ട്രംപിന്റെ വാദത്തെ എതിര്‍ത്തുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം രംഗത്തുവന്നിരുന്നു. മോദിയും ട്രംപും അടുത്തിടെ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."