ബിഹാറിലെ സ്ത്രീയുടെ മരണം കോടതിയും ഞെട്ടി
പാറ്റ്‌ന: ബിഹാറിലെ മുസഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന മാതാവിനെ എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞിന്റെ വിഡിയോ പുറത്തായതിനു പിന്നാലെ, വിഷയത്തില്‍ പ്രതികരണവുമായി പാറ്റ്‌ന ഹൈക്കോടതി. സംഭവം ഞെട്ടിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണെന്ന് വിശേഷിപ്പിച്ച കോടതി, സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങളും ഉന്നയിച്ചു.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയോയെന്നും വിശപ്പ് കാരണമാണോ സ്ത്രീ മരിച്ചതെന്നുമടക്കമായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍, ഈ യുവതിക്കു മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നെന്നും സ്വാഭാവിക മരണമാണ് സംഭവിച്ചതെന്നുമായിരുന്നു ബിഹാര്‍ സര്‍ക്കാരിന്റെ മറുപടി. ഇക്കാര്യം അവരുടെ ബന്ധുക്കള്‍തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ എസ്.ഡി യാദവ് മറുപടി നല്‍കി.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ലെന്നും സംഭവത്തില്‍ ഒരു കേസുപോലും എടുത്തിട്ടില്ലെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു. എന്നാല്‍, മറുപടിയില്‍ തൃപ്തി പ്രകടിപ്പിക്കാതിരുന്ന കോടതി, ജൂണ്‍ മൂന്നിനു കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.
ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് ബിഹാറിലേക്കു പ്രത്യേക ട്രെയിനില്‍ എത്തിയ അര്‍ബീന എന്ന 27കാരിയായിരുന്നു പ്ലാറ്റ്‌ഫോമില്‍ മരിച്ചുവീണത്. ഇവരടക്കം ഒട്ടേറെ പേര്‍ യാത്രയ്ക്കിടെ ഭക്ഷണവും വെള്ളവും കിട്ടാതെയാണ് മരിച്ചതെന്ന ആരോപണമുയര്‍ന്നതോടെ, സംഭവം ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഇതിനു പിന്നാലെ തൊഴിലാളികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഗണിച്ച സുപ്രിംകോടതി, തൊഴിലാളികളില്‍നിന്ന് യാത്രയ്ക്ക് പണം ഈടാക്കരുതെന്നും ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തണമെന്നും അത് സര്‍ക്കാരിന്റെ ചുമതലയാണെന്നും ഉത്തരവിടുകയും ചെയ്തിരുന്നു.
മകള്‍ മാനസിക
രോഗിയല്ലെന്ന് പിതാവ്
പാറ്റ്‌ന: ബിഹാറില്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച യുവതി മാനസികരോഗിയായിരുന്നുവെന്നും അവരുടേത് സ്വാഭാവിക മരണമായിരുന്നെന്നും ബിഹാര്‍ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയതിനു പിന്നാലെ ഇതു നിഷേധിച്ച് യുവതിയുടെ കുടുംബം.
തന്റെ മകള്‍ക്ക് ഒരു രോഗവും ഉണ്ടായിരുന്നില്ലെന്നാണ് അര്‍ബീനയുടെ പിതാവ് മുഹമ്മദ് നെഹ്‌റുല്‍ വ്യക്തമാക്കിയത്. അങ്ങനെ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതില്‍ അദ്ദേഹം ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.
നേരത്തെ, യുവതിക്കു രോഗമുണ്ടായിരുന്നെന്നു കുടുംബം പറഞ്ഞെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."