പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് അഴിച്ചുപണി വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് വന്‍ അഴിച്ചുപണി നടത്താന്‍ വ്യവസായവകുപ്പിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍മാരെ നീക്കി പ്രൊഫഷണലുകളെ പ്രത്യേകം അഭിമുഖത്തിലൂടെ കണ്ടെത്തി നിയമിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നിശ്ചിതയോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 15 വരെ അപേക്ഷിക്കാം. അതതു പൊതുമേഖലാ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രവൃത്തിപരിചയവും താല്‍പര്യവുമുള്ളവരെ നിയമിക്കാനാണ് ആലോചിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനായി റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്(റിയാബ്) എന്നപേരില്‍ വ്യവസായവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് മുഖേനയാണ് നിയമനം.
അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എന്‍ജിനിയറിങിലോ ബിസിനസ് അഡ്മിനിസ്‌ട്രേഷനിലോ ബിരുദവും അതതു മേഖലയില്‍ 15 വര്‍ഷത്തിലധികം പ്രവര്‍ത്തിപരിചയവും ഫിനാന്‍സ്, മാര്‍ക്കറ്റിങ് മേഖലകളില്‍ പ്രാവീണ്യവും ഉള്ള 45നും 55നും ഇടയില്‍ പ്രായമുള്ളവരില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
ഇവര്‍ക്കായി കെമിക്കല്‍ ഇന്‍ഡസ്ട്രീസ്, സിറാമിക്‌സ് ആന്‍ഡ് റിഫ്രാക്ടറീസ്, ഡവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏജന്‍സീസ്, എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ്, ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈല്‍സ്, ട്രഡീഷണല്‍ ആന്‍ഡ് വെല്‍ഫെയര്‍, തടി അധിഷ്ഠിതം, മിനറല്‍ എക്‌സ്‌പ്ലൊറേഷന്‍ എന്നിങ്ങനെ താല്‍പര്യമുള്ള 10 കാറ്റഗറികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മേല്‍പറഞ്ഞ വിഭാഗത്തില്‍പ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലവിലുള്ള മാനേജിങ് ഡയറക്ടര്‍മാരെ കൂട്ടത്തോടെ മാറ്റി പുതിയ ആളുകളെ ഈ മാസം തന്നെ നിയമിക്കുന്ന രീതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. മുന്‍കാലങ്ങളില്‍ അതതു സര്‍ക്കാരിനു താല്‍പര്യമുള്ളവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കുന്നതായിരുന്നു കീഴ്‌വഴക്കം. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവയില്‍ 10 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തിലുള്ളത്. മുപ്പതിലധികം സ്ഥാപനങ്ങള്‍ കനത്ത നഷ്ടത്തിലാണെന്നാണ് കണക്ക്. ഈ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തില്‍ അഴിച്ചുപണി നടത്തുന്നത്.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള, ട്രാവന്‍കൂര്‍ ടൈറ്റാനിയം, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ഗിങ്‌സ്, ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, സീതാറാം ടെക്‌സ്റ്റൈല്‍സ്, ട്രാകോ കേബില്‍ കമ്പനി, ഹാന്റക്‌സ്, മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ്, ആലപ്പുഴ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ്, കെല്‍പാം എന്നിവ ലാഭത്തിലായിരുന്നു.
ഭരണനേതൃത്വം വഹിക്കുന്ന മാനേജിങ് ഡയറക്ടര്‍മാരുടെ കാര്യക്ഷമതക്കുറവും താല്‍പര്യരഹിതമായ പ്രവര്‍ത്തനവുമാണ് ഇവ നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.
പൊതുമേഖലാ സ്ഥാപനങ്ങളുടെ മോണിറ്ററിങ് ഏജന്‍സി എന്ന നിലയില്‍ റിയാബിന്റെ പ്രവര്‍ത്തനം കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാനും വ്യവസായവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഇ-ഗവേണന്‍സ് നടപ്പാക്കാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും റിയാബിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."