ഭക്ഷ്യവസ്തുക്കളിലെ വിഷം; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: മത്സ്യം, ഭക്ഷ്യ എണ്ണ, പച്ചക്കറി, ബേക്കറി പലഹാരങ്ങള്‍, കുപ്പിവെള്ളം തുടങ്ങി നിത്യേന ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങളില്‍ മായം കലര്‍ത്തി പൊതുജനാരോഗ്യം ഗുരുതരമാക്കുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യസാധനങ്ങളിലെ രാസപദാര്‍ഥങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷസാന്നിധ്യം ഇല്ലാതാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.
ആരോഗ്യം, കൃഷി, നികുതി സെക്രട്ടറിമാര്‍ക്കും ഭക്ഷ്യസുരക്ഷാ കമ്മിഷനര്‍ക്കുമാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്. സ്വീകരിച്ച നടപടികള്‍ നാലാഴ്ചക്കകം അറിയിക്കണമെന്നും ആവശ്യപ്പെട്ടു. പൊതുജനാരോഗ്യം സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് കമ്മിഷന്‍ പറഞ്ഞു. മത്സ്യവും പച്ചക്കറിയും വിഷലിപ്തമാകുമ്പോള്‍ കണ്ണടച്ച് നോക്കിയിരിക്കാനാവില്ല. ഭക്ഷണ സാധനങ്ങളില്‍ വിഷം കലര്‍ത്തുന്നത് ഉദ്യോഗസ്ഥര്‍ ഗൗരവമായി കാണണം. വിപണിയില്‍ ലഭ്യമായ ഭക്ഷ്യ എണ്ണ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി ഡോ. സജീവ് ഭാസ്‌കര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മഞ്ഞള്‍പൊടിയും ഉപ്പും പുളിയും ചേര്‍ത്ത് കഴുകിയാലും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറിയിലെ വിഷാംശം പൂര്‍ണമായും നീക്കാനാവില്ല. ചെക്ക് പോസ്റ്റുകളില്‍ നിരന്തര പരിശോധന നടത്തി വിഷാംശമുള്ള പച്ചക്കറികള്‍ പിടിച്ചെടുക്കുകയാണ് ഏക പരിഹാരം. കുട്ടികളില്‍ നിരന്തരമായി കാണുന്ന ദഹനേന്ദ്രിയ രോഗങ്ങള്‍ക്ക് കാരണം ബേക്കറി പലഹാരങ്ങളാണെന്നും പരാതിയില്‍ പറയുന്നു. കുടിവെള്ളം ചൂടാക്കിയാല്‍ അണുക്കള്‍ മാത്രമാണ് നശിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ഥങ്ങള്‍ ശരീരത്തിലെത്തും. പ്ലാസ്റ്റിക് കുപ്പികളിലും കന്നാസുകളിലും ലഭിക്കുന്ന കുടിവെള്ളം മലിനമാണെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."