റോഹിംഗ്യ: യു.എന്‍ സെക്രട്ടറി ജനറല്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നു
ന്യൂയോര്‍ക്ക്: മ്യാന്മര് സൈന്യത്തിന്റെയും ബുദ്ധ സന്യാസികളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പലായനം ചെയ്ത റോഹിംഗ്യകളുടെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നു. .യു.എന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഏഴ് ലക്ഷത്തില്‍ കൂടുതല്‍ റോഹിംഗ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
ജൂലൈ ഒന്ന് മുതല്‍ വേള്‍ഡ് ബാങ്ക് പ്രസിഡന്റ് ജിം യോങ് കിമ്മിനോടൊപ്പമാണ് അന്റോണിയോ ഗുട്ടറസ് ബംഗ്ലാദേശിലെത്തുകയെന്ന് യു.എന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക് മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും ധാക്കയില്‍ വച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന കോക്സ് ബസാറില്‍ ഗുട്ടറസും വേള്‍ഡ് ബാങ്ക് പ്രസിഡന്റും സന്ദര്‍ശിക്കും. യു.എന്‍ അഭയാര്‍ഥി ഏജന്‍സി ഹൈക്കമ്മിഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി, യു.എന്‍ പോപുലേഷന്‍ ഫണ്ട് എക്സിക്യുട്ടീവ് ഡയരക്ടര്‍ നാടാലിയ കാനം എന്നിവര്‍ ഇരുവര്‍ക്കുമൊപ്പം കോക്സ് ബസാര്‍ സന്ദര്‍ശിക്കും. അതിനിടെ റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ പ്രശ്ന പരിഹാരത്തിനായി വോള്‍ഡ് ബാങ്ക് 480 ദശലക്ഷം ഡോളറിന്റെ സഹായം ബംഗ്ലാദേശിന് നല്‍കും. റോഹിംഗ്യകളുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ പരിരക്ഷ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."