പരീക്ഷാഹാളില്‍ വിദ്യാര്‍ഥിയുടെ മലമൂത്രവിസര്‍ജനം: അധ്യാപികക്കെതിരേ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു
കൊല്ലം: എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ അധ്യാപിക ടോയ്‌ലറ്റില്‍ പോകാന്‍ അനുവാദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തിയ സംഭവത്തില്‍ അധ്യാപികക്കെതിരേ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. ബാലാവകാശ കമീഷൻ ചെയർമാൻ പി. സുരേഷ് ആണ് കേസെടുത്തത്.
കൊല്ലം കടയ്ക്കലിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രസതന്ത്രം പരീക്ഷയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാര്‍ഥി ടോയ്‌ലറ്റില്‍ പോകാന്‍ അനുമതി തേടി അധ്യാപികയെ സമീപിച്ചെങ്കിലും ഇവര്‍ അനുവാദം നല്‍കിയില്ല എന്നാണ് പരാതി. ഇതോടെ വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു.
വിദ്യാര്‍ത്ഥിയുടെ ബുദ്ധിമുട്ട് പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക വിസമ്മതിക്കുകയായിരുന്നു. പരീക്ഷയെഴുതാന്‍ പോലും കഴിയാതെ വിഷമിച്ച വിദ്യാര്‍ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തി. പരീക്ഷ കഴിഞ്ഞശേഷമാണ് വിവരം സ്‌കൂള്‍ അധികൃതര്‍ അറിയാന്‍ ഇടയായത്. തുടര്‍ന്ന് വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് അയക്കുകയായിരുന്നു.
വീട്ടിലെത്തിയ വിദ്യാര്‍ത്ഥി വീട്ടുകാരോട് കാര്യം പറഞ്ഞില്ല. എന്നാല്‍ ബുധനാഴ്ചയോടെ സംഭവം അറിയാന്‍ ഇടയായ രക്ഷിതാക്കള്‍ അധ്യാപികയ്‌ക്കെതിരെ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപികയുടെ പിടിവാശി മൂലം പരീക്ഷാഹാളില്‍ അപമാനം അനുഭവിക്കേണ്ടി വന്ന മകന് നല്ലരീതിയില്‍ പരീക്ഷയെഴുതാനായിട്ടിലെന്നും മകന്റെ മികച്ച വിജയം നഷ്ടപ്പെടുത്തിയ അധ്യാപികയ്‌ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും മാതാപിതാക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."