അപൂര്‍വ രോഗം ബാധിച്ച കുട്ടികള്‍ രണ്ടാംഘട്ട ചികിത്സക്കായി ഇന്ന് കോയമ്പത്തൂരിലേക്ക്
കൊണ്ടോട്ടി: സുമനസുകളുടെ സഹായത്തോടെ എല്ലു വളയുന്ന അപൂര്‍വ രോഗം ബാധിച്ച ചീക്കോട് പള്ളിപ്പടിയിലെ കുട്ടികളെ രണ്ടാം ഘട്ട ചികില്‍സക്കു തയ്യാറെടുക്കുന്നു. ഇവരുടെ ചികില്‍സക്കു രൂപീകരിച്ച കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഇന്നു കോയമമ്പത്തൂര്‍ ഗംഗ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ജീവിതം കരുപിടിപ്പിച്ചു വരവെയാണു പള്ളിപ്പടി പന്തീരായി പറമ്പില്‍ മുസ്തഫക്ക് ഇങ്ങനെയൊരു പരീക്ഷണം വന്നത്. ഉള്ളതെല്ലാം വിറ്റു മക്കളെ ചികിത്സിച്ചെങ്കിലും ഓപ്പറേഷന്‍ മാത്രമാണു ഡോക്ടര്‍മാര്‍ പരിഹാരമായി പറഞ്ഞത്.നാട്ടുകാര്‍ ഒരുമിച്ച് മൂന്നു കുരുന്നകള്‍ക്കായി കമ്മറ്റി രൂപീകരിച്ചു രംഗത്തിറങ്ങുകയായിരുന്നു.
ഒന്നാം ഘട്ടം ഓപ്പറേഷനു മാത്രം 36 ലക്ഷം ചെലവായി. രണ്ടാം ഘട്ടത്തിന് ഇതിലേറെ വരുന്നതായും സുമനസ്സുകളില്‍ മാത്രമാണു പ്രതീക്ഷയെന്നും കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. ഒട്ടേറെ പേര്‍ സഹായമെത്തിച്ചിട്ടുണ്ടെങ്കിലും ഇനിയും തൂക വേണ്ടി വരുന്നുണ്ട്. ഇതിനിടെ ഓപ്പറേഷന്‍ കഴിയാത്ത ഇളയ മകള്‍ നഷ്‌വയെ ആയുര്‍വേദ ചികില്‍സ നല്‍കാന്‍ ഡോ മുഹമ്മദ് ബാപ്പു രംഗത്ത് വന്നിരുന്നു.
കമ്മിറ്റി അംഗങ്ങള്‍ ഇതു സംബന്ധമായി ഡോക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മൂത്ത കുട്ടികളായ സുറൂര്‍ സമാന്‍, ഫാസില്‍ സമാന്‍ എന്നിവരെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരെ ബന്ധപ്പെട്ടതു പ്രകാരം ആലോപ്പതിചികില്‍സ പെട്ടെന്നു മാറ്റുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്ത് ആയുര്‍വേദ ചികില്‍സ തല്‍ക്കാലം വേണ്ടെന്നു വെച്ചതായി കമ്മിറ്റി അറിയിച്ചു.
അതേ സമയം കുട്ടികളെ സഹായിക്കാന്‍ കഴിഞ്ഞ ദിവസം മൂന്നു ബസുകള്‍ സര്‍വീസ് നടത്തി. കൊണ്ടോട്ടി ഫറോക്ക് റൂട്ടില്‍ ഓടുന്ന വലിയ പറമ്പ് തൊപ്പാശ്ശേരി ഹസ്സന്‍കുട്ടി ഹാജിയുടെ സാഹിറ മോള്‍, തവക്കല്‍, പുളിക്കല്‍,തൊപ്പാശ്ശേരി മന്‍സൂറിന്റെ റംസാന്‍ ഡിലക്‌സ് എന്നീ ബസുകളാണ് ഇന്നലെ കാരുണ്യവഴിയില്‍ സര്‍വീസ് ഒരുക്കിയത്. ജീവനക്കാരും സൗജന്യ സേവനം നടത്തി മാതൃക കാണിച്ചു. ബസുകളില്‍ ലഭിച്ച 27000 രൂപ ചികില്‍സാകമ്മിറ്റിക്ക് ഇന്ന് നല്‍കുമെന്ന് ഉടമകള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."