നിപാ വൈറസിന്റെ ഉറവിടം: അന്വേഷണ റിപ്പോര്‍ട്ട് ആറ് മാസത്തിനകം
കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ നടത്തുന്ന പരിശോധനയുടെ റിപ്പോര്‍ട്ട് ആറു മാസത്തിനകം സമര്‍പ്പിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) ശാസ്ത്രജ്ഞര്‍ ആണ് റിപ്പോര്‍ട്ട് തയാറാക്കുക. അപൂര്‍വമായ നിപാ വൈറസ് കോഴിക്കോട്ടെത്താനുള്ള സാഹചര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുക.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത മേല്‍നോട്ടത്തില്‍ ഐ.സി.എം.ആറിന്റെ ചെന്നൈ ആസ്ഥാനമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയിലെ ശാസ്ത്രജ്ഞരാണ് ഉറവിടം കണ്ടെത്താനുള്ള പഠനം നടത്തുന്നത്. അഞ്ചുപേരടങ്ങിയ സംഘത്തിലെ രണ്ടുപേര്‍ പേരാമ്പ്ര പന്തിരിക്കരയിലും സമീപ പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി വവ്വാലുകളുടെയും വളര്‍ത്തുമൃഗങ്ങളുടേയും രക്തസാംപിളുകള്‍ ശേഖരിച്ചു. രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച 55 വവ്വാലുകളുടെ രക്തസാംപിളുകളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ഇതിനകം വിവിധ ഇനം വവ്വാലുകളുടെ രക്തസാംപിളുകള്‍ പരിശോധിച്ചുകഴിഞ്ഞു.
കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകള്‍, മൃഗസംരക്ഷണ വകുപ്പ്, എയിംസ് എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ഐ.സി.എം.ആറിന് കൈമാറി. ഇതും ഐ.സി.എം.ആര്‍ സ്വന്തം നിലക്ക് തയാറാക്കിയ റിപ്പോര്‍ട്ടും വിശകലനം ചെയ്താണ് അന്തിമ റിപ്പോര്‍ട്ടിന് രൂപം നല്‍കുക. ചെങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട കേന്ദ്രീകരിച്ചാണ് സംഘം പ്രധാനമായും പരിശോധന നടത്തിയത്. ഈ മേഖലയില്‍ പഴംതീനികളായ വവ്വാലുകളില്‍ നിന്നാകാം രോഗം പടര്‍ന്നതെന്ന ശക്തമായ നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതേക്കുറിച്ച് കൂടുതലൊന്നും അന്വേഷണ സംഘം പ്രതികരിച്ചിട്ടില്ല. ഡിസംബറില്‍ വീണ്ടും രോഗസാധ്യതയുണ്ടെന്ന ഇവരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനെയും അറിയിച്ചിട്ടുണ്ട്. പൂര്‍ണമായി കൃത്യതയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഐ.സി.എം.ആര്‍ കൂടുതല്‍ സമയം തേടിയത്.
വൈറസിന്റെ ഉറവിടത്തെ കുറിച്ച് ലോകാരോഗ്യസംഘടന കേന്ദ്രത്തോട് വിശദീകരണം തേടിയ സാഹചര്യത്തിലാണ് നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ധര്‍ ഉള്‍പ്പെടെ മേല്‍നോട്ടം വഹിക്കുന്ന സംഘം പഠനത്തിനെത്തിയത്. 50 രാജ്യങ്ങളിലെ ആരോഗ്യ വിഭാഗവും കാത്തിരിക്കുന്നത് ഈ പഠന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."