കാഫുമലയിലെ അനധികൃത നിര്‍മാണ പ്രവൃത്തികള്‍ക്ക് സ്റ്റോപ്പ് മെമ്മോ: വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചു
താമരശേരി: കൊടുവള്ളി നഗരസഭയിലെ കരീറ്റിപ്പറമ്പ് ഡിവിഷനില്‍ കാഫുമലയില് കുന്നിടിച്ചു നടത്തുന്ന അനധികൃത നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ കൊടുവള്ളി വില്ലജ് ഓഫിസറുടെ നിര്‍ദേശം. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലം കൊടുവള്ളി വില്ലജ് ഓഫിസര്‍ ജീമോള്‍ സന്ദര്‍ശിച്ചു. റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ പ്രദേശത്തു നടക്കുന്ന കുന്നിടിക്കലിനെതിരേ കഴിഞ്ഞ ദിവസം 'സുപ്രഭാതം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണു നടപടി.
നിര്‍മാണ പ്രവൃത്തികള്‍ തീര്‍ത്തും അശാസ്ത്രീയമാണെന്നും നിര്‍മാണം നടന്ന പ്രദേശത്തു നിര്‍മിച്ച വന്മതില് ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നും വില്ലേജ് ഓഫിസര്‍ പറഞ്ഞു. മതിലിനോടടുത്തു താമസിക്കുന്ന വീട്ടുകാരോടു വീടൊഴിയാനും സുരക്ഷിതമായ വീട്ടിലേക്കു മാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരെ വാടകവീട്ടിലേക്കു മാറ്റാനും ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു. അനധികൃത നിര്‍മാണത്തെ കുറിച്ച് ഇന്നു ജില്ലാ കലക്ടര്‍ക്കും താമരശേരി തഹസില്‍ദാര്‍ക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും വില്ലേജ് ഓഫിസര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
റവന്യൂ വകുപ്പിന്റെയോ നഗരസഭയുടെയോ അനുമതിയില്ലാതെയാണ് റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ രണ്ടേക്കര്‍ കുന്ന് ഇടിച്ചുനിരത്തിയത്. കൊടുവള്ളി നഗരസഭയിലേക്കും മടവൂര്‍ കിഴക്കോത്ത് പഞ്ചായത്തുകളിലേക്കും വെള്ളം എത്തിക്കുന്ന കുടിവെള്ള ടാങ്കും ഇവിടെയാണു സ്ഥിതിചെയ്യുന്നത്.നിര്‍മാണം നടക്കുന്ന സ്ഥലത്തുനിന്നു നൂറു മീറ്ററില്‍ താഴെ മാത്രമാണ് ടാങ്കിലേക്കുള്ള ദൂരം. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സംഭരിക്കുന്ന കുടിവെള്ള ടാങ്കിന്റെ നിലനില്‍പ്പും ഭീഷണിയിലായിരിക്കുകയാണ്. മണ്ണെടുത്തതിനെ തുടര്‍ന്നു സമീപവീടുകളിലേക്ക് വെള്ളം കുത്തിയൊലിക്കുകയും മണ്ണിടിഞ്ഞു വീഴുകയും ചെയ്തിരുന്നു. നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളിലെ മതില്‍ക്കെട്ടുകള്‍ ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.
നഗരസഭാ കൗണ്‍സിലര്‍ യു.വി ഷാഹിദ്, സമദ് പി.കെ.സി എന്നിവര്‍ വില്ലേജ് ഓഫിസര്‍ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."