സാമ്പത്തിക വഴിത്തിരിവുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: തന്റെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേലയില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. 130 കോടി ഇന്ത്യക്കാരുടെ കരുത്തില്‍ രാജ്യത്ത് സാമ്പത്തിക വഴിത്തിരിവുണ്ടാകുമെന്നാണ് കത്തില്‍ പ്രധാനമായും അദ്ദേഹം പരാമര്‍ശിക്കുന്നത്.
സര്‍ക്കാരിന്റെ നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടുകയും കൊവിഡ് വ്യാപനം മൂലം തൊഴിലാളികള്‍ക്കുണ്ടായ പ്രയാസങ്ങള്‍ എടുത്തുപറയുകയും ചെയ്ത കത്തില്‍ രാജ്യത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ കൃത്യമായി പ്രതിപാദിക്കുന്നില്ല.
ലോകത്ത് കൂടുതല്‍ കൊവിഡ് വ്യാപനമുണ്ടാകുക ഇന്ത്യയിലാകുമെന്നാണ് മറ്റു രാജ്യങ്ങള്‍ കണക്കുകൂട്ടിയതെന്നും എന്നാല്‍ അതിനെ രാജ്യം അതിജീവിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ തൊഴിലാളികളുടെ പ്രയാസങ്ങള്‍ ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ സാമ്പത്തിക പ്രയാസം 130 കോടി ജനങ്ങളുടെ കരുത്തില്‍ രാജ്യം അതിജീവിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം വലിയതോതില്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം എണ്ണായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമ്പത്തിക വിഷയത്തില്‍, കഴിഞ്ഞ വര്‍ഷത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇതനുസരിച്ച് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 4.2 ശതമാനമാണ് ജി.ഡി.പി വളര്ച്ച്. അവസാന പാദത്തില്‍ ഇത് 3.1 ശതമാനം മാത്രമാണ്.
കൊവിഡ് വ്യാപനത്തിനു മുന്‍പുതന്നെ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."