ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് സ്വാഗതം ചെയ്തു കൊണ്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി
കല്‍പ്പറ്റ: പാരിസ്ഥിതിക-ചരിത്ര പ്രാധാന്യമുള്ള ആറാട്ടുപാറ, കൊളഗപ്പാറ, ഫാന്റം റോക്ക് എന്നിവയ്ക്ക് സമീപം ഖനനം തടയുന്ന 2016 ഓഗസ്റ്റ് രണ്ടിലെ ഉത്തരവ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വീണ്ടും പ്രാബല്യത്തിലാക്കിയതിനെ വയനാട് പ്രകൃതി സംരക്ഷണ സമിതി സ്വാഗതം ചെയ്തു.
അമ്പലവയല്‍, കൃഷ്ണഗിരി വില്ലേജുകളിലെ ഖനനവും ക്രഷര്‍ പ്രവര്‍ത്തനവും പരിസ്ഥിതിക്ക് കനത്ത ആഘാതം ഏല്‍പ്പിക്കുന്നതാണ്. ഡി.ഡി.എം.എ ഉത്തരവില്‍ പറയുന്ന പാറമടകള്‍ക്ക് ചുറ്റുമായി 17 ക്രഷറുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഒരു ക്രഷര്‍ ഒരു ദിവസം പ്രവര്‍ത്തിപ്പിക്കാന്‍ ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളം വേണം. കൃഷ്ണഗിരിയിലെ ഒരു ക്രഷറില്‍ മാത്രം 15 അനധികൃത കുഴല്‍ക്കിണറുകളുണ്ട്. സ്‌ഫോടനങ്ങളുടെ പ്രകമ്പനങ്ങള്‍ അതിന്റെ തോതനുസരിച്ച് നിരവധി കിലോമീറ്റര്‍ ദൂരത്തില്‍ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടതാണ്.
കാരാപ്പുഴ അണയുടെ ഒരു കിലോമീറ്റര്‍ ആകാശദൂരത്തിലാണ് ക്വാറി-ക്രഷര്‍ വിലക്ക് ബാധകമാക്കിയ പ്രദേശങ്ങള്‍. ഏതെങ്കിലും രീതിയില്‍ അണയ്ക്കുണ്ടാകുന്ന തകര്‍ച്ച വിവരിക്കാനാകാത്ത ദുരന്തങ്ങള്‍ക്ക് കാരണമാകും. ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കാനിരിക്കുന്ന എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നതും ഏതാണ്ട് ഇതേ ദുരപരിധിയിലാണ്. സമീപ പ്രദേശങ്ങളിലെ ക്വാറി-ക്രഷര്‍ പ്രവര്‍ത്തനം എടക്കല്‍ ഗുഹയുടെ നാശത്തിനു കാരണമാകും. 2000-ലും 2005-ഉം കൃഷ്ണഗിരി, അമ്പലവയല്‍, നെന്മേനി, ബത്തേരി പ്രദേശങ്ങളില്‍ അപകടരേഖയോടടുത്ത ഭൂചലനം ഉണ്ടായതാണ്.
എന്നിരിക്കെ കടുത്ത പാരിസ്ഥിതിക ദുരന്തങ്ങളില്‍നിന്നു വയനാടിനെ രക്ഷിക്കാന്‍ ഉതകുന്ന തീരുമാനമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്നുണ്ടായത്. അമ്പലവയല്‍, കൃഷ്ണഗിരി വില്ലേജുകളില്‍ പാറമടകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം ജില്ലയില്‍ നിര്‍മാണ മേഖല താറുമാറായെന്നത് കുപ്രചാരണമാണ്.
പാറക്കുന്നുകള്‍ പൂര്‍ണമായും തകര്‍ത്തുമാത്രമേ ജില്ലയില്‍ നിര്‍മാണങ്ങള്‍ സാധ്യമാകൂ എന്ന ക്വാറി-ക്രഷര്‍ നടത്തിപ്പുകാരുടെ നിലപാട് ഏറ്റുപിടിക്കുന്ന രാഷ്ട്രീയ-ട്രേഡ് യൂണിയന്‍ നേതൃത്വം അവസാനിപ്പിക്കണം.
ഊട്ടിയിലേതുപോലെ വയനാട്ടിലും സമ്പൂര്‍ണ ക്വാറി-ക്രഷര്‍ നിരോധനമാണ് ആവശ്യമെന്നും സമിതി പ്രസിഡന്റ് എന്‍ ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."