ഇന്ത്യക്കെതിരേ ഇനി ഭീകരാക്രമണമുണ്ടായാല്‍ കാര്യങ്ങള്‍ വഷളാകും
വാഷിങ്ടണ്‍: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശാശ്വതമായ നടപടിയെടുക്കണമെന്ന് പാകിസ്താനോട് യു.എസ്. ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ കാര്യങ്ങള്‍ വഷളാകുമെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.
തീവ്രവാദ സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ സംഘടനകള്‍ക്കെതിരേ ശക്തവും ഫലപ്രദവുമായി നടപടിയാണ് പാകിസ്താനില്‍ പ്രതീക്ഷിക്കുന്നതെന്നും അതിലൂടെ മേഖലയിലെ സംഘര്‍ഷ സാഹചര്യമില്ലാതാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരേ പാകിസ്താന്‍ നടപടിയെടുക്കാത്തതിനാല്‍ ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രമണമുണ്ടാവുകയാണെങ്കില്‍ പാകിസ്താന് അതു ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും.
ഇതു മേഖലയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യമുണ്ടാകും. ഇന്ത്യയെയും പാകിസ്താനെയും ദോഷകരമായാണ് ഇക്കാര്യം ബാധിക്കുക.
തീവ്രവാദികള്‍ക്കെതിരേ പാകിസ്താന്‍ ശാശ്വതമായ നടപടിയെടുക്കുമെന്നാണ് യു.എസും ലോകസമൂഹവും പ്രതീക്ഷിക്കുന്നത്. തീവ്രവാദികള്‍ക്കെതിരേ പാകിസ്താന്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നു.
തീവ്രവാദ സംഘങ്ങളുടെ സ്വത്തുകള്‍ കണ്ടെത്തുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിരുന്നു.
എന്നാല്‍ ഈ നടപടികള്‍ മാത്രം പര്യാപ്തമല്ല. കൂടുതല്‍ ശക്തമായ നടപടികളെടുക്കേണ്ടതുണ്ട്.
കഴിഞ്ഞ കാലങ്ങളിലും ഇത്തരം അറസ്റ്റ് നടത്തിയെങ്കിലും പിടിയിലായ ഭീകരരെ വിട്ടയക്കുന്നതാണ് പാകിസ്താന്റെ ചരിത്രം.
കൂടാതെ തീവ്രവാദി നേതാക്കള്‍ പാകിസ്താനിലുടനീളം സഞ്ചരിക്കുന്നതും റാലികള്‍ നടത്തുന്നതും നാം കണ്ടിട്ടുണ്ട്. ലോക രാഷ്ട്രങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഭീകരവാദത്തിനെതിരേ പാകിസ്താന്‍ നടപടിയെടുക്കുന്നതിന് സമ്മര്‍ദം ചെലുത്തും -അദ്ദേഹം പറഞ്ഞു. പുല്‍വാമയിലുണ്ടായ തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാനായി ഇന്ത്യയുമായും പാകിസ്താനുമായും യു.എസ് നിരന്തരം ബന്ധപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."