കേരളത്തിന്റെ പ്രഥമ വനിതാ ഡി.ജി.പി ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഥമ വനിതാ ഡി.ജി.പിയായി ആര്. ശ്രീലേഖ ചുമതലയേറ്റു. അഗ്നിരക്ഷാ സേന മേധാവിയായാണ് ചുമതലയേറ്റത്. എ. ഹേമചന്ദ്രന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 35 വര്‍ഷത്തെ സര്‍വിസ് പൂര്‍ത്തിയാക്കിയാണ് ഹേമചന്ദ്രന് വിരമിക്കുന്നത്. വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെ അഗ്നിരക്ഷാ സേന ആസ്ഥാനത്തെത്തിയ ശ്രീലേഖയെ ജീവനക്കാര്‍ സ്വീകരിച്ചു. അഗ്നിരക്ഷാ സേനാ മേധാവിയുടെ ചുമതലകള്‍ എ. ഹേമചന്ദ്രന് കൈമാറി. സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. 1987ലാണ് ഐ.പി.എസ് ലഭിച്ചത്. ഗതാഗത കമ്മിഷണറായി സേവനമനുഷ്ഠിക്കവേയാണ് അഗ്നിരക്ഷാ സേന മേധാവിയായി ചുമതല ലഭിക്കുന്നത്. എ.ഡി.ജി.പിമാരായിരുന്ന ശ്രീലേഖക്കും എന്‍. ശങ്കര്‍ റെഡ്ഢിക്കും കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഡി.ജി.പി റാങ്ക് നല്കാന് തീരുമാനിച്ചത്. ഈ വര്‍ഷം ഡിസംബര്‍ വരെയാണ് ശ്രീലേഖയുടെ കാലാവധി.
1988ല്‍ കോട്ടയം എ.എസ്.പിയായാണ് സര്‍വിസ് ആരംഭിക്കുന്നത്. ആലപ്പുഴ, തൃശൂര്‍, പത്തനംതിട്ട പൊലിസ് മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐ.ജി, വിജിലന്‍സ് ഡയറക്ടര്‍, ഇന്റലിജന്‍സ് എ.ഡി.ജി.പി, ജയില്‍ മേധാവി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, റബര്‍ മാര്‍ക്കറ്റിങ്, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് എം.ഡി എന്നീ നിലകളിലും ശ്രീലേഖ പ്രവര്‍ത്തിച്ചു. വിജിലന്‍സിന്റെ ഭാഗമായി പ്രവര്‍ത്തിച്ചപ്പോള്‍ വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലിസ് മെഡല്‍ നേടിയിട്ടുണ്ട്.
ടോം ജോസ് വിരമിച്ചതിനെത്തുടര്‍ന്ന് പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ഇന്ന് ചുമതലയേല്‍ക്കും. 1986 ബാച്ചുകാരനായ അദ്ദേഹത്തിന് അടുത്ത ഫെബ്രുവരി 19 വരെയാണ് സര്‍വിസുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."