മീന്‍ വില്‍പ്പന കുറഞ്ഞു; കോഴിവിലയില്‍ വര്‍ധന
ഈരാറ്റുപേട്ട: കോഴിയിറച്ചിയുടെ വില കുത്തനെ കൂടി. മീനില്‍ മാരകവിഷം കണ്ടെത്തിയതോടെ ജനങ്ങള്‍ കോഴിയിറച്ചിയിലേക്കു തിരിഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണം. എന്നാല്‍ മീന്‍ വില്‍പ്പന കുത്തനെ കുറഞ്ഞു. ജനങ്ങള്‍ മീന്‍ വാങ്ങുന്നത് കുറച്ച് കോഴിയിലേക്കു തിരിഞ്ഞതോടുകൂടി മത്സ്യവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കുടുംബങ്ങള്‍ പട്ടിണിയിലാകുകയും ചെയ്തു.
ഓരോ ദിവസവും കോഴിക്ക് വില കൂടുകയാണ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് ഇന്നലെ നഗരത്തിലെ വില 120 രൂപയായിരുന്നു. മീനിലെ മാരക വിഷം കണ്ടെത്തുകയും പരിശോധന ശക്തമാക്കുകയും ചെയ്യുന്നതിന് മുന്‍പ് കൂടിയ വില 90 രൂപയായിരുന്നു. അതിനു ശേഷം ഓരോ ദിവസവും കോഴിയുടെ വില കൂടുകയാണ്.
കോഴി കച്ചവടക്കാര്‍ ഒറ്റയടിക്കു വിലയും കൂട്ടി. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലെ ഫാമുകളിലേക്കു കോഴിക്കുഞ്ഞുങ്ങളുടെ വരവ് കുറഞ്ഞു. മഴ ശക്തമായതോടെ സംസ്ഥാനത്തെ ഉല്പാദനവും കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഇറച്ചിക്കോഴി എത്തിക്കുമ്പോളുണ്ടാകുന്ന അധിക ചെലവും കൂടിയായപ്പോള്‍ വില വീണ്ടും കുതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."