കിളിമാനൂര്‍ മാര്‍ക്കറ്റ് ലേലം: റവന്യു റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്
കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള കിളിമാനൂര്‍ മാര്‍ക്കറ്റിലെ നികുതി പിരിവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗുരുദാസന്‍ എന്നയാള്‍ക്കെതിരേയുള്ള റവന്യു റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ തുടര്‍ന്നൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ ഉത്തരവിട്ടു.
2017 - 18 സാമ്പത്തിക വര്‍ഷം കിളിമാനൂരിലെ പൊതു മാര്‍ക്കറ്റിലെ നികുതി പിരിക്കാനുള്ള അവകാശം അടയമണ്‍ സ്വദേശി ഗുരുദാസനാണ് ലേലം പിടിച്ചത്. 2017 ഏപ്രില്‍ 1ന് ഗുരുദാസന്‍ നികുതി പിരിക്കാന്‍ വന്നപ്പോള്‍ പഞ്ചായത്ത് ഭരണ സമിതിയില്‍ ഉള്ള സി.പി.ഐയിലെ 3 അംഗങ്ങള്‍ നികുതി പിരിവ് തടസപ്പെടുത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് ആ സാമ്പത്തിക വര്‍ഷം ഒരു രൂപ പോലും പിരിക്കാന്‍ കഴിഞ്ഞിരുന്നില്ലന്ന് കാട്ടി ഗുരുദാസന്‍ വിവിധ തലങ്ങളില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ലേല നടപടികളുമായി ബന്ധപ്പെട്ട നടപടികളെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.
ഇതിനിടയില്‍ പഞ്ചായത്ത് ഗുരുദാസനെതിരേ റവന്യു റിക്കവറി നടപടികള്‍ ആരംഭിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഗുരുദാസന്‍ നല്‍കിയ പരാതിയിലാണ് പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ്. 2018 - 19 വര്‍ഷത്തെ നികുതി പിരിവ് സംബന്ധിച്ചും ഹെക്കോടതിയില്‍ മൂന്ന് കേസുകള്‍ നിലവിലുണ്ട്. 2017 - 18, 2018 - 19 വര്‍ഷങ്ങളിലെ നികുതി പിരിവുകള്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ പഞ്ചായത്ത് ഭരണ സമിതി നേരിടുകയാണ്.
മാര്‍ക്കറ്റ് ലേലവുമായി ബന്ധപ്പെട്ട് ഭരണ സമിതിയിലെ ചില അംഗങ്ങളുടെ നടപടികള്‍ മൂലം പഞ്ചായത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകാന്‍ ഇടയുള്ളതായി സ്വതന്ത്ര അംഗങ്ങളും കോണ്‍ഗ്രസ് അംഗങ്ങളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."