ബുണ്ടസ്‌ലിഗ; ബയേണ്‍ കുതിപ്പ്
മ്യൂണിക്: ബുണ്ടസ്‌ലിഗയിലെ അവസാന ഘട്ടത്തില്‍ നിര്‍ണായകമായ മൂന്ന് പോയിന്റ് സ്വന്തമാക്കാന്‍ ബയേണിന് ഇന്നലെ ആഴ്ന്നിറങ്ങി കളിക്കേണ്ടി വന്നില്ല. താരതമ്യേന ദുര്‍ബലരായ ഫോര്‍റ്റുന ദുസ്സെല്‍ഡോര്‍ഫിനെ അവര്‍ വീഴ്ത്തിയത് ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക്.
ടീമിന്റെ നെടുംതൂണ്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇരട്ട ഗോളിനവകാശിയായപ്പോള്‍ ഇറ്റലിയുടെ പ്രതിരോധക്കാരന്‍ ബെഞ്ചമിന്‍ പാവാര്‍ഡും അല്‍ഫോന്‍സോ ഡേവിസും ഓരോ ഗോള്‍ വീതം നേടി. ദുസ്സെല്‍ഡോര്‍ഫിന്റെ പ്രതിരോധതാരം മാത്തിയാസ് ജോര്‍ഗെന്‍സന്റെ സെല്‍ഫ് ഗോളും ടീമിന് ഗുണംചെയ്തു. ജയത്തോടെ രണ്ടാമതുള്ള ഡോര്‍ട്ട്മുണ്ടുമായുള്ള പോയിന്റ് വ്യത്യാസം 10 ആക്കി ഉയര്‍ത്താനും ബയേണിനായി. 29 കളികളില്‍ നിന്ന് ബയേണിന് 67 പോയിന്റുണ്ട്. ഒരു കളി പിറകിലുള്ള ഡോര്‍ട്ട്മുണ്ട് 57 പോയിന്റോടെയാണ് രണ്ടാമതുള്ളത്.
കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ബയേണിനായിരുന്നു മുന്‍തൂക്കം. 15ാം മിനുട്ടില്‍ ബെഞ്ചമിന്‍ പാവാര്‍ഡിന്റെ ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മാത്തിയാസ് ജോര്‍ഗെന്‍സന്റെ സെല്‍ഫിലൂടെ ബയേണിന്റെ ആദ്യ ഗോള്‍ വീണത്. തുടര്‍ന്ന് 23ാം മിനുട്ടില്‍ ജോഷ്വാ കിമ്മിച്ചിന്റെ കോര്‍ണര്‍ കിക്കിന് തലവെച്ച് പാവാര്‍ഡ് ടീമിന്റെ ഗോള്‍നേട്ടം രണ്ടാക്കി ഉയര്‍ത്തി. ലെവന്‍ഡോവ്‌സ്‌കിയായിരുന്നു അടുത്ത തുറുപ്പുചീട്ട്. 43ാം മിനുട്ടില്‍ താരത്തിലൂടെ ബയേണ്‍ മൂന്നാം ഗോളും അടിച്ചു. തുടര്‍ന്ന് അഞ്ച് മിനുട്ടുകള്‍ക്കകം രണ്ടാം തവണയും പന്ത് വലയിലാക്കി ലെവന്‍ഡോവ്‌സ്‌കി ബയേണിന്റെ ഗോള്‍നേട്ടം നാലാക്കി. 52ാം മിനുട്ടില്‍ ഡേവീസ് കൂടി ലക്ഷ്യം കണ്ടതോടെ അഞ്ച് ഗോളോടെ ബയേണിന് വീണ്ടും ജയം. ജയത്തോടെ തുടര്‍ച്ചയായ എട്ടാം കിരീടമോഹത്തിന് ബയേണ്‍ ഒന്നുകൂടി അടുത്തു.
ഡോര്‍ട്ട്മുണ്ടിനെതിരേ 1-0ന് വിജയിച്ച ആത്മവിശ്വാസത്തോടെയാണ് ബയേണ്‍ ദുസ്സെല്‍ഡോര്‍ഫിനെ സ്വന്തം സ്റ്റേഡിയത്ത് വരവേറ്റത്. എന്നാല്‍ കളിക്കളത്ത് നിലംപരിശാക്കിയാണ് ബയേണ്‍ അവരെ മടക്കിയയച്ചത്.
ശനിയാഴ്ച മികച്ച ടീമായ ബയര്‍ ലെവര്‍കൂസനാണ് ബയേണിന്റെ അടുത്ത എതിരാളി. സീസണിലെ ആദ്യ മത്സരത്തില്‍ ഇവര്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ബയേണിന് പരാജയമായിരുന്നു ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."