അയല്‍വാസികളുടെ മര്‍ദനം: ആദിവാസി യുവാവും കുടുംബവും പട്ടിണിയില്‍
നിലമ്പൂര്‍: അയല്‍വാസികളുടെ മര്‍ദനത്തിനിരയായി ആദിവാസി യുവാവിന്റെ കൈക്ക് പരുക്കുപറ്റിയതിനാല്‍ കുടുംബം പട്ടിണിയിലായതായി ആക്ഷേപം. ചാലിയാര്‍ പഞ്ചായത്തിലെ കൊമ്പന്‍കൊല്ലി ആദിവാസി കോളനിയിലെ സതീശനും കുടുംബവുമാണ് ദുരിതത്തിലായത്.
നടപടിയുണ്ടാകാത്തപക്ഷം ജില്ലാ കലക്ടറെ നേരില്‍ കണ്ട് പരാതി പറയാനിരിക്കുകയാണ് സതീശനും കുടുംബവും. ജോലിക്ക് പോകാനാകാത്തതിനാല്‍ കുടുംബം പട്ടിണിയിലായതായി സതീശന്റെ ഭാര്യ ബിന്ദു പറഞ്ഞു.
കഴിഞ്ഞ മെയ് 30ന് രാത്രിയിലാണ് അയല്‍വാസിയും മക്കളും ചേര്‍ന്ന് സതീശന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. ഉടനെ പോത്തുകല്ല് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ആക്രമണത്തില്‍ കൈ ഒടിഞ്ഞ് പരുക്കുണ്ട്.
ഇതുകാരണം ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ചെറിയ കുട്ടികളെ വീട്ടിലാക്കി ജോലിക്ക് പോകാന്‍ ഭാര്യ ബിന്ദുവിനും കഴിയുന്നില്ല. ഇതിനെ തുടര്‍ന്ന് സതീശന്റെ കുടുംബം കഴിഞ്ഞ ഒരു മാസമായി പട്ടിണിയിലാണെന്ന് ബിന്ദു പറഞ്ഞു.
കൈക്കുള്ള പരുക്കിന് പുറമെ നെഞ്ചിലും പരുക്കുണ്ട്. സതീശന് നടക്കുമ്പോള്‍ തലചുറ്റി വീഴുകയാണെന്നും ബിന്ദു പറഞ്ഞു. എന്നാല്‍ പൊലിസ് വേണ്ട രീതിയില്‍ അന്വേഷണം നടത്തുന്നില്ലെന്നും പ്രതികളെ ഇതുവരെ അറസ്റ്റുചെയ്യുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."