റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ദിവസവും പരിശോധന
മുക്കം: മയക്കുമരുന്ന് ഉല്‍പന്നങ്ങള്‍ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ടൂറിസ്റ്റ് ബസുകളിലും എല്ലാ ദിവസവും ഇനി പൊലിസ് പരിശോധന.
സംസ്ഥാനത്ത് മയക്കുമരുന്നിന്റേയും മറ്റ് ലഹരി ഉല്‍പന്നങ്ങളുടെയും വ്യാപനം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മേഖല എ.ഡി.ജി.പിമാര്‍ക്കും റെയ്ഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പൊലിസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. കേരള ആന്റി നര്‍ക്കോട്ടിക്‌സ് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ കഴിഞ്ഞ രണ്ടു മാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷമാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. വിദ്യാലയങ്ങളുടെ പരിസരത്ത് മയക്കുമരുന്ന് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശക്തമായ നടപടി സ്വീകരിക്കും.
റെയില്‍വേ പൊലിസില്‍ റെയില്‍വേ എസ്.പിയുടെ നേതൃത്വത്തില്‍ ആന്റി നര്‍ക്കോട്ടിക് ഡിവിഷന്‍ രൂപീകരിക്കും. ലഹരി ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിന് പൊലിസും എക്‌സൈസും ചേര്‍ന്ന് സംസ്ഥാനം മുഴുവന്‍ പരിശോധന നടത്തും. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും അതിന്റെ താഴെ തട്ടിലുള്ളവരെ കണ്ടെത്തുന്നതിനും മയക്കുമരുന്നിന് അടിമപ്പെട്ടവരെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും കര്‍മ പദ്ധതി രൂപീകരിക്കാന്‍ മുഴുവന്‍ ജില്ലാ പൊലിസ് മേധാവികള്‍ക്കും ഡി.ജി.പി നിര്‍ദേശം നല്‍കി. ജില്ലകളില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ എല്ലാ ആഴ്ചയും ജില്ലാ പൊലിസ് മേധാവിമാരെ സന്ദര്‍ശിച്ച് മയക്കുമരുന്ന് കടത്തുന്നവരുടെ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യും.
നാര്‍ക്കോട്ടിക്‌സ് സെല്‍ ഡി.വൈ.എസ്.പിമാര്‍ എല്ലാ ആഴ്ചയും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാരുമായി യോഗം ചേരും. എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനായി കണ്ടെത്തിയ 3000 സ്‌കൂളുകളില്‍ അവരോടൊപ്പം ഒരു സിവില്‍ പൊലിസ് ഓഫിസര്‍ കൂടി ഇനിമുതല്‍ സന്ദര്‍ശനം നടത്തും.
എക്‌സൈസ് വകുപ്പിന്റെ ലഹരി മുക്ത പ്രവര്‍ത്തനങ്ങളില്‍ പൊലിസിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കും. മയക്കുമരുന്നിന്റെ ലഭ്യത തടയുക, ആവശ്യകത കുറയ്ക്കുക, അടിമകളായവര്‍ക്ക് കൗണ്‍സലിങ് നല്‍കുക, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മയക്കുമരുന്നിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും പൊലിസ് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."