പയ്യന്നൂരില്‍ സ്വാതന്ത്ര്യ സമര മ്യൂസിയം സ്ഥാപിക്കും: മന്ത്രി കടന്നപ്പള്ളി
പയ്യന്നൂര്‍: പയ്യന്നൂരില്‍ ഗാന്ധി സ്മാരക സ്വാതന്ത്ര്യ സമര മ്യൂസിയം സ്ഥാപിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പയ്യന്നൂര്‍ പഴയ പൊലിസ് സ്റ്റേഷന്‍ നാടിനു സമര്‍പ്പിച്ചു സംസാരിക്കുകായിരുന്നു മന്ത്രി. അന്നൂര്‍ മഹാദേവ ഗ്രാമം, കവ്വായി തുടങ്ങി സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്ര സ്മാരകങ്ങളെ കോര്‍ത്തിണക്കിയാകും പഴയ പൊലിസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഗാന്ധി സ്മാരക സ്വാതന്ത്ര്യ സമര മ്യൂസിയം പുരാവസ്തു വകുപ്പ് സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു. പുരാവസ്തു വകുപ്പ് 90 ലക്ഷം രൂപ ചിലവഴിച്ചാണ് പയ്യന്നൂര്‍ പഴയ പൊലിസ് സ്‌റ്റേഷന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്. 1910ല്‍ ആരംഭിച്ച പൊലിസ് സ്റ്റേഷന്‍ 2016ലാണ് പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ക്വിറ്റിന്ത്യാ സമരകാലത്ത് സ്വാതന്ത്ര്യ സമരപോരാളികള്‍ പയ്യന്നൂര്‍ പഴയ പൊലിസ് സ്റ്റേഷനു മുന്നിലെ ബ്രിട്ടീഷ് പതാക വലിച്ചു താഴ്ത്തി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയത് ദേശീയ പ്രക്ഷോഭ ചരിത്രത്തിലെ പ്രധാന ഏടാണെന്നും അദ്ദേഹം പറഞ്ഞു. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, പുരാവസ്തു വകുപ്പ് ഫീല്‍ഡ് അസിസ്റ്റന്റ് കെ. കൃഷ്ണരാജ് സംസാരിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെയ റജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."