എന്റെ തങ്കു പൂച്ചേ... മിട്ടു പൂച്ചേ... ട്രോളന്‍മാരോട് നന്ദി പറഞ്ഞ് സായി ശ്വേത ടീച്ചര്‍
കോഴിക്കോട്: എന്റെ തങ്കു പൂച്ചേ... മിട്ടു പൂച്ചേ... ഇന്നലെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ തരംഗമായത് സംസ്ഥാന സര്‍ക്കാരിന്റെ ഫസ്റ്റ് ബെല്‍ പദ്ധതി കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഒന്നാംതരം ക്ലാസെടുത്ത ടീച്ചറുടെ വീഡിയോയായിരുന്നു. വടകര പുറമേരിയിലെ മുതുവടത്തൂര്‍ വി.വി.എല്‍.പി സ്‌കൂളിലെ പ്രൈമറി അധ്യാപികയായ സായി ശ്വേതയാണ് തങ്കു പൂച്ചയേയും മിട്ടുപൂച്ചയേയും രസകരമായി കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് കിലുക്കാംപെട്ടി എന്ന പേരില്‍ സായി ശ്വേത തയാറാക്കിയ ഡിജിറ്റല്‍ പാഠപുസ്തകം അധ്യാപകക്കൂട്ടം എന്ന ബ്ലോഗില്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട എസ്.ഇ.ആര്‍.ടി അധികൃതരാണ് ടീച്ചറെ വിദ്യാഭ്യാസ മന്ത്രിക്ക് പരിചയപ്പെടുത്തിയത്. ക്ലാസ് കേട്ട വിദ്യാഭ്യാസ മന്ത്രിയാണ് ഒന്നാം ദിനത്തില്‍ ഒന്നാം തരത്തിന്റെ ക്ലാസെടുക്കാന്‍ സായിശ്വേത ടീച്ചറെ തെരഞ്ഞെടുത്തത്.
കിലുക്കാംപെട്ടി ഡിജിറ്റല്‍ പാഠപുസ്തകത്തിലൂടെ ഒന്നാംക്ലാസിലെ ഓരോ പാഠഭാഗങ്ങളുടേയും അവതരണത്തിനായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്റെ ശബ്ദവും സാന്നിധ്യവും ഓരോ കുട്ടിയുടേയും അടുത്തെത്തിക്കാന്‍ ടീച്ചര്‍ ശ്രദ്ധിച്ചിരുന്നു. ഇതു തന്നെയാണ് ഇന്നലെ വിക്ടേഴ്‌സ് ചാനലിലും കണ്ടത്. മുന്നിലിരിക്കുന്ന കുട്ടികളോട് എങ്ങനെയാണോ അതു പോലെ തന്നെയാണ് ഓണ്‍ലൈനായും ക്ലാസെടുക്കാന്‍ ശ്രമിച്ചതെന്ന് ടീച്ചര്‍ പറഞ്ഞു.
അതേസമയം ടീച്ചറുടെ അവതരണ ശൈലിയെ രസകരമായ രീതിയിലാണ് സോഷ്യല്‍ മീഡിയ ട്രോളിയത്. എന്നാല്‍ എന്നെ ആദ്യമായി ട്രോളിയ ട്രോളന്‍മാര്‍ക്ക് ഒത്തിരി നന്ദി എന്നാണ് ട്രോളുകളോട് ടീച്ചര്‍ പ്രതികരിച്ചത്. ട്രോള്‍ വീഡിയോ സ്വന്തം ഫേസ്ബുക്ക് പേജിലും ടീച്ചര്‍ പങ്കുവെച്ചിട്ടുണ്ട്. ട്രോളുകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ടീച്ചര്‍ക്ക് പ്രമുഖരടക്കം അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്. ടീച്ചറെ ട്രോളിയവര്‍ക്കെതിരെയും സോഷ്യല്‍മീഡിയയില്‍ പല പ്രമുഖരും പ്രതികരിച്ചിട്ടുണ്ട്. സായിശ്വേത ടീച്ചറുടെ സഹപ്രവര്‍ത്തക അഞ്ജുകിരണാണ് ഒന്നാംക്ലാസിലെ മറ്റൊരു വീഡിയോയില്‍ കുട്ടികള്‍ക്ക് രസകരമായ പാട്ടുപാടി ക്ലാസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."