കരുത്തു തെളിയിച്ച് ഉ.കൊറിയ
പ്യോങ് യാങ്: മേഖലയില്‍ അമേരിക്ക നടത്തുന്ന പ്രകോപനം നിര്‍ത്തിയില്ലെങ്കില്‍ ആണവായുധങ്ങളുടെ സഹായത്തോടെ തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയ.
രാജ്യത്തിന്റെ സ്ഥാപക പ്രസിഡന്റ് കിം സങ് രണ്ടാമന്റെ 105ാം ജന്മദിനാഘോഷവേളയിലാണ് ഉത്തര കൊറിയ സൈനിക ശക്തി തെളിയിച്ച് പരേഡ് നടത്തിയത്. ഉത്തര കൊറിയയുടെ ദേശീയ അവധി ദിനമായ ഡേ ഓഫ് ദി സണ്‍ ആയാണ് കിം സങ് രണ്ടാമത്തെ ജന്മദിനം ആഘോഷിക്കുന്നത്.
അമേരിക്ക മേഖലയില്‍ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ദേശീയ ദിനത്തില്‍ ഉ.കൊറിയ സൈനിക ശക്തി പരസ്യപ്പെടുത്തിയത്.
അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരോട് വലിയ വാര്‍ത്തയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഉത്തര കൊറിയ വിവരം നല്‍കിയിരുന്നു. പരേഡ് തല്‍സമയ സംപ്രേഷണം ചെയ്യാനും മാധ്യമങ്ങള്‍ക്ക് അനുമതി ലഭിച്ചു.
പരേഡില്‍ ഭൂഖണ്ഡാന്തര ആണവ മിസൈലുകളും മുങ്ങിക്കപ്പലില്‍ നിന്ന് വിക്ഷേപിക്കാവുന്ന മിസൈലുകളും പ്രദര്‍ശിപ്പിച്ചു. മിസൈലുകളില്‍ ഒന്ന് പുതിയതാണ്. ചൈനയുടെ കരസേനയുടെ പരേഡിനു സമാനമായ രീതിയില്‍ കാലാള്‍പ്പടയും അണിനിരന്നു. പരേഡിന് കിം ജോങ് ഉന്‍ അഭിവാദ്യം സ്വീകരിച്ചു.
ഉത്തര കൊറിയ ആറാമത്തെ ആണവ പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സൈനിക പരേഡ് നടന്നത്. ആണവ പരീക്ഷണം നടത്താന്‍ തയാറെടുക്കുന്നുവെന്നത് തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇന്നലെ ഉത്തര കൊറിയ ആണവപരീക്ഷണം നടത്തുമെന്നായിരുന്നു കരുതിയത്. ഭൂമിക്കടിയില്‍ ആണവപരീക്ഷണത്തിന് തയാറെടുപ്പ് നടത്തുന്ന ചിത്രങ്ങളാണ് ലഭിച്ചത്. എന്നാല്‍ ഇന്നലെ ഇവിടെ ഭൂചലനം ഉണ്ടായതായി കണ്ടെത്താനായില്ല.
കൊറിയന്‍ തീരത്ത് യു.എസ്.എസ് കാള്‍ വിന്‍സണ്‍ ഉള്‍പ്പെടെ അമേരിക്കയുടെ പടക്കപ്പലുകളും ആക്രമണ സജ്ജരായെത്തിയിരുന്നു. ഉത്തര കൊറിയന്‍ ഭീഷണി നേരിടാന്‍ ചൈന സഹായിച്ചില്ലെങ്കില്‍ അവരുടെ സഹായമില്ലാതെ തങ്ങള്‍ പരിഹാരം കാണുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെ 10 ദിവസത്തെ ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ദക്ഷിണ കൊറിയയില്‍ എത്തുന്നുണ്ട്. കിം ജോങ് ഉന്‍ ചെയ്യുന്നത് വലിയ തെറ്റാണെന്നും ശക്തമായ സൈനിക സന്നാഹത്തെ ഇതു നേരിടാന്‍ അവിടേക്ക് അയക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം ഫോക്സ് ബിസിനസ് നെറ്റ്വര്‍ക്കിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."