ഒന്നാം ദിനത്തില്‍ താരങ്ങളായി തങ്കു പൂച്ചയും സായി ടീച്ചറും
പാലക്കാട്: 'എന്റെ തങ്കു പൂച്ചേ... മിട്ടു പൂച്ചേ... ഇനി സ്‌നേഹത്തോടെ എല്ലാവരും വിളിച്ചേ തങ്കു പൂച്ചേ....' ഒന്നാം ക്ലാസിലെ വിദ്യാര്‍ഥികളോടാണ് ടീച്ചര്‍ പറഞ്ഞതെങ്കിലും ഏറ്റെടുത്തത് മലയാളികള്‍ ഒന്നടങ്കം. ഇന്നലെ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്ലാസ് കുട്ടികളിലും മതിര്‍ന്നവരിലും ഒരുപോലെ കൗതുകമുണര്‍ത്തി.
അധ്യയനവര്‍ഷത്തിലെ ആദ്യദിനത്തില്‍ കുട്ടികളുടെ കുസൃതിക്കൊഞ്ചലും കുഞ്ഞിക്കരച്ചിലുകളുമുണ്ടായില്ല. പകരം വീട്ടിലിരുന്ന് കുട്ടികളും മാതാപിതാക്കളും സന്തോഷത്തോടെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കാളികളായി. ഇവര്‍ക്കിടയിലാണ് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കുള്ള പാഠങ്ങളുമായി സായി ടീച്ചറുടെ വരവ്. ഈണത്തിലും താളത്തിലും കൊഞ്ചിച്ച് കുട്ടികളെ തൊടാതെ തൊട്ടും ടീച്ചര്‍ ക്ലാസ് പൂര്‍ത്തിയാക്കിയപ്പോഴേക്കും അത് വമ്പന്‍ ഹിറ്റായി.
മലയാളക്കരയും സമൂഹമാധ്യമങ്ങളും ഒരുമിച്ചേറ്റെടുത്തു തങ്കുപ്പൂച്ചയെയും മിട്ടുപ്പൂച്ചയെയും പിന്നെ സായി ടീച്ചറേയും. വാട്‌സ്ആപ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പേജുകളിലുമൊക്കെ ടീച്ചറിന്റെ ക്ലാസ് ഇടം നേടി. കോഴിക്കോട് സ്വദേശിനിയായ സായി ശ്വേത ദിലീപ് ചോമ്പാല ഉപജില്ലയിലെ എല്‍.പി സ്‌കൂള്‍ അധ്യപികയാണ്. കഴിഞ്ഞ വര്‍ഷമാണ് അധ്യാപന ജീവിതത്തിലേക്കുള്ള വരവ്. കഴിഞ്ഞ തവണ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെയാണ് സായി ടീച്ചര്‍ പഠിപ്പിച്ചത്. ഇത്തവണ ഓണ്‍ലൈനായി ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാന്‍ അവസരം കിട്ടിയപ്പോള്‍ അതും ഭംഗിയായി തുടങ്ങി. വരും ദിവസങ്ങളിലുമുണ്ട് ടീച്ചറുടെ ക്ലാസുകള്‍. അധ്യാപനത്തിനൊപ്പം നൃത്തം ഇഷ്ടപ്പെടുന്ന സായി ടീച്ചര്‍ നര്‍ത്തകി കൂടിയാണ്. ടിക്‌ടോക് വിഡിയേകളിലൂടെയും താരമാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."