ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു.
ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെത്തി സ്ഥാനമൊഴിയുന്ന ടോം ജോസില്‍ നിന്നാണ് വിശ്വാസ് മേത്ത ചുമതല ഏറ്റെടുത്തത്. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടി. കെ. ജോസ്, ആശാ തോമസ്, രാജഷ് കുമാര്‍ സിങ്, അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചീഫ് ഇലക്ട്രല്‍ ഓഫിസറുമായ ടിക്കറാം മീണ, സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന കൊവിഡ് 19 ഉന്നതതല യോഗത്തില്‍ പുതിയ ചീഫ് സെക്രട്ടറി പങ്കെടുത്തു. കഴിവിനനുസരിച്ച് സംസ്ഥാനത്തെ സേവിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.
കൊവിഡിനെതിരായ പോരാട്ടം ജനകീയ യുദ്ധമായി മാറണമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."