വിക്ടേഴ്‌സ് ചാനല്‍: ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന തരംതാണതെന്ന് വി.എസ്
തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തരംതാണതാണെന്ന് മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. ഐ.ടി അറ്റ് സ്‌കൂള്‍ എന്ന ആശയം രൂപപ്പെടുന്നത് പ്രൊഫസര്‍ യു.ആര്‍ റാവു അധ്യക്ഷനായ ഒരു കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്.
ആ സമിതിയെ നിയോഗിച്ചത് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതും വിദ്യാഭ്യാസത്തില്‍ ഐടിയുടെ സാന്നിദ്ധ്യം ഉറപ്പാക്കിയതും നായനാര്‍ സര്‍ക്കാരിന്റെ കാലത്താണെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ മൈക്രോസോഫ്റ്റിനു വേണ്ടി പാഠപുസ്തകങ്ങളടക്കം തയ്യാറാക്കിയപ്പോള്‍ അതിനെ എതിര്‍ത്തതും സ്വതന്ത്ര സോഫ്റ്റ്‌വേറിനു വേണ്ടി പോരാട്ടം നടത്തിയതും എല്‍.ഡി.എഫ് സര്‍ക്കാരാണ്. അതിന്റെ ഫലമായിട്ടാണ് ഇന്ന് സ്‌കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിലെ വിദ്യാഭ്യാസമേഖല സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാന്‍ തീരുമാനിക്കുന്നതും, അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിക്ക് അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് താന്‍ കത്തെഴുതുന്നതും, അതേത്തുടര്‍ന്ന് ആന്റണി പ്രസ്തുത തീരുമാനം ഉപേക്ഷിക്കുന്നതും.
തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരാണ് വിക്ടേഴ്‌സ് ചാനല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. വിക്ടേഴ്‌സ് ചാനലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് 2006 ഓഗസ്റ്റില്‍ താനാണെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."