ഇസ്‌ലാമോഫോബിയക്കെതിരെ മുന്നറിയിപ്പുമായി ഒ.ഐ.സി
റിയാദ്: ഇസ്‌ലാമോഫോബിയക്കെതിരെ ഒന്നിക്കാന്‍ ആഹ്വാനവുമായി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇസ്‌ലാമിക സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്‍. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ചേര്‍ന്ന ഒ.ഐ.സി വിദേശ മന്ത്രിമാരുടെ അടിയന്തര യോഗമാണ് ഇസ്‌ലാമോഫോബിയയും വിദ്വേഷ പ്രചാരണവും ചെറുത്തില്ലെങ്കില്‍ ലോകത്ത് അരാജകത്വം വ്യാപിക്കുമെന്നു മുന്നറിയിപ്പ്‌നല്‍കിയത്. ഇസ്‌ലാമോഫോബിയയും വിദ്വേഷ പ്രചാരണവും അനുദിനം വര്‍ധിച്ചുവരികയാണെന്നും വ്യത്യസ്ത ആശയ, ചിന്താധാരകള്‍ വെച്ചുപുലര്‍ത്തുന്ന തീവ്ര വലതുപക്ഷ കക്ഷികളെയും സര്‍ക്കാര്‍ വിരുദ്ധ തീവ്രവലതുപക്ഷ കക്ഷികളെയും ഒന്നിപ്പിക്കുന്ന ഘടകം ഇസ്‌ലാമോഫോബിയ ആണെന്നും യോഗം വിലയിരുത്തി. ഇത്തരം കക്ഷികളുടെ എണ്ണം മുമ്പില്ലാത്തവിധം വര്‍ധിച്ചുവരികയാണ്. വിദ്വേഷ പ്രചാരണത്തിന് അടിയന്തരമായി തടയിട്ടില്ലെങ്കില്‍ ലോകത്ത് സുരക്ഷാ ഭദ്രതയും സ്ഥിരതയും സമാധാനവുമുള്ള രാജ്യങ്ങളിലും അരാജകത്വം പ്രത്യക്ഷപ്പെടുമെന്നും യോഗം ഉദ്ഘാടനം ചെയ്ത ഇസ്‌ലാമിക് കോഓപറേഷന്‍ സെക്രട്ടറി ജനറല്‍ യൂസുഫ് അല്‍ഉസൈമിന്‍ മുന്നറിയിപ്പ് നല്‍കി.
വിദ്വേഷ പ്രചാരണവും ഇസ്‌ലാമോഫോബിയയും വിലക്കിയില്ലെങ്കില്‍ ന്യൂസിലന്‍ഡിലെ മസ്ജിദുകളില്‍ ഉണ്ടായതിന് സമാനമായ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരും. ലോകത്ത് സമാധാനത്തോടെ കഴിയുന്ന ജനസമൂഹങ്ങള്‍ക്ക് ഭീഷണിയായി വിദ്വേഷ പ്രചാരണം മാറിയിട്ടുണ്ട്.
തീവ്ര വലതുപക്ഷ ആശയ സംഹിതയുടെ അടിസ്ഥാനത്തിലുള്ള വിദ്വേഷ പ്രചാരണം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാത്രമല്ല ലക്ഷ്യമിടുന്നത്, മറിച്ച്, പാശ്ചാത്യ ലിബറല്‍, ജനാധിപത്യ രാജ്യങ്ങളെയും അത് ലക്ഷ്യമിടുന്നു. വംശീയ വെറി ബാധിച്ച, ഏതു മതവിശ്വാസികളുമായ വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന അക്രമം പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു നേരെ കണ്ണടക്കുന്നതിന് കഴിയില്ല.
പ്രേരകം എന്തു തന്നെയായാലും ഈ കൂട്ടക്കുരുതി നടത്തിയ ഭീകരന്‍ ഏറ്റവും കടുത്ത ശിക്ഷ അര്‍ഹിക്കുന്നതായി യൂസുഫ് അല്‍ഉസൈമിന്‍ പറഞ്ഞു. ഭീകരാക്രമണത്തിനു ശേഷം ന്യൂസിലാന്‍ഡ് ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെ ഒ.ഐ.സി പ്രശംസിച്ചു. സംഭവത്തില്‍ ഉടനടി അന്വേഷണം ആരംഭിക്കുകയും രാജ്യത്ത് കഴിയുന്ന മുസ്‌ലിംകള്‍ക്ക് എല്ലാവിധ പിന്തുണകളും നല്‍കിയും എല്ലാ നടപടികളും സ്വീകരിച്ച ന്യൂസിലാന്‍ഡ് ഗവണ്‍മെന്റിനെ നടപടി ഏറ്റവും പ്രശംസനീയമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും തീവ്രവാദ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിന് ശക്തമായ നിയമങ്ങള്‍ നിര്‍മിക്കേണ്ടത് ആവശ്യമാണെന്നും യൂസുഫ് അല്‍ഉസൈമിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."