മൃതദേഹങ്ങളുടെ കൂട്ടുകാരന്‍
നാലുവര്‍ഷം മുന്‍പാണ് കബീര്‍ മക്കയില്‍ ജോലിക്കായെത്തിയത്. ദുബായില്‍ വിസിറ്റ് വിസയില്‍ സന്ദര്‍ശനത്തിലിരിക്കെ ഒരുള്‍വിളിയാളം പോലെ പെട്ടെന്ന് സഊദിയില്‍ ഒരു ജോലിയുണ്ടെന്നും വീട്ടു ഡ്രൈവര്‍ ജോലിയാണെന്നും മനസിലാക്കിയ ഇദ്ദേഹം ഉടന്‍ തന്നെ നാട്ടിലേക്ക് തിരിക്കുകയും സമയം വൈകാതെ തന്നെ വിസ സ്റ്റാമ്പ് ചെയ്ത് മക്കയിലേക്ക് വിമാനം കയറുകയും ചെയ്തു. സ്വദേശി പൗരന്റെ പിതാവിനെ പരിചരിക്കലും നിസ്‌കാരങ്ങള്‍ക്കായി പള്ളികളിലേക്കും മറ്റിടങ്ങളിലേക്കും എത്തിക്കുകയുമായിരുന്നു ജോലി. ഇതിനിടെ സ്‌പോണ്‍സറുടെ പിതാവിന് കിഡ്‌നി രോഗം പിടിപെട്ടു രൂക്ഷമായതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന ജോലി കൂടി തന്റെ ചുമലില്‍ വന്നു. ഇതോടെയാണ് തന്റെ മക്ക ജീവിതത്തില്‍ ഒരു ടേണിങ് പോയിന്റ് ഉണ്ടായതെന്ന് കബീര്‍ പറയുന്നു.
സ്ഥിരമായി ആശുപത്രിയില്‍ പോകാന്‍ തുടങ്ങിയതോടെ ആശുപത്രി ചുറ്റുപാടുകളും മറ്റും കൂടുതല്‍ പരിചയപ്പെടാനും ആശുപത്രി അധികൃതരുമായും വകുപ്പ് മേധാവികളുമായി ബന്ധപ്പെടാനും തുടങ്ങിയതോടെ ഈ മേഖലയില്‍ തന്റെ സേവന മനസ്സ് സ്വയം കണ്ടറിയുകയായിരുന്നു. ഇതിനിടെ അസുഖം ബാധിച്ച് അദ്ദേഹം മരണപ്പെട്ടപ്പോള്‍ ചെയ്തുകൂട്ടിയ മരണാനന്തര കര്‍മ്മങ്ങള്‍ തന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാകുകയായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോള്‍ അന്ധാളിച്ചു നിന്ന മക്കളുടെ ഇടയിലേക്ക്, മരണാനന്തര കര്‍മങ്ങള്‍ ചെയ്തപ്പോള്‍ മകനായ സ്‌പോണ്‍സര്‍, കബീറിന്റെ ഈ മേഖലയിലെ ധൈര്യവും സാമര്‍ഥ്യവും മനസിലാക്കി ഇതിനായി കൂടുതല്‍ പ്രചോദനം നല്‍കി. ഇതോടെയാണ് മൃതദേഹ പരിപാലന രംഗത്തേക്കുള്ള കബീറിന്റെ പ്രവേശനം.
ഇപ്പോഴും യാതൊരു മടുപ്പും കൂടാതെ അനുസ്യൂതമായി തുടരുകയാണ് അത്. ഇക്കാര്യത്തില്‍ കബീറിന്റെ സമര്‍പ്പണവും കഴിവും തിരിച്ചറിഞ്ഞ സ്‌പോണ്‍സര്‍ ഇക്കാര്യങ്ങള്‍ ചെയ്തു കൊടുക്കാനുള്ള സ്ഥലങ്ങളുമായി ബന്ധപ്പെടുത്തുകയും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തതോടെ മൃതദേഹ പരിപാലനം ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്നു. മൂന്നര വര്‍ഷത്തിനിടക്ക് കബീറിന്റെ കരങ്ങളിലൂടെ പരിപാലനം ചെയ്യപ്പെട്ട മൃതദേഹങ്ങളുടെ എണ്ണം കൃത്യമല്ലെങ്കിലും ഏകദേശം ആയിരത്തി അഞ്ഞൂറോളം വരുമെന്ന് കബീര്‍ പറയുന്നു.
ഹജ്ജ് സമയത്ത് മക്കയില്‍ മരിച്ചുപോയ നൂറു കണക്കിന് ആളുകളുടെ മൃതദേഹങ്ങളാണ് ഈ കാസര്‍കോട്ടുകാരന്‍ കുളിപ്പിച്ച് ഖബറടക്കിയിട്ടുള്ളത്. കഴിഞ്ഞ ഹജ്ജ് വേളയില്‍ മാത്രം 534 മൃതദേഹങ്ങളാണ് ഖബറടക്കിയത്. ഇതില്‍ 172 ഇന്ത്യക്കാരുമുണ്ട്. 21 മലയാളികളും കബീറിന്റെ സഹായത്തിലാണ് മറമാടപ്പെട്ടത്. ഹജ്ജ് പെരുന്നാള്‍ ദിവസം സുബ്ഹിക്ക് ഖബറടക്കിയത് 29, ളുഹറിന് 33, അസറിന് 18, മഗ്‌രിബിന് 43 ഇശായ്ക്ക് 12 അങ്ങനെ മൊത്തം 123 മൃതദേഹങ്ങളാണ് കുളിപ്പിച്ച് കബറടക്കിയത്. പെരുന്നാളിന്റെ ആഘോഷം പോലും മാറ്റിവച്ച് മണ്ണ് പുരണ്ട വസ്ത്രവുമായി പുണ്യഭൂമിയില്‍ വച്ച് ഒരുപാട് പുണ്യങ്ങള്‍ വാരിക്കൂട്ടി കബീറും മാറി മാറി വരുന്ന 'വിഖായ' സഹായികളും അന്നത്തെ പെരുന്നാള്‍ സുദിനം ഇങ്ങനെയാണ് കൊണ്ടാടിയത്.
പേരോ നാടോ ഒന്നുമറിയാത്ത നൂറുകണക്കിന് മൃതദേഹങ്ങളാണ് കബീറിന്റെ കാരങ്ങളിലൂടെ കയറിയിറങ്ങിട്ടുണ്ടാകുക. ഇന്തൊനേഷ്യ, ഈജിപ്ത്, സഊദി, സുഡാന്‍, തുടങ്ങി വിവിധ രാജ്യക്കാരുടെ മൃതദേഹ പരിപാലനവും ഈ ചെറുപ്പക്കാരന്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.
മറയാത്ത അനുഭവങ്ങള്‍
മനസിനെ പിടിച്ചുലച്ച നിരവധി സംഭവങ്ങളും കബീറിന് പങ്കുവയ്ക്കാനുണ്ട്. രണ്ടു ഭാര്യമാരും കുട്ടികളുമടങ്ങുന്ന സ്വദേശിയുടെ രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം പരിപാലനം ചെയ്യാന്‍ മുന്നോട്ടുവന്നത് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തതാണ്. ഫഌറ്റില്‍ പുഴുവരിക്കുന്ന ദുര്‍ഗന്ധം മൂലം അടുക്കാന്‍ പോലുമാവാത്ത വിധത്തിലായ മൃതദേഹത്തെ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ അമാന്തിച്ചു നിന്നപ്പോള്‍ അവിടെയെത്തിയ കബീര്‍ സധൈര്യം മുന്നോട്ടു വന്ന് ആംബുലന്‍സില്‍ കയറ്റാന്‍ നേതൃത്വം നല്‍കി. ഒരു റോഹിന്‍ഗ്യന്‍ പൗരനും ഒരു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനും മാത്രമാണ് മുന്നോട്ട് വന്നത്. സ്വന്തം മക്കള്‍ പോലും മൂക്ക് പൊത്തി ഏറെ അകലം മാറി നിന്നപ്പോള്‍ രണ്ടര മണി മുതല്‍ ഏഴു മാണി വരെ നീണ്ട കുളിപ്പിക്കല്‍, കഫന്‍ ചെയ്യല്‍ തുടങ്ങിയ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ജീവിതത്തില്‍ മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്‍ മരിച്ചാല്‍ പുഴുക്കള്‍ തിന്നുമെന്നത് നേരില്‍ കണ്ടതും തടിച്ചു കൊഴുത്ത അവസാന പുഴുവും മൃതദേഹത്തില്‍ നിന്ന് ഒഴിഞ്ഞു പോയതിനു ശേഷമേ കഫന്‍ ചെയ്യാവൂ എന്നതിനാല്‍ അതിനായി കാത്തിരുന്നതും അസഹനീയമായിരുന്നു.
മക്കയില്‍ ട്രെയിലര്‍ അപകടത്തില്‍ പൊക്കിളിനു മുകളില്‍ ചതഞ്ഞരഞ്ഞ നിലയില്‍ എത്തിച്ച മൃതദേഹത്തിന്റെ പരിപാലനം ചെയ്തതും മറക്കാനാവാത്തതാണ്. ഇപ്പോള്‍ മക്കയില്‍ ആരു മരിച്ചാലും ആരുടെ ഇടയിലും വേഗം പറന്നെത്തുന്ന നാമമാണ് കബീര്‍. യാതൊരു പ്രതിഫലവും വാങ്ങാതെ ഊണും ഉറക്കവുമില്ലാതെ ചെയ്യുന്ന ഈ സേവനത്തിന് തന്റെ സ്‌പോണ്‍സര്‍മാരുടെ അകമഴിഞ്ഞ പിന്തുണയാണ് ഏറെ മുന്നോട്ട് നടക്കാന്‍ പ്രചോദനമായത്.
സൗജന്യ ഡയാലിസിസ് സേവനം
ആദ്യ സ്‌പോണ്‍സറുടെ പിതാവിന്റെ കിഡ്‌നി രോഗത്തെ തുടര്‍ന്ന് മക്കയിലെ അല്‍ നൂര്‍, കിങ് ഫഹദ് ആശുപത്രികളില്‍ നിന്നുണ്ടായ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി ഉംറക്കും ഹജ്ജിനുമെത്തുന്ന നിരവധി പേര്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിലും ഇദ്ദേഹം മുന്‍പന്തിയില്‍ തന്നെ. ഇക്കഴിഞ്ഞ റമദാനില്‍ മാത്രം 22 ഉംറ തീര്‍ത്ഥാടകര്‍ക്കും ഹജ്ജ് സമയത്ത് പതിനാറു പേര്‍ക്കുമാണ് ഡയാലിസിസ് സേവനം സംവിധാനം ചെയ്തു കൊടുത്തത്. ഇപ്പോള്‍ ചില ഗ്രൂപ്പുകള്‍ നാട്ടില്‍ നിന്നു കിഡ്‌നി രോഗികള്‍ ഉണ്ടെങ്കില്‍ അറിയിക്കാറുണ്ടെന്നും അവര്‍ക്കെല്ലാം വേണ്ട സംവിധാനങ്ങള്‍ ചെയ്തു കൊടുക്കുന്നതില്‍ സംതൃപ്തനാണെന്നും കബീര്‍ പറയുന്നു. ഇതിനായി സ്‌പോണ്‍സറുടെ വാഹനമടക്കം വിട്ടുകൊടുക്കുകയും, യാത്രയടക്കം തീര്‍ത്തും എല്ലാം സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്.
അംഗീകാരം
ഇതിനകം നിരവധി അംഗീകാരങ്ങളും കബീറിനെ തേടിയെത്തിയിട്ടുണ്ട്. മക്കയിലെ വിവിധ വകുപ്പുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയും ആത്മാര്‍ത്ഥ സേവനത്തിനു അംഗീകാരം നല്‍കിയും ആദരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് ഈജിപ്തില്‍ നടക്കുന്ന മൃതദേഹ പരിപാലന പരീക്ഷയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് ഇദ്ദേഹം. ആറു പേര്‍ക്കാണ് ഈജിപ്തിലെ അല്‍റയ്യാന്‍ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. സംഘത്തിലെ ഏക ഇന്ത്യകാരനാണ് കബീര്‍. സഊദി, തുര്‍ക്കി, യമന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. കഴിഞ്ഞ ഹജ്ജ് വേളയില്‍ മക്കയില്‍ ഖബറടക്കിയ രംഗങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചാണ് ഈ ആറു പേരെ തിരഞ്ഞെടുത്തത്. ഇപ്പോള്‍ മക്കയിലെ പാലസില്‍ മജ്‌ലിസ് ഒരുക്കുന്നതില്‍ മേല്‍നോട്ടം വഹിക്കുന്നുവെങ്കിലും ഏതു സമയത്തും പുറത്ത് പോയി സേവനം ചെയ്യുന്നതില്‍ സ്‌പോണ്‍സര്‍ക്ക് സന്തോഷമാണുള്ളതെന്നും ഇതിന്റെ പുണ്യമായിരിക്കും അവര്‍ പ്രതീക്ഷിക്കുന്നതെന്നും കബീര്‍ ചൂണ്ടിക്കാണിക്കുന്നു. നാട്ടില്‍ ഭാര്യയും രണ്ടു കുട്ടികളും പിതാവും അടങ്ങുന്ന കബീറിന്റെ കുടുംബം ഈ പ്രവര്‍ത്തനത്തില്‍ ഏറെ സന്തുഷ്ടരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."