അടിച്ചു തകര്‍ക്കുന്നതെന്തിന്..? ചെളി നീക്കിയാല്‍ പോരേ
കഥ ഒന്ന്:
ലക്ഷങ്ങള്‍ വില വരുന്ന ആ കാര്‍ വാങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടില്ല. അപ്പോഴേക്കും അയാളുടെ തീരുമാനം വന്നു: ''ഞാനീ കാര്‍ ഉപേക്ഷിക്കുകയാണ്. എനിക്കിതുവേണ്ടേ വേണ്ടാ...''
വിചിത്രമായ ഈ തീരുമാനത്തില്‍ സ്തബ്ധനായിപ്പോയ സുഹൃത്ത് ചോദിച്ചു: ''അല്ല, നിനക്ക് എന്തിന്റെ കുറവാണ്..? ഇത്രയ്ക്കു മുന്തിയൊരു സാധനം വേണ്ടെന്നുവയ്ക്കുകയോ..?''
''അതെ, വേണ്ടെന്നുതന്നെ. ഈ കാറിന്റെ കോലം കണ്ടില്ലേ.. രണ്ടു ട്രിപ്പടിച്ചപ്പോഴേക്കും ആകെ ചെളി പിടിച്ചു..''
''അതിനെന്താ, കഴുകി വൃത്തിയാക്കിയാല്‍ പോരേ..''
''അതൊന്നും പറഞ്ഞാല്‍ പറ്റില്ല. ചെളിയായത് എനിക്കുവേണ്ടാ..''
''അപ്പോള്‍ തീരെ ചെളി പിടിക്കാത്ത കാറാണോ നിന്റെ ലക്ഷ്യം..''
''അതെ..''
''എങ്കില്‍ നീ തന്നെ അതു കണ്ടുപിടിക്കേണ്ടി വരും.. മാര്‍ക്കറ്റില്‍ അതിന്നേ വരെ ഇറങ്ങിയിട്ടില്ല..''
കഥ രണ്ട്:
തന്റെ 'അടിച്ചാപൊളി' മൊബൈല്‍ അടിച്ചു പൊളിക്കുകയാണ് ആ മനുഷ്യന്‍.. അതുകണ്ടപ്പോള്‍ ഓടിയെത്തിയ ഭാര്യ അയാളുടെ കൈക്ക് പിടിച്ചിട്ടു ചോദിച്ചു: ''എന്താണ് നിങ്ങളീ കാണിക്കുന്നത്..?''
അയാള്‍ പറഞ്ഞു: ''എന്താ നിനക്ക് കണ്ണില്ലേ..? അടിച്ചുതകര്‍ക്കുക തന്നെ..''
''എന്തിന്..?'' മുഖം ചുളിച്ചുകൊണ്ട് ഭാര്യ
''വാങ്ങിയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. അപ്പോഴേക്കും ഇതില്‍ വൈറസ് കയറി...''
''അതിനു മനുഷ്യാ, ഒന്നു ഫോര്‍മാറ്റ് ചെയ്താല്‍ പ്രശ്‌നം കഴിഞ്ഞില്ലേ..''
''ഫോര്‍മാറ്റ് ചെയ്താലൊന്നും പോരാ, അടിച്ചുതകര്‍ക്കണം ഈ സാധനത്തെയൊക്കെ..''
എങ്ങനെയുണ്ട് മറുപടി..?
ഇനി വിഷയത്തിലേക്കു വരാം.
ചെളി പുരണ്ടതിന്റെ പേരില്‍ ഒന്നാമന്‍ തന്റെ കാറ് ഉപേക്ഷിക്കുന്നു. വൈറസ് കയറിയ കാരണം പറഞ്ഞ് തന്റെ വിലപ്പെട്ട മൊബൈല്‍ രണ്ടാമന്‍ അടിച്ചുതകര്‍ക്കുന്നു.. രണ്ടു പേരെയും ബാധിച്ചത് കാര്യമായ അസുഖം തന്നെയാണെന്നായിരിക്കും സര്‍വ ബുദ്ധിമതികളും സമ്മതിക്കുക.
എങ്കില്‍ ചോദിക്കട്ടെ..
കുറ്റം ചെയ്തവരോട് നമ്മില്‍ പലരും കാണിക്കുന്ന സമീപനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഈ രണ്ടു കഥാപാത്രങ്ങളില്‍നിന്ന് എന്ത് വ്യത്യാസമാണ് അവര്‍ വച്ചുപുലര്‍ത്തുന്നത്...? ഒന്നുകില്‍ കുറ്റവാളിയെ എല്ലാ മേഖലയില്‍നിന്നും മാറ്റിനിര്‍ത്തും. അല്ലെങ്കില്‍ അയാളെ നന്നായി കൈകാര്യം ചെയ്യും. ഈ നടപടികള്‍ അംഗീകരിക്കാന്‍ പലര്‍ക്കും പ്രയാസം തോന്നാറില്ല. പലപ്പോഴും ഇത്തരം സമീപനങ്ങള്‍ക്ക് സര്‍വവിധ പിന്തുണ പ്രഖ്യാപിക്കാനും മടിക്കാറില്ല. എങ്കില്‍ പ്രസ്തുത കഥാപാത്രങ്ങളുടെ നിലപാടുകളെയും എന്തുകൊണ്ട് അംഗീകരിച്ചുകൂടാ..?
ഒരിക്കല്‍ ഒരു സൂഫീ ഗുരു ഒരു പറ്റം ആളുകളുടെ സമീപത്തുകൂടെ നടന്നുപോവുകയായിരുന്നു. അവരെല്ലാം കൂടി ഒരു മനുഷ്യനെ അടിച്ചവശനാക്കുന്നുണ്ട്. ചിലര്‍ അയാളെ ചീത്ത വിളിക്കുകയും ചെയ്യുന്നു. എന്താണു സംഭവമെന്നു അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ''ഒരു മഹാപാതകത്തിലകപ്പെട്ട ഒരാളാണിയാള്‍..''
അപ്പോള്‍ ഗുരു ചോദിച്ചു: ''അയാള്‍ കിണറില്‍ അകപ്പെട്ടാല്‍ അയാളെ നിങ്ങള്‍ പുറത്തെടുക്കില്ലേ..?''
അവര്‍ പറഞ്ഞു: ''തീര്‍ച്ചയായും..''
''എങ്കില്‍ നിങ്ങളയാളെ കുറ്റം പറയുകയോ അടിക്കുകയോ ചെയ്യരുത്. ഉപദേശിക്കുകയും നേര്‍വഴി കാണിച്ചുകൊടുക്കുകയും ചെയ്യുക.. അയാളകപ്പെട്ട പാതകത്തില്‍ അകപ്പെട്ടുപോകാതെ നിങ്ങളെ രക്ഷിച്ച ദൈവത്തിന് നിങ്ങള്‍ സ്തുതികളര്‍പ്പിക്കുക.''
''നിങ്ങള്‍ക്കയാളോട് ദേഷ്യമില്ലേ..'' അവര്‍ ചോദിച്ചു.
''എനിക്കദ്ദേഹത്തിന്റെ പ്രവര്‍ത്തിയോട് മാത്രമേ ദേഷ്യമുള്ളൂ. ആ പ്രവര്‍ത്തി അയാള്‍ ഉപേക്ഷിച്ചാല്‍ അവനെന്റെ സഹോദരനാണ്.''
ഗുരുവിന്റെ ഈ പ്രതികരണം കേട്ടപ്പോള്‍ മഹാപാതകം ചെയ്ത ആ മനുഷ്യന്‍ കരഞ്ഞുപോയി. പിന്നെ കൂടുതല്‍ നീട്ടിക്കൊണ്ടുപോയില്ല. തന്റെ പശ്ചാത്താപം അയാള്‍ അവിടെ വച്ചുതന്നെ പ്രഖ്യാപിച്ചു.
തെറ്റുകുറ്റങ്ങള്‍ വൈറസ് പോലെയോ ചെളി പോലെയോ ആണ്. വൈറസ് കയറിയാല്‍ സാധനം ആരും അടിച്ചുതകര്‍ക്കാറില്ല; ഫോര്‍മാറ്റ് ചെയ്യുകയാണു ചെയ്യുക. അതു ചെയ്താല്‍ പഴയ വിശുദ്ധി തിരിച്ചുകിട്ടും. ചെളി പുരണ്ടാല്‍ ആരും സാധനം കേടാക്കുകയോ വലിച്ചെറിയുകയോ ഇല്ല; കഴുകി വൃത്തിയാക്കും. അതോടെ പുതുമ തിരിച്ചുവരികയും ചെയ്യും. വൈറസ് കയറുന്നതും ചെളി പുരളുന്നതും സ്വാഭാവികം. മനുഷ്യനാകുമ്പോള്‍ തെറ്റുകുറ്റങ്ങളുണ്ടാകും. അതിനെല്ലാം അത്തരക്കാരെ ഉപേക്ഷിക്കാനോ നിഷേധാത്മകമായി കൈകാര്യം ചെയ്യാനോ മുതിരുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും വലിയ തെറ്റ്.
തെറ്റ് മാറ്റിക്കൊടുക്കുകയേ വേണ്ടൂ. അതു മാറ്റിക്കൊടുത്താല്‍ വ്യക്തി നിഷ്‌കളങ്കനായി മാറും. പകരം അയാളെ ഉപേക്ഷിച്ചാല്‍ അയാളില്‍നിന്ന് തെറ്റു മായില്ല. അടിച്ചാല്‍ അയാള്‍ ഒന്നുകൂടി വികൃതമാകും. എക്കാലവും തെറ്റുകാരനായി മാത്രം അയാള്‍ അധഃപതിക്കും. അതിലും നല്ലത് അയാളെ തെറ്റുകാരനല്ലാതാക്കുകയല്ലേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."