മണ്ണാര്‍ക്കാട് വലിയപള്ളിയുടെ കുളം വൃത്തിയാക്കല്‍ തുടങ്ങി
മണ്ണാര്‍ക്കാട്: അരനൂറ്റാണ്ടിലധികം പഴക്കമുള്ള കുളം ശുചീകരണം തുടങ്ങി. മണ്ണാര്‍ക്കാട് വലിയ പള്ളിയോട് ചേര്‍ന്നുള്ള അര ഏക്കറോളം വിസ്തൃതിയിലുളള പള്ളിക്കുളമാണ് കനത്ത വേനലില്‍ വൃത്തിയാക്കല്‍ നടത്തുന്നത്. ആറുപതിറ്റാണ്ടിനിപ്പുറം ആരും കാണാത്ത കുളത്തിന്റെ അടിത്തട്ട് കാണാന്‍ നിരവധി പേരാണ് ദിനവും എത്തുന്നത്.
പള്ളിയുടെ ഭീമന്‍ കുളത്തിന്റെ ആഴത്തിനെയും പരപ്പിനേയും സംബന്ധിച്ച് പഴമക്കാരുടെ ഇടയില്‍ വന്‍ കഥകളാണുള്ളത്. ഒരു പ്രദേശത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി പതിറ്റാണ്ടുകളായി നിലനിന്നുപോന്ന പള്ളിക്കുളത്തിന്റെ ഏറെ കാലമായി ചെളി നിറഞ്ഞു വിസ്മൃതിയിലായിരിക്കുകയായിരുന്നു.
രൂക്ഷമായ ജലക്ഷാമങ്ങള്‍ക്കിടയിലും കാലങ്ങളോളം തെളിമ വറ്റാത്ത ജലസംഭരണിയായിരുന്നു പള്ളിക്കുളം. പള്ളിക്ക് ചുറ്റുമുള്ള പ്രദേശ വാസികള്‍ വേനലൊ, മഴയൊ വ്യത്യാസമില്ലാതെ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഈ അടുത്ത കാലം വരെ പള്ളിക്കുളത്തെയായിരുന്നു ആശ്രയിച്ചിരുന്നത്. പിന്നീടുണ്ടായ ജീവിത നിലവാരത്തിലെ മാറ്റങ്ങളില്‍ കുളത്തെ സമീപ വാസികള്‍ അവഗണിച്ചതോടെ കുളം വൃത്തികേടായി മാറുകയായിരുന്നു. വലിയപള്ളി മുതവല്ലി കല്ലടി കുഞ്ഞുമോന്റെ നേതൃത്വത്തിലുളള കമ്മിറ്റി ഡോ. കമ്മാപ്പയുടെ മേല്‍നോട്ടത്തിലാണ് കുളം പൂര്‍ണമായും വറ്റിച്ചു ചെളിമാറ്റി വൃത്തിയാക്കല്‍ തുടങ്ങിയിരിക്കുന്നത്. കുളം വൃത്തിയാക്കലിന് ജനകീയ പിന്തുണകൂടി ലഭിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയിലധികമായി കുളം വൃത്തിയാക്കല്‍ തുടരുകയാണ്. കുളത്തിലെ വെള്ളം അടിച്ച് വറ്റിച്ചതോടെ വേനലവധി ആഘോഷിക്കുന്ന കുട്ടികള്‍ക്ക് മത്സ്യ കൊയ്ത്തു കൂടിയാണ് കുളം വൃത്തിയാക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."