ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം; രണ്ടു കുട്ടികള്‍ക്ക് ഗുരുതര പരുക്ക്
ആലക്കോട് (കണ്ണൂര്‍): നടുവില്‍ ആട്ടുകുളത്ത് ആര്‍.എസ്.എസ് നേതാവിന്റെ വീട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹക് മുതിരമലയില്‍ ഷിബുവിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ഷിബുവിന്റെ മകന്‍ ഗോകുല്‍ (ഏഴ്), അയല്‍വാസിയായ ശിവകുമാറിന്റെ മകന്‍ ഖജന്‍രാജ് (12) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പിന്നാലെ പൊലിസ് നടത്തിയ പരിശോധനയില്‍ വന്‍ ആയുധശേഖരവും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.40ഓടെ വീടിനോടു ചേര്‍ന്ന് പക്ഷിക്കൂട് നിര്‍മിക്കാന്‍ സാധനങ്ങള്‍ പെറുക്കുമ്പോഴായിരുന്നു സ്‌ഫോടനം. ഗുരതരമായി പരുക്കേറ്റ കുട്ടികളെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഗോകുലിന്റെ അരയ്ക്കു താഴെയായി ബോംബിന്റെ ചീളുകള്‍ തറച്ചുകയറിയ നിലയിലാണ്. എസ്.പി ജി. ശിവവിക്രം, ഡിവൈ.എസ്.പി എം. കൃഷ്ണന്‍, കുടിയാന്മല എസ്.ഐ പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം വീട്ടുടമ ഷിബു ഒളിവിലാണെന്ന് പൊലിസ് അറിയിച്ചു. കണ്ണൂരില്‍നിന്ന് ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
സ്‌ഫോടനത്തിനു പിന്നാലെ പൊലിസ് നടത്തിയ പരിശോധനയിലാണ് ആയുധശേഖരം കണ്ടെത്തിയത്. 2350 ഗ്രാം അലൂമിനിയം പൗഡര്‍, 75 ഗ്രാം ഗണ്‍ പൗഡര്‍, നാലു വടിവാള്‍, ഒരു മഴു എന്നിവയാണ് പിടിച്ചെടുത്തത്. ഷിബുവിന്റെ വീടിനോട് ചേര്‍ന്ന് വിറകും, ചകിരിയും അടുക്കി വച്ചിരിക്കുന്ന ഷെഡില്‍ കടലാസില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. ഇവിടെ ബോംബ് നിര്‍മാണം നടക്കുന്നതായുള്ള സൂചനയും പൊലിസിന് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."