മെഡിക്കല്‍ കോളജിനു മേല്‍ ആശങ്കയുടെ കരിനിഴല്‍
കാസര്‍കോട്: യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച കാസര്‍കോട് മെഡിക്കല്‍ കോളജിനു മേല്‍ ആശങ്കയുടെ കരിനിഴല്‍. മെഡിക്കല്‍ കോളജിന്റെ തുടര്‍ പ്രവര്‍ത്തനത്തിനു വേണ്ടി ബജറ്റില്‍ തുക നീക്കിവെക്കാതിരിക്കുകയും മെഡിക്കല്‍ കോളജിനു വേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട ജില്ലയിലെ ഇടതു മുന്നണി നേതൃത്വം വിമുഖത കാണിക്കുകയും ചെയ്യുന്നതോടെയാണ് കാസര്‍കോട് മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിക്കപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച മെഡിക്കല്‍ കോളജുകള്‍ ഉപേക്ഷിക്കുമെന്ന രീതിയിലുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവന വന്നപ്പോള്‍ തന്നെ മെഡിക്കല്‍ കോളജ് നിര്‍മാണം സംബന്ധിച്ച ആശങ്ക ഉയര്‍ന്നതാണ്.
ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കാസര്‍കോടിന്റെ സ്വപ്ന പദ്ധതിയായ മെഡിക്കല്‍ കോളജിനു വേണ്ടി പണം അനുവദിക്കാത്തതോടെ പ്രശ്‌നം സങ്കീര്‍ണ്ണമായിരിക്കുകയാണ്. മെഡിക്കല്‍ കോളജ് ഉപേക്ഷിക്കുമെന്ന ആശങ്ക ഉയര്‍ന്നതോടെ യു.ഡി.എഫ് പ്രതിഷേധവുമായി വന്നുവെങ്കിലും അതും പത്രപ്രസ്താവനയില്‍ ഒതുങ്ങി. മെഡിക്കല്‍ കോളജിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന ജില്ലയിലെ ഇടതു നേതൃത്വം മെഡിക്കല്‍ കോളജ് പ്രശ്‌നത്തില്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട ഇടതു നേതാക്കള്‍ ഇപ്പോഴും മൗനം വെടിഞ്ഞിട്ടില്ല. ബജറ്റു ചര്‍ച്ച കഴിയട്ടെയെന്നാണ് ഇക്കാര്യത്തില്‍ ഇടതു നേതാക്കളുടെ പ്രതികരണം. എന്‍ഡോസള്‍ഫാന്‍ ഇരകളടക്കമുള്ള ജില്ലയിലെ രോഗികള്‍ക്കു പ്രയോജനപ്പെടുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത മെഡിക്കല്‍ കോളജിനു വേണ്ടി രാഷ്ട്രീയ നേതൃത്വം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നാണ് ജനങ്ങളുടെ ആവശ്യം.2013 നവംബര്‍ 30നാണു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാസര്‍കോട് ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളജിനു വേണ്ടി തറക്കല്ലിട്ടത്. തറക്കല്ലിട്ടതിനു ശേഷം തുടര്‍ പ്രവൃത്തികള്‍ നടക്കാതിരിക്കുകയായിരുന്നു.
തുടര്‍ന്നു പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നു 2015 ലാണ് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. 300 കിടക്കകളുള്ള മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 282 കോടി രൂപയാണ് നീക്കിവെച്ചിരുന്നത്. ഇതില്‍ ആദ്യഘട്ടമായി അനുവദിച്ച 74 കോടി രൂപ ഉപയോഗിച്ച് കേരള സര്‍ക്കാര്‍ സ്ഥാപനമായ കിറ്റോകോയാണ് പ്രവൃത്തി തുടങ്ങിയത്.
മുഖ്യമന്ത്രി ഇടപെടണം: ചെര്‍ക്കളം
കാസര്‍കോട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല ആവശ്യപ്പെട്ടു. ഏറെ പ്രതീക്ഷയര്‍പ്പിച്ച മെഡിക്കല്‍ കോളജ് കാസര്‍കോട് നടപ്പാവാതെ പോകുന്നത് നീതികരിക്കാന്‍ കഴിയില്ലെന്നും ചെര്‍ക്കളം വ്യക്തമാക്കി.
ഗൂഢനീക്കം: എം.സി ഖമറുദ്ദീന്‍
കാസര്‍കോട് മെഡിക്കല്‍ കോളജിനെ ഇല്ലായ്മ ചെയ്യാന്‍ ഗൂഡനീക്കം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നതായി മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ പ്രതികരിച്ചു. കാസര്‍കോടിനോട് ഇടതു മുന്നണി കാണിക്കുന്ന പതിവു അവഗണനയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഇടതു നേതൃത്വവും സര്‍ക്കാരും ഇക്കാര്യത്തിലുള്ള മൗനം വെടിയണമെന്നും ഖമറുദ്ദീന്‍ പറഞ്ഞു.
ആശങ്ക അകറ്റണം:
അഡ്വ. സി.കെ ശ്രീധരന്‍
മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണം ത്വരിതഗതിയിലാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരന്‍ പറഞ്ഞു.
പ്രതികരിക്കാനായിട്ടില്ല: ഇടതു നേതൃത്വം
മെഡിക്കല്‍ കോളജ് വിഷയത്തില്‍ പ്രതികരിക്കാനായിട്ടില്ലെന്ന് ഇടതു നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ചോദ്യം ഉയര്‍ന്നപ്പോഴാണ് ഇടതു നേതാക്കള്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരണമില്ലെന്ന് അറിയിച്ചത്. ബജറ്റു ചര്‍ച്ചയും ധനമന്ത്രിയുടെ മറുപടിക്കും ശേഷം പ്രതികരിക്കാമെന്നാണ് ഇടതു നേതൃത്വത്തിന്റെ നിലപാട്.
പ്രതീക്ഷ തകര്‍ത്തു: എം.എസ്.എഫ്
മെഡിക്കല്‍ കോളജിന് ബജറ്റില്‍ പണം നീക്കിവെക്കാത്ത് വിദ്യാര്‍ഥികളുടെയും കാസര്‍കോടെ നിര്‍ദ്ധന രോഗികളുടെയും പ്രതീക്ഷ തകര്‍ത്തതായി എം.എസ്.എഫ് ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. ഹാഷിം ബംബ്രാണി അധ്യക്ഷനായി. ഇര്‍ഷാദ് മൊഗ്രാല്‍, അസീസ് കളത്തൂര്‍, റൗഫ് ബാവിക്കര, സി.ഐ ഹമീദ്, ഇര്‍ഷാദ് പടന്ന, മുഹമ്മദ് കുഞ്ഞി ഉളുവാര്‍ സംസാരിച്ചു.
സമരസമിതി 18നു മുഖ്യമന്ത്രിയെ കാണും
മെഡിക്കല്‍ കോളജ് വിഷയത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ 18 നു മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ധനമന്ത്രിയെയും കണ്ടു ചര്‍ച്ച നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."