അനന്തു വധക്കേസ്: മുഴുവന്‍ പ്രതികളും പിടിയിലായി
തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. കൊഞ്ചിറവിള സ്വദേശി അനന്തു കൊലക്കേസില്‍ ഒളിവിലായിരുന്ന പ്രാവച്ചമ്പലം സ്വദേശി സുമേഷിനെ ഫോര്‍ട്ട് പൊലിസ് ഇന്നലെ രാവിലെയാണ് പിടികൂടിയത്. കേസിലെ പത്താം പ്രതിയാണിയാള്‍. സുമേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കൃത്യത്തില്‍ നേരിട്ട് പങ്കാളിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. ഇതോടെ കേസില്‍ ഉള്‍പ്പെട്ട 14 പേരും പിടിയിലായി. പ്രതികളില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവര്‍ക്കെതിരേ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റിമാന്‍ഡിലുള്ള 13 പേരില്‍ അഞ്ച് പേരെ ഇന്ന് പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് ഇവരെ കൃത്യം നടപ്പാക്കിയ സ്ഥലത്തുള്‍പ്പെടെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തും. കൃത്യം നടപ്പാക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തേണ്ടതുണ്ട്.
ഒളിവില്‍പോയ സുമേഷ് പൊലിസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു. ആദ്യം എറണാകുളത്തേക്കാണ് കടന്നത്. ആലപ്പുഴ സ്വദേശിയായ സുഹൃത്ത് ഇവിടെ പാഴ്‌സല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. എറണാകുളത്ത് നിന്നും മുംബൈ, ഗോവ എന്നിവിടങ്ങളിലേക്കാണ് ഇയാള്‍ കടന്നത്. ഒരു സ്ഥലത്തും താമസിക്കാതെ ട്രെയിനുകളില്‍ മാറി മാറി സ്ഥിരമായി സഞ്ചരിക്കുകയായിരുന്നു. മൊബൈല്‍ സ്വിച്ച് ഓഫും ചെയ്തു. ഒരുതവണ മാത്രമാണ് ഇതിനിടെ ഫോണ്‍ ഓണാക്കിയത്. നമ്പര്‍ ട്രാക്ക് ചെയ്ത അന്വേഷക സംഘത്തിന് ഇയാള്‍ മുംബൈയിലാണെന്ന് മനസിലായി. തുടര്‍ന്ന് അന്വേഷണ സംഘം മുംബൈയിലേക്ക് തിരിച്ചെങ്കിലും വിവരം ലഭിച്ചില്ല.
സുമേഷിന്റെയും ഇയാള്‍ ബന്ധപ്പെടാനിടയുള്ള വ്യക്തികളുടെയും വീടുകള്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഇയാള്‍ വീട്ടിലെത്തിയത്. കൈവശമുണ്ടായിരുന്ന പണം തീര്‍ന്നിരുന്നു. പണം സംഘടിപ്പിച്ച് വീണ്ടും മുങ്ങുക എന്ന ലക്ഷ്യത്തോടെയാണ് തിരികെയെത്തിയത്. എന്നാല്‍ വീടിന് പരിസരത്ത് മഫ്തിയിലുണ്ടായിരുന്ന പൊലിസ് സംഘം തന്ത്രപരമായി സുമേഷിനെ പിടികൂടുകയായിരുന്നു.
കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ വാക്ക്തര്‍ക്കവും തുടര്‍ന്ന് പ്രതികളും അനന്തുവിന്റെ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊല നടത്താന്‍ പ്രേരണയായത്. അരശുംമൂട് തളിയലില്‍ വച്ച് അനന്തുവിനെ തട്ടിക്കൊണ്ടുപോവുകയും നീറമണ്‍കര വനിത പോളിടെക്‌നിക്കിന് സമീപം ബി.എസ്.എന്‍.എല്‍ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍വച്ച് മൃഗീയമായി കൊലപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ 12നായിരുന്നു സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."