പാക് പൗരന്‍മാര്‍ക്ക് നിയന്ത്രണം; മെഡിക്കല്‍ വിസയും നല്‍കില്ല
ന്യൂഡല്‍ഹി: പാകിസ്താന്‍ പട്ടാളക്കോടതി വധശിക്ഷക്കു വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കുന്നതിന് ഇന്ത്യ പാകിസ്താനുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങി. ഇതിന്റെ ഭാഗമായി പാക് പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിസ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡിക്കല്‍ വിസപോലും നല്‍കേണ്ടെന്നാണ് തീരുമാനം.
കുല്‍ഭൂഷണ്‍ ചാരവൃത്തിയിലേര്‍പ്പെട്ടതിനും ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനും തെളിവുണ്ടെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്. ഇക്കാര്യം രേഖകള്‍ സഹിതം ഐക്യരാഷ്ട്ര സഭയില്‍ തെളിയിക്കാനുള്ള പാകിസ്താന്‍ നീക്കത്തിനിടയിലാണ് ഇന്ത്യ വിസ നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നത്. കുല്‍ഭൂഷണ് നിയമസഹായം ലഭ്യമാക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ വീണ്ടും തള്ളിയിട്ടുണ്ട്.
അതിനിടെ, കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനത്തിനായി ഇന്തോ-പാക് നിയമ സഹായ സമിതി പാകിസ്താന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. ഇന്ത്യയിലെയും പാകിസ്താനിലെയും അഭിഭാഷകരുടെ കൂട്ടായ്മയാണിത്. ഇന്ത്യന്‍ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രൊഫ. ഭീം സിങ്ങിന്റെ നേതൃത്വത്തിലാണ് ഹരജിയുടെ കരട് തയാറാക്കിയത്.
ഏപ്രില്‍ 10നാണ് പാകിസ്താന്‍ സൈനിക കോടതി ജാദവിനെ വധശിക്ഷക്ക് വിധിച്ചത്. എന്നാല്‍, വിധിന്യായത്തിന്റെ പകര്‍പ്പ് നല്‍കിയിരുന്നില്ല. അതിനാല്‍, കോടതി വിധി മൗലിക തത്വങ്ങളുടെ ലംഘനമാണെന്നും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ ലംഘനമാണ് ഇതെന്നുമാണ് ഹരജിയില്‍ പറയുന്നത്.
വിധിയുടെ പകര്‍പ്പ് ജാദവിന്റെ ബന്ധുക്കള്‍ക്കോ അഭിഭാഷകര്‍ക്കോ പൊതുജനങ്ങള്‍ക്കോ കൈമാറണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
രാജ്യത്തിനെതിരേ യുദ്ധം ചെയ്തതിന് ജാദവ് കുറ്റക്കാരനാണെന്ന് തെളിഞ്ഞുവെന്ന് മാത്രമാണ് പാകിസ്താന്‍ സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍ വിഭാഗം (ഐ.പി.എസ്.ആര്‍) ഏപ്രില്‍ 10ന് നടത്തിയ പ്രസ്താവനയില്‍ പറയുന്നത്. അദ്ദേഹത്തിന്റെ രാജ്യം ഏതാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."