കുവൈറ്റ് എയര്‍വേയ്സ് വിമാനം വൈകി; യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
നെടുമ്പാശ്ശേരി: അന്താരാഷ്ട വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട കുവൈറ്റ് എയര്‍വേയ്സ് വിമാനം 30 മണിക്കൂറിലേറെ വൈകിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5.30ന് നെടുമ്പാശ്ശേരിയില്‍ നിന്നും കുവൈറ്റിലേക്ക് പുറപ്പെടേണ്ട കെ.യു 352 നമ്പര്‍ വിമാനമാണ് അനിശ്ചിതമായി വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായത്.
ഈ വിമാനത്തില്‍ പുറപ്പെടാനെത്തിയ യാത്രക്കാര്‍ എമിഗ്രേഷന്‍, സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുന്നതിനിടയിലാണ് വിമാനം വൈകുമെന്ന അറിയിപ്പ് ലഭിച്ചത്. വിമാനം പുറപ്പെടുന്നതിന് ഏതാനും സമയം മുന്‍പ് യന്ത്രതകരാര്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് 11 മണിക്ക് പുറപ്പെടുമെന്നുള്ള അറിയിപ്പ് യാത്രക്കാര്‍ക്ക് നല്കി. എന്നാല്‍ 11 മണി കഴിഞ്ഞിട്ടും വിമാനം പുറപ്പെടുന്നതിന് സാധ്യത ഇല്ലാതായതോടെ യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇവരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ രാവിലെ എട്ടിന് ഇവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുമെന്നാണ് വിമാന കമ്പനി അധികൃതര്‍ അറിയിച്ചിരുന്നത്. ഇതിനായി യാത്രക്കാരെ രാവിലെ ആറിന് വിമാനത്താവളത്തില്‍ എത്തിച്ചു. എന്നാല്‍ ഇന്നലെയും യാത്രക്കാരുടെ കാത്തിരിപ്പ് അനിശ്ചിതമായി നീണ്ടതോടെയാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. സ്ത്രീകളും കുട്ടികളും അടക്കം 203 പേരാണ് ഈ വിമാനത്തില്‍ പുറപ്പെടാന്‍ നെടുമ്പാശ്ശേരിയില്‍ എത്തിയിരുന്നത്. വിമാനത്തിന്റെ തകരാന്‍ പരിഹരിക്കാന്‍ വൈകുമെന്ന് വ്യക്തമായതോടെ ഈ യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ കുവൈറ്റിലേക്ക് പോകാന്‍ സൗകര്യം ഒരുക്കുകയായിരുന്നു. ചിലര്‍ യാത്ര റദ്ദാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."