രാഹുല്‍ വന്നാല്‍ ഇടതുപക്ഷം നേരിടുക കടുത്ത പ്രതിസന്ധി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായാല്‍ കേരളത്തില്‍ ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എമ്മും സി.പി.ഐയും നേരിടാന്‍ പോകുന്നത് കടുത്ത പ്രതിസന്ധി.
ദേശീയ തലത്തില്‍തന്നെ സി.പി.എം കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് കേരളത്തില്‍ നിന്നാണ്. അതുപോലെതന്നെ കഴിഞ്ഞ തവണ സി.പി.ഐക്ക് രാജ്യത്ത് ലഭിച്ച ഏക സീറ്റ് കേരളത്തില്‍ നിന്നായിരുന്നു. രാഹുല്‍ഗാന്ധി മത്സരിക്കാനെത്തിയാല്‍ കേരളത്തിലാകെയുള്ള 20 സീറ്റുകളിലും സമാനതകളില്ലാത്ത മത്സരത്തിനായിരിക്കും വേദിയാകുക.
രാഹുല്‍ഗാന്ധി മത്സരിക്കാനെത്തുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിലെ മറ്റു പാര്‍ട്ടികളുടേയും നേതാക്കള്‍ക്കൊപ്പം അണികളും ആവേശത്തിലാണ്. ഇതേ ആവേശം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും പ്രചാരണ പ്രവര്‍ത്തനങ്ങളിലും കണ്ടാല്‍ യു.ഡി.എഫിന്റെ മുന്നേറ്റമായിരിക്കും കേരളത്തിലുണ്ടാകുക. ഇത് മുന്നില്‍ കണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ 20 സീറ്റും തൂത്തുവാരുമെന്ന് പറയുന്നത്.
ഇത്തരത്തിലൊരു സാഹചര്യം കേരളത്തിലുണ്ടായാല്‍ സി.പി.എമ്മും സി.പി.ഐയും ദേശീയ തലത്തില്‍തന്നെ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാകും. ദേശീയ തലത്തില്‍തന്നെ പിന്തള്ളപ്പെട്ടുപോകാതിരിക്കാനാണ് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ശക്തരായ സ്ഥാനാര്‍ഥികളെ ഇത്തവണ സി.പി.എമ്മും സി.പി.ഐയും നിര്‍ത്തിയത്. പരാജയപ്പെട്ടുപോയാല്‍തന്നെ പരമാവധി വോട്ട് സ്വന്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. വോട്ട് ശതമാനം വര്‍ധിപ്പിച്ച് ദേശീയ പാര്‍ട്ടി സ്ഥാനം നിലനിര്‍ത്തുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
കേരളത്തിലും പശ്ചിമബംഗാളിലും 16 വീതം സീറ്റുകളില്‍ ഉള്‍പ്പെടെ ആകെ 45 സീറ്റുകളില്‍ മാത്രമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം മത്സരിക്കുന്നത്. അതില്‍തന്നെ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതും കേരളത്തില്‍നിന്നാണ്. ഈ പ്രതീക്ഷകളാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പായാല്‍ ഇടതുപക്ഷത്തിന് നഷ്ടമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."