ലക്ഷദ്വീപില്‍ മുന്നണികള്‍ക്കെല്ലാം ഇരട്ട സ്ഥാനാര്‍ഥികള്‍
#ജലീല്‍ അരൂക്കുറ്റി
കൊച്ചി: ആദ്യഘട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ണമായപ്പോള്‍ പ്രമുഖ മുന്നണികള്‍ക്കെല്ലാം ഇരട്ട സ്ഥാനാര്‍ഥികള്‍. ദേശീയതലത്തില്‍ സഖ്യമുണ്ടാക്കിയിട്ടുള്ള പാര്‍ട്ടികള്‍ സംസ്ഥാനതലത്തിലും സഖ്യം തുടരുമ്പോള്‍ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലമായ ലക്ഷദ്വീപില്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് പോരാടാനുറച്ച് കച്ചകെട്ടിയിരിക്കുന്നു.
യു.പി.എ സഖ്യകക്ഷികളായ കോണ്‍ഗ്രസും നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലാണ് ഇവിടെ പ്രധാന മത്സരം. ദ്വീപ് സമൂഹത്തില്‍ സ്വാധീനമുള്ള കക്ഷികള്‍ ഇവ രണ്ടുമാണ്.
ഇടതുമുന്നണിയിലെ ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും സഖ്യമുപേക്ഷിച്ച് സ്വന്തം സ്ഥാനാര്‍ഥികളെ ഇറക്കി നേരിട്ട് പോരടിക്കുന്നതും ലക്ഷദ്വീപില്‍ കാണാം. എന്‍.ഡി.എ മുന്നണിയിലെ ജനതാദള്‍ (യു) നേരത്തേ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മത്സര രംഗത്തുണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബി.ജെ.പിക്കും ഇവിടെ ഒരു സ്ഥാനാര്‍ഥിയായി. ഇതോടെ എന്‍.ഡി.എയും പരസ്പരം മാറ്റുരയ്ക്കാന്‍ തയാറായിരിക്കുന്നു.
ദേശീയ തലത്തിലെ മൂന്ന് മുന്നണികള്‍ക്കും ഇരട്ട സ്ഥാനര്‍ഥികള്‍ ഉള്ള ഏക മണ്ഡലമായി ലക്ഷദ്വീപ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കും.
മണ്ഡലം തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് ലക്ഷദ്വീപ് കമ്മിറ്റി പ്രസിഡന്റും മുന്‍ എം.പിയുമായ ഹംദുല്ല സഈദിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. നിലവിലെ എം.പിയും എന്‍.സി.പി നേതാവുമായ പി.പി മുഹമ്മദ് ഫൈസലിനെയാണ് എന്‍.സി.പി വീണ്ടും നിയോഗിച്ചിരിക്കുന്നത്. ലക്ഷദ്വീപ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായ ഹംദുല്ല സഈദിനെ ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്ത് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഹംദുല്ലയെ ഡല്‍ഹിയില്‍ വിളിപ്പിച്ച് സ്ഥാനാര്‍ഥിത്വം ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്തിരുന്നു.
ലക്ഷദ്വീപ് രാഷ്ട്രീയത്തിലെ അതികായനും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ദേശീയനേതാവുമായിരുന്ന പി.എം സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2009 ലെ തെരഞ്ഞെടുപ്പിലാണ് ഹംദുല്ല സഈദ് സ്ഥാനാര്‍ഥിയാകുന്നതും വിജയം നേടുന്നതും. 35കാരനായ ഹംദുല്ല ലക്ഷദ്വീപ് കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോണ്‍ഗ്രസ് പ്രസിഡന്റാണ്. ലക്ഷദ്വീപ് പാര്‍ട്ടി ഘടകം ഒറ്റക്കെട്ടായി ഹംദുല്ലയുടെ പേര് നിര്‍ദേശിച്ചതിനാല്‍ ഹൈക്കമാന്‍ഡിന് സ്ഥാനാര്‍ഥി നിര്‍ണയം എളുപ്പമായിരുന്നു. പി.എം സഈദിന് മരണശേഷവും ദ്വീപ് ജനതയിലുള്ള സ്വാധീനം തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ് ഹംദുല്ലയെ വീണ്ടും മത്സരിപ്പിക്കുന്നതെന്നു വ്യക്തം. 2004ല്‍ പി.എം സഈദിന് നഷ്ടമായ ലക്ഷദ്വീപ് പാര്‍ലമെന്റ് മണ്ഡലം തിരിച്ചുപിടിച്ചുകൊണ്ടാണ് ഹംദുല്ല ശ്രദ്ധേയനായത്. എന്നാല്‍, 2014 ല്‍ എന്‍.സി.പിയുടെ മുഹമ്മദ് ഫൈസലിനോട് അദ്ദേഹം പരാജയപ്പെട്ടു. അതിനുശേഷം പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്‍.ടി.സി.സി അധ്യക്ഷനായി അദ്ദേഹത്തെ ഹൈക്കമാന്‍ഡ് നിയോഗിച്ചു. ജില്ലാ പഞ്ചായത്തും വില്ലേജ് ദ്വീപ് പഞ്ചായത്തുകളും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത് ഹംദുല്ലയ്ക്ക് നേട്ടമായി.
കോണ്‍ഗ്രസില്‍നിന്ന് സീറ്റ് പിടിച്ചെടുക്കാന്‍ കഴിഞ്ഞ പി.പി മുഹമ്മദ് ഫൈസല്‍ എന്‍.സി.പി പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയാണ്. 1,835 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 49,821 പേര്‍ ജനവിധി എഴുതിയ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫൈസല്‍ വിജയിച്ചത്.
ഡോ. കെ.പി മുഹമ്മദ് സാദിഖാണ് ജനതാദള്‍ യു സ്ഥാനാര്‍ഥി. നേരത്തെ ജനതാദള്‍ യു വില്‍ നിന്ന് എന്‍.സി.പിയിലേക്കുപോയ കെ.പി മുഹമ്മദ് സാദിഖ് 2016ല്‍ തിരികെ എത്തി ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്. ലക്ഷദ്വീപ് ജില്ലാപഞ്ചായത്ത് മുന്‍ അംഗമായിരുന്നു.
2004 ല്‍ പി.എം സഈദിനെ ജനതാദള്‍ യു ടിക്കറ്റില്‍ മത്സരിച്ച പി.പൂക്കുഞ്ഞികോയ 71 വോട്ടിന് പരാജയപ്പെടുത്തിയിരുന്നു. പിന്നീട് ജനതാദള്‍ യു വിലെ പ്രവര്‍ത്തകര്‍ എന്‍.സി.പിയിലേക്ക് കൂടുമാറിയതോടെ ജനതാദള്‍ യു ദ്വീപില്‍ അപ്രസക്തമായി.
ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജിയാണ് അവരുടെ സ്ഥാനാര്‍ഥി. മറ്റ് പലരെയും സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നെങ്കിലും അവസാനം ദ്വീപ് ഘടകം പ്രസിഡന്റിനുതന്നെ നറുക്കുവീഴുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 187 വോട്ടാണ് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. കാര്യമായ വേരോട്ടമില്ലെങ്കിലും സി.പി.എമ്മും സി.പി.ഐയും തങ്ങളുടെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിട്ടുണ്ട്. സി.പി.എം സ്ഥാനാര്‍ഥി പാര്‍ട്ടി അഗത്തി ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറിയുമായ എം.പി ഷെറീഫ് ഖാനാണ്. കില്‍ത്താന്‍ ദ്വീപ് സ്വദേശിയായ എ.എം അലി അക്ബറാണ് സി.പി.ഐ സ്ഥാനാര്‍ഥി. ഏപ്രില്‍ 11 ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ലക്ഷദ്വീപില്‍ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്. നാളെ സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി 27.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."